You are Here : Home / USA News

ഫീനിക്‌സില്‍ കുരിശിന്റെവഴി ലൈവായി; വിശുദ്ധവാരാഘോഷങ്ങള്‍ ഭക്തിസാന്ദ്രം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 30, 2016 11:56 hrs UTC

മാത്യു ജോസ്

 

ഫീനിക്‌സ്: ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധ വാരാഘോഷങ്ങള്‍ ഇത്തവണയും ഏറെ പുതുമകളോടെയായിരുന്നു. കുരിശിന്റെ വഴിയിലെ പതിനാല് സ്ഥലങ്ങളും ലൈവായി അവതരിപ്പിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഇത്തവണ ദുഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നത്. പരമ്പരാഗതമായ ശ്ശീവാപ്പാതയിലെ പതിനാല് സ്റ്റേഷനുകള്‍ക്കും ക്രമത്തില്‍ ഓപ്പണ്‍ എയറില്‍ സജീവാവിഷ്കാരം നല്‍കിയാണ് ദുഖവെള്ളിയാഴ്ച വൈകുന്നേരം വിശ്വാസികള്‍ കുരിശിന്റെ വഴിയിലൂടെ പ്രാര്‍ത്ഥിച്ച് നീങ്ങിയത്. ശ്ശീവാപ്പാതയിലെ പ്രാര്‍ത്ഥനകള്‍ക്ക് ഇടവക വികാരി ഫാ. സോണി എട്ടുപറയില്‍ മുഖ്യ നേതൃത്വം നല്‍കി. ചരിത്രസംഭവങ്ങള്‍ക്ക് സജീവാവിഷ്കാരം നല്‍കാന്‍ കഴിഞ്ഞത് ഇടവകയുടെ കൂട്ടായ്മയുടേയും ഐക്യത്തിന്റേയും പ്രതിഫലനമാണെന്ന് ഫാ. സോണി പറഞ്ഞു. ഇടവകയിലെതന്നെ ഇരുപതിലധികം കലാകാരന്മാരും കലാകാരികളും ഒരുമിച്ചു ചേര്‍ന്നാണ് പീഢാനുഭവസംഭവങ്ങള്‍ക്ക് ദൃശ്യാവിഷ്കാരം നല്‍കിയത്. വെറുമൊരു കലാപരിപാടി എന്നതിലുപരിയായി ആത്മീയോന്നതിയിലേക്ക് സഹായകരമാകുന്ന ഒരു ഭക്തകര്‍മ്മമെന്നനിലയിലാണ് "ശ്ശീവാപ്പാതയുടെ' അണിയറ പ്രവര്‍ത്തകരും ഭക്തജനങ്ങളും ഈ സംരംഭത്തെ ഉള്‍ക്കൊണ്ടത്. നോമ്പും ഉപവാസവും അനുഷ്ഠിച്ച് ഈ പുണ്യസംരംഭത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞത് ഏവര്‍ക്കും ഒരു പുത്തന്‍ ആത്മീയാനുഭവമായി മാറുകയും ചെയ്തു. ഏറെ നാളത്തെ പരിശീലനത്തിനുശേഷം "ശ്ശീവാപ്പാത'യ്ക്ക് സജീവാവിഷ്കാരം നല്‍കിയപ്പോള്‍ അലന്‍ ജോര്‍ജ് ക്രിസ്തുവിന്റെ റോളിലും, രേഖാ സണ്ണി പരിശുദ്ധ കന്യകാ മറിയത്തിന്റെ റോളിലും ഏറെ തിളങ്ങി. ഫില്‍സി ജയ്‌സണ്‍ രംഗസംവിധാനം നിര്‍വഹിച്ച ശ്ശീവാപ്പാതയുടെ വിജയത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഏറെ ഉല്ലാസഭരിതരാണ്. ഏറെ സാങ്കേതികത്തികവുകളോടെ ഈ കലാപരിപാടി മറ്റ് വേദികളില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് പ്രവര്‍ത്തകര്‍ ആലോചിക്കുന്നു. ദൃശ്യകലയ്ക്ക് മനുഷ്യമനസുകളെ സ്വാധീനിക്കാന്‍ ഏറെ സാധ്യതകള്‍ ഉള്ളതിനാല്‍ കുരിശിന്റെ വഴി പോലെയുള്ള മിശിഹാ സംഭവങ്ങള്‍ക്ക് ദൃശ്യാവിഷ്കാരം നല്‍കുന്നത് മികച്ച പ്രേക്ഷിതപ്രവര്‍ത്തനമാകുമെന്നാണ് ഇടവകാംഗങ്ങളുടെ അഭിപ്രായം. ഭാഷയ്ക്ക് അതീതമായി വരുംതലമുറകളെ സ്വാധീനിക്കാന്‍കഴിയും വിധം ബൈബിള്‍ സംഭവങ്ങളും, സഭയുടെ മൂല്യങ്ങളും ദൃശ്യവത്കരിക്കാന്‍ സഭാംഗങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും വികാരി ഫാ. സോണി പറഞ്ഞു. മാത്യു ജോസ് (ഫീനിക്‌സ്) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.