You are Here : Home / USA News

ഫിലാഡല്‍ഫിയ അതിരൂപതയുടെ കള്‍ച്ചറല്‍ ഹെറിറ്റേജ് മാസ് വര്‍ണാഭം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, April 11, 2016 11:06 hrs UTC

ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: "ഒരു വിശ്വാസം, ഒരു കുടുംബം, പല ആചാരങ്ങള്‍' എന്ന ആപ്തവാക്യത്തിലൂന്നി ഫിലാഡല്‍ഫിയ അതിരൂപത മാര്‍ച്ച് 19 ശനിയാഴ്ച്ച നടത്തിയ കള്‍ച്ചറല്‍ ഹെറിറ്റേജ് മാസും, സാംസ്കാരികഘോഷയാത്രയും ഭക്തിനിര്‍ഭരവും, വര്‍ണാഭവുമായിരുന്നു. അതിരൂപതയുടെ ഓഫീസ് ഫോര്‍ പാസ്റ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്റ്‌സ് ആന്റ് റഫ്യൂജീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയിലും, സാസ്കാരിക ഘോഷയാത്രയിലും അതിരൂപതയുടെ അജപാലനപരിധിയിലുള്ള വിവിധ രാജ്യങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനു കത്തോലിക്കാവിശ്വാസികള്‍ പങ്കെടുത്തു. അതിരൂപതയുടെ ആസ്ഥാന ദേവാലയവും, കരുണാവര്‍ഷ തീര്‍ത്ഥാടന കേന്ദ്രവുമായ സെയിന്റ്‌സ് പീറ്റര്‍ ആന്റ് പോള്‍ കത്തീഡ്രലില്‍ ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരമണിക്കാരംഭിച്ച സാംസ്കാരികഘോഷയാത്രയില്‍ ഓരോ രാജ്യക്കാരും തങ്ങളുടെ ചര്‍ച്ച് ബാനറുകള്‍ക്ക് പിന്നിലായി പരമ്പരാഗതവേഷങ്ങള്‍ അണിഞ്ഞ് പങ്കെടുത്തു. ഫിലാഡല്‍ഫിയ ആര്‍ച്ചുബിഷപ് അഭിവന്ദ്യ ചാള്‍സ് ഷപ്യൂ ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച് കരുണാവര്‍ഷജൂബിലി സന്ദേശം നല്‍കി. അതിരൂപതയുടെ അജപാലന പരിധിയില്‍ വരുന്ന മൈഗ്രന്റ് കാത്തലിക് കമ്യൂണിറ്റികളൂടെ സ്പിരിച്ച്വല്‍ ഡയറക്ടര്‍മാര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരായി. കേരളീയ കത്തോലിക്കാ പൈതൃകം കാത്തുസൂക്ഷിക്കുന്ന പള്ളികളെ പ്രതിനിധീകരിച്ച് സെ. തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെനി കട്ടേല്‍, സെ. ജൂഡ് സീറോമലങ്കര ഇടവകവികാരി റവ. ഡോ. സജി മുക്കൂട്ട്, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍മാരായ റവ. ഫാ. രാജു പിള്ള, റവ. ഫാ. ഷാജി സില്‍വ എന്നിവരും മറ്റു മൈഗ്രന്റ് കമ്യൂണിറ്റി വൈദികര്‍ക്കൊപ്പം സമൂഹബലിയില്‍ സഹകാര്‍മ്മികരായി. ദിവ്യബലിമധ്യേയുള്ള വിവിധ കര്‍മ്മങ്ങളിലും, പ്രാര്‍ത്ഥനകളിലും, ഗാനശുശ്രൂഷകളിലും, വിവിധ രാജ്യക്കാര്‍ ഭാഗഭാക്കുകളായി. ദിവ്യബലിയ്ക്ക് മുന്‍പുള്ള പ്രവേശനപ്രാര്‍ത്ഥനാഗീതം, ബൈബിള്‍ പാരായണം, കാഴ്ച്ചവയ്പ്പ് പ്രദക്ഷിണം, ബലിവസ്തു സമര്‍പ്പണം, കാഴ്ച്ചവയ്പ്പ് ഗാനങ്ങള്‍, കുര്‍ബാന സ്വീകരണത്തിനുശേഷമുള്ള ഗാനങ്ങള്‍, അഷേഴ്‌സ്, അള്‍ത്താരശുശ്രൂഷകര്‍ എന്നിങ്ങനെ വിവിധ റോളുകള്‍ പല രാജ്യക്കാര്‍ക്കായി വിഭജിച്ചുനല്‍കിയിരുന്നു. കാഴ്ച്ചവയ്പ്പ് സമയത്ത് ഫിലാഡല്‍ഫിയാ സീറോമലബാര്‍ പള്ളിയിലെ സി സി ഡി കുട്ടികള്‍ നൃത്തരൂപേണ അനുധാവനം ചെയ്തതും, മരിയന്‍ മദേഴ്‌സിന്റെ നേതൃത്വത്തില്‍ ആലപിക്കപ്പെട്ട കാഴ്ച്ചവയ്പ്പ് ഗാനവും പുതുമയുള്ളതായിരുന്നു. ഏഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍, ബ്രസീലിയന്‍ മൈഗ്രന്റ് കാത്തലിക്കരെകൂടാതെ നേറ്റീവ് അമേരിക്കന്‍ ഇന്‍ഡ്യന്‍ കത്തോലിക്കരും ക്‌നാനായ, സീറോമലബാര്‍, സീറോമലങ്കര, ലത്തീന്‍ എന്നീ ഭാരതീയ കത്തോലിക്കരും സമൂഹബലിയിലും, സാസ്കാരികഘോഷയാത്രയിലും പങ്കെടുത്ത് തങ്ങളുടെ സംസ്കാരവും പൈതൃകവും മറ്റു സമൂഹങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. മൈഗ്രന്റ്‌സമൂഹങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതിനും, പരസ്പര സ്‌നേഹത്തിലും, സഹകരണത്തിലും വസിക്കുന്നതിനും, ക്രൈസ്തവവിശ്വാസത്തില്‍ ആഴപ്പെടുന്നതിനും, ഓരോ കുടിയേറ്റസമൂഹത്തിന്റെയും മഹത്തായ പൈതൃകം മറ്റുള്ളവര്‍ക്കുകൂടി അനുഭവവേദ്യമാക്കുന്നതിനും ഇതിലൂടെ സാധിച്ചു. ഇന്‍ഡ്യന്‍ കത്തോലിക്കരെ പ്രതിനിധീകരിച്ച് ജോസ് പാലത്തിങ്കല്‍ ദിവ്യബലിയും, സാംസ്കാരിക ഘോഷയാത്രയും ക്രമീകരിക്കുന്നതില്‍ സഹായിച്ചു.

 

ഫോട്ടോ: ജോസ് തോമസ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.