You are Here : Home / USA News

ഡാളസിന് കൈത്താങ്ങായി പ്രൊജക്ട് വിഷന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, March 20, 2016 01:23 hrs UTC

ഡാളസ്, യു.എസ്.എ: പ്രൊജക്ട് വിഷന്‍ ഗ്ലോബല്‍ എന്ന സന്നദ്ധസംഘടന ഡാളസ് പ്രദേശത്ത് പ്രകൃതിക്ഷോഭം മൂലം വിഷമിച്ചവര്‍ക്കായി സമാഹരിച്ച പതിനായിരം ഡോളര്‍ ഗാര്‍ലന്‍ഡ്, റൗലറ്റ് മേയര്‍മാര്‍ക്ക് സമ്മാനിച്ചു. മാര്‍ച്ച് 12 നാണ് തുക കൈമാറിയത്. പ്രൊജക്ട് വിഷന്‍ അംഗങ്ങള്‍ ടൊര്‍ണാഡോ മൂലം വിഷമിച്ച വ്യക്തികളെ നേരില്‍കണ്ട് അവരുടെ ആവശ്യങ്ങളില്‍ ഇടപെട്ടശേഷം, ഇക്കാര്യത്തില്‍ സന്മനസ്സുള്ളവരുടെ ഇടയില്‍ നടത്തിയ ധനശേഖരണമാണ് വലിയ വിജയം കൊയ്തത്. ഗാര്‍ലണ്ടിലും റൗലറ്റിലുമുള്ള ദുരിതബാധിതകര്‍ക്ക് പ്രൊജക്ട് വിഷന്റെ നേതൃത്വത്തില്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ കൈമാറുകയും ചെയ്തു. കൂടാതെ, നാശനഷ്ടങ്ങളുണ്ടായിട്ടും സഹായമൊന്നും ലഭിക്കാത്തവരുടെ വിവരങ്ങള്‍ മേയര്‍മാരെ ധരിപ്പിക്കാനും സാധിച്ചു. പ്രൊജക്ട് വിഷന്‍ ഗ്ലോബല്‍ എന്ന് പരക്കെ അറിയപ്പെടുന്ന ടി.പി.വി. ഗ്ലോബല്‍ യു.എസ് എന്ന നോണ്‍ പ്രോഫിറ്റ് സംഘടന പ്രധാനമായും അമേരിക്കയില്‍ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌­നങ്ങള്‍ പരിഹരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. ഇന്‍ഡ്യയിലും നേപ്പാളിലും സേവനം ചെയ്യുന്ന ക്ലരീഷ്യന്‍ സഭാംഗമായ ഡോ.ഫാ.ജോര്‍ജ്ജ് കണ്ണന്താനം ആണ് സംഘടനാ സ്ഥാപകന്‍. ഈ പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടതും ലോക ഗ്ലൂക്കോമ ആചരണ ദിവസമായിരുന്നു. സംഭാവന സ്വീകരിച്ചുകൊണ്ട് റൗലറ്റ് സിറ്റി മേയര്‍ ടോഡ് ഗോട്ടല്‍ പറഞ്ഞു, "ജനങ്ങളില്‍നിന്ന് പിരിച്ചെടുത്ത ഈ തുക തീര്‍ച്ചയായും അര്‍ഹതപ്പെട്ട കരങ്ങളിലെത്തും.' ടൊര്‍ണാഡോ ബാധിതര്‍ക്കായി പണം സമാഹരിക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗാര്‍ലന്‍ഡ് മേയര്‍ ഡഗ്ലസ് ഏതസും അഭിപ്രായപ്പെട്ടു. ഔര്‍ ലേഡി ഓഫ് ദ ലേക് വികാരി ഫാദര്‍ ജെയിംസ് ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ, "ദുരിതബാധിതരെ സഹായിക്കുവാന്‍ ജനങ്ങള്‍ വലിയ ഉത്തരവാദിത്വമാണ് കാട്ടിയത്. ഇക്കാര്യത്തില്‍ യാതൊരു വിവേചനും ഉണ്ടായില്ല.' പലരുടെയും വീടുകള്‍ പൂര്‍ണമായി തകര്‍ന്നെങ്കിലും ജീവന്‍ ആപായപ്പെടാതിരുന്നത് വലിയ ദൈവാനുഗ്രഹമായിയെന്നും അദ്ദേഹം പറഞ്ഞു. ഫ്രിക്‌­സ്മണ്‍ മൈക്കിള്‍ അധ്യക്ഷപ്രസംഗവും സിബി മാത്യു സ്വാഗതവും ചെയ്തു. നന്ദി പ്രകാശനം നടത്തിയത് ജോസഫ് ദേവസ്യയായിരുന്നു. വേള്‍ഡ് മലയാളീ അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസിന്റെ പിറ്റേദിവസം ഡാളസിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ടൊര്‍ണാഡോ പതിനൊന്നുപേരുടെ മരണത്തിനിടയാക്കുകയും ധാരാളം വീടുകളും ദേവാലയങ്ങളും ബിസിനസ്സ് സ്ഥാപനങ്ങളും നശിക്കുന്നതിനിടയാക്കുകയും ചെയ്തു. പല കുടുംബങ്ങളും സ്വന്തമായതെല്ലാം നഷ്ടപ്പെട്ടവരായെങ്കിലും പല സന്നദ്ധ സംഘടനകളും സഹായഹസ്തവുമായെത്തിയിരുന്നു. ഇപ്പോഴും സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. സാധാരണ ജീവിതത്തിലേക്കുള്ള ദുരിതബാധിതരുടെ മടക്കയാത്രയില്‍ ഇത് ഏറെ സഹായകമായി. സിറ്റിയുടെ അധികാരികളുടെ അഭിപ്രായത്തില്‍ അടുത്ത മൂന്ന് വര്‍ഷമെങ്കിലും ആവശ്യമായിവരും എല്ലാം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.