You are Here : Home / USA News

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2016-ലെ പ്രവര്‍ത്തനോദ്ഘാടനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 16, 2016 05:55 hrs UTC

ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2016-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് എട്ടാം തീയതി വൈകിട്ട് 7 മണിക്ക് നോര്‍ത്ത് ലെയ്ക്കിലുള്ള സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് കൗണ്‍സില്‍ രക്ഷാധികാരി ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുമേനി ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. ഈശ്വരപ്രാര്‍ത്ഥന, വേദപുസ്തകവായന, പ്രാര്‍ത്ഥന എന്നിവയെ തുടര്‍ന്ന് വന്ദ്യ കോര്‍എപ്പിസ്‌കോപ്പ സ്കറിയ തെലാപ്പള്ളില്‍ ഏവരേയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗത്തില്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഒരുമയോടെയുള്ള പ്രവര്‍ത്തനം, മുന്‍കാലങ്ങളില്‍ നല്‍കിയതുപോലുള്ള ഹൃദയപൂര്‍വ്വമായ സഹകരണം എന്നിവ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഈവര്‍ഷത്തെ ചിന്താവിഷയമായ 'ഉല്‍കൃഷ്ട ദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍' 1: cor 12:31 എന്നതിനെ അധികരിച്ച് സംസാരിച്ചു. നമ്മുടെ ചിന്തയിലൂടെയും, വാക്കിലൂടെയും, പ്രവര്‍ത്തിയിലൂടെയും ഉല്‍കൃഷ്ടദാനമായ "സ്‌നേഹം' നമ്മുടെ സഹോദരങ്ങളുമായി പങ്കുവെയ്ക്കണമേന്ന് ഉത്‌ബോധിപ്പിച്ചു. തുടര്‍ന്ന് അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഭദ്രദീപം തെളിയിച്ച് 2016-ലെ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. പിതാവ് കൗണ്‍സില്‍ പ്രവര്‍ത്തകരെ അനുമോദിക്കുകയും ലോകനന്മയ്ക്കായി നിയുക്തരാകണം എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. യമനില്‍ നടന്ന ക്രൂരതയെ അപലപിക്കുകയും, ക്രൈസ്തവ വിളി സ്‌നേഹത്തിന്റെ വിളിയാണ്, നാം യമനിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഫാ. ബാബു മഠത്തിപ്പറമ്പില്‍ അഭി. അങ്ങാടിയത്ത് പിതാവിന് നന്ദി അര്‍പ്പിച്ച് പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ബിസിനസ് മീറ്റിംഗില്‍ സെക്രട്ടറി ബെഞ്ചമിന്‍ തോമസ് കഴിഞ്ഞമാസത്തെ മീറ്റിംഗ് മിനിറ്റ്‌സും, ട്രഷറര്‍ മാത്യു മാപ്ലേട്ട് 2016-ലെ ബജറ്റും അവതരിപ്പിച്ചു. ഈവര്‍ഷത്തെ ഭവന നിര്‍മ്മാണ പദ്ധതിയുടെ നറുക്കെടുപ്പ് തദവസരത്തില്‍ നടത്തുകയും ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് അതില്‍ വിജയംവരിക്കുകയും ചെയ്തു. ലോക പ്രാര്‍ത്ഥനാദിനം, കുടുംബസംഗമം, ഭവനനിര്‍മ്മാണ പദ്ധതി, വോളിബോള്‍ ടൂര്‍ണമെന്റ്, ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്, സണ്‍ഡേ സ്കൂള്‍ കലാമേള, കണ്‍വന്‍ഷന്‍, ക്രിസ്തുമസ് ആഘോഷം എന്നിവയാണ് ഈവര്‍ഷത്തെ പരിപാടികള്‍. സെക്രട്ടറി ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു. സമാപന പ്രാര്‍ത്ഥനയെ തുടര്‍ന്നു അഭി. മാര്‍ ജേക്കബ് അങ്ങാടിയത്ത് ആശീര്‍വാദ പ്രാര്‍ത്ഥന നടത്തി. സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിക്കാര്‍ ഒരുക്കിയ സ്‌നേഹവിരുന്നോടെ മീറ്റിംഗ് സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.