You are Here : Home / USA News

ജൂബിലി നിറവില്‍ കൃതജ്ഞതയോടെ റവ.ഫാ. ആന്റണി തുണ്ടത്തില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 13, 2016 10:42 hrs UTC

ബീന വള്ളിക്കളം

 

ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പത്തുവര്‍ഷം കത്തീഡ്രല്‍ വികാരിയായും, മൂന്നു വര്‍ഷത്തോളം വികാരി ജനാറാളായും സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചതിനുശേഷം ഇപ്പോള്‍ എം.എസ്.ടി സഭയുടെ അമേരിക്കിയിലേയും കാനഡയിലേയും ഡയറക്ടറായിരിക്കുന്ന ഫാ. ആന്റണി തുണ്ടത്തിലിന്റെ പൗരോഹിത്യ രജതജൂബിലിയോടനുബന്ധിച്ച് നടന്ന കൃതജ്ഞതാബലി ഭക്തിനിര്‍ഭരമായി. ഏപ്രില്‍ പത്താംതീയതി ഞായറാഴ്ച കത്തീഡ്രലില്‍ ആന്റണി അച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, കാനഡ എക്‌സാര്‍ക്കേറ്റ് ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. സെബി ചിറ്റിലപ്പള്ളി, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, എം.എസ്.ടി സഭാഗം ഫാ. ജോര്‍ജ് കാവുകാട്ട് എന്നിവര്‍ സഹകാര്‍മികരായി. കത്തീഡ്രലില്‍ നിറഞ്ഞ ഇടവകാംഗങ്ങള്‍ അച്ചന് പ്രാര്‍ത്ഥനാശിസ്സുകള്‍ നേര്‍ന്നു. ആന്റണി അച്ചന് പ്രാര്‍ത്ഥനകളും നന്മകളും സ്‌നേഹപൂര്‍വ്വം ആശംസിച്ച മാര്‍ ജേക്കബ് അങ്ങാടിയത്ത്, അച്ചന്റെ ജീവിത, പൗരോഹിത്യ വഴികളിലെ ഓരോ പടവുകളും, നേട്ടങ്ങളും അതുവഴി സീറോ മലബാര്‍ സമൂഹത്തിന്, പ്രത്യേകിച്ച് ഈ രൂപതയ്ക്ക് ലഭ്യമായ നന്മകളും അതിയായ സന്തോഷത്തോടെ അനുസ്മരിച്ചു. രൂപതയുടെ ആദ്യകാലത്ത് കത്തീഡ്രല്‍ വികാരിയായി സ്ഥാനമേറ്റ സമയത്തുതന്നെ രൂപതാ ഫിനാന്‍സ് ഓഫീസറുടെ ഉത്തരവാദിത്വങ്ങളും സസന്തോഷം നിറവേറ്റിയ ആന്റണി അച്ചന്റെ സേവന മനോഭാവം പ്രശംസയര്‍ഹിക്കുന്നുവെന്ന് പിതാവ് പറഞ്ഞു. അതിമനോഹരമായ കത്തീഡ്രലിന്റെ ഓരോ കല്ലുകളിലും സജ്ജീകരണങ്ങളിലും അച്ചന്റെ കൈയ്യൊപ്പുണ്ടെന്നു പറഞ്ഞ പിതാവ്, ഇടവക ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമായ ഈ കത്തീഡ്രല്‍ നിര്‍മ്മാണത്തിനായി അച്ചന്‍ നടത്തിയ പ്രയത്‌നങ്ങളേയും, വലിയൊരു ഇടവക ജനത്തെ ഒന്നിച്ചു ചേര്‍ത്തു നിര്‍ത്തിയ അച്ചന്റെ കഴിവിനേയും പ്രശംസിച്ചു. ഈ രൂപത എന്നും അച്ചനോടു കടപ്പെട്ടിരിക്കുന്നുവെന്നും, മുന്നോട്ടുള്ള പൗരോഹിത്യ ജീവിതത്തില്‍ ദൈവേഷ്ടപ്രകാരം തുടര്‍ന്നും ജീവിക്കാനുള്ള അനുഗ്രഹങ്ങള്‍ പരമകാരുണികനായ ദൈവം നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും പിതാവ് പറഞ്ഞു. കാനഡ എക്‌സാര്‍ക്കേറ്റ് ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ തന്റെ തിരക്കുകള്‍ക്കിടയിലും ഈ സവിശേഷ കൃതജ്ഞതാബലിയില്‍ സന്തോഷപൂര്‍വ്വം പങ്കുചേരുകയും, ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. കാനഡയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആന്റണി അച്ചനോടുള്ള കടപ്പാടും സ്‌നേഹവും പിതാവ് ഏറെ താത്പര്യത്തോടെ അറിയിച്ചു. വികാരി ജനറാളിന്റെ തിരക്കുകള്‍ക്കിടയിലും എല്ലാ ആഴ്ചയിലും കാനഡയിലേക്ക് വാഹാനമോടിച്ചെത്തി ആത്മീയശുശ്രൂഷകള്‍ നടത്തിയ ആന്റണി അച്ചന് ടൊറന്റോ- മിസ്സിസാഗാ നിവാസികളുടെ പേരില്‍ സവിശേഷമായ ആശംസകളും പിതാവ് അറിയിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ആന്റണി അച്ചന് വളരെ സ്‌നേഹോഷ്മളമായി ആശംസകള്‍ നേര്‍ന്നു. പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ ആന്റണി അച്ചന് നന്ദി അര്‍പ്പിക്കുകയും, അച്ചന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും വിജയത്തിനായി പ്രാര്‍ത്ഥനകളും സഹകരണവും നിശ്ചയമായും ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. ജൂലൈ മാസത്തില്‍ നടക്കുന്ന മാര്‍ത്തോമാശ്ശീഹായുടെ തിരുനാള്‍ ദിനങ്ങളില്‍ ഇടവക ജനത്തിന്റെ മുഴുവന്‍ സാന്നിധ്യത്തില്‍ ആന്റണി അച്ചനെ ആദരിക്കാനുള്ള തീരുമാനം അഗസ്റ്റിന്‍ അച്ചന്‍ അറിയിച്ചത് ഹര്‍ഷാരവത്തോടെ ജനം സ്വീകരിച്ചു. തുടര്‍ന്ന് മറുപടി പ്രസംഗത്തില്‍ ആന്റണി അച്ചന്‍ സ്‌നേഹനിധിയായ മാതാപിതാക്കള്‍ മുതല്‍ നാള്‍വഴികളിലിന്നുവരെ തന്റെ പൗരോഹിത്യജീവിതത്തില്‍ വെളിച്ചമായും, തണലായും, വഴികാട്ടിയായും ഒട്ടനവധി നല്ല മനസ്സുകളെ നല്‍കിയ കരുണാമയനായ ദൈവത്തിന് നന്ദി അര്‍പ്പിച്ചു. സീറോ മലബാര്‍ രൂപതയുടെ തുടക്കംമുതല്‍ സഹകരിക്കുവാനും, ഒരുപാട് കാര്യങ്ങള്‍ ചെയ്യാനും സാധിച്ചതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും, അതിനായി തന്നില്‍ ഏറെ വിശ്വാസമര്‍പ്പിച്ച രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനോടുള്ള സ്‌നേഹവും നന്ദിയും വാക്കുകളില്‍ ഒതുങ്ങുന്നില്ലെന്നും അച്ചന്‍ പറഞ്ഞു. തന്നെ ഒരു കുടുംബാംഗമെന്നപോലെ കരുതി സ്‌നേഹിക്കുകയും, ഇടവകയുടെ പുരോഗതിക്കായും, ആത്മീയ നവീകരണത്തിനായും, പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കുമായി നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകാരികളാവുകയും ചെയ്ത ഏവരേയും പ്രാര്‍ത്ഥനകളില്‍ പ്രത്യേകം ഓര്‍മ്മിക്കുന്നുവെന്നും അച്ചന്‍ സ്‌നേഹപൂര്‍വ്വം അറിയിച്ചു. ഇന്നേദിവസം രണ്ടു പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ച് കൃതജ്ഞതാബലിയര്‍പ്പിക്കുവാന്‍ ലഭിച്ച അനുഗ്രഹം ഹൃദയം നിറയുന്ന അവിസ്മരണീയവും, അവിശ്വസനീയവുമായ ഒരനുഭവമാണെന്നും, ഇത്തരമൊരു വലിയ ദൈവീക ഭാഗ്യത്തിന് തന്നെ നിയോഗിച്ച മാര്‍ അങ്ങാടിയത്ത് പിതാവിനോടും, കൂടെ സ്‌നേഹപൂര്‍വ്വം സഹകരിച്ച മാര്‍ ജോസ് കല്ലുവേലില്‍ പിതാവിനോടും അളവറ്റ കൃതജ്ഞതയുണ്ടെന്നും അച്ചന്‍ പറഞ്ഞു. കുട്ടികള്‍ക്കായുള്ള ഇംഗ്ലീഷ് കുര്‍ബാനയിലും കാര്‍മികത്വം വഹിച്ച അച്ചന്‍ അവരുമായി സമയം ചിലവിടുകയും ചെയ്തു. കുഞ്ഞുങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന ആന്റണി അച്ചനെ ഏറെ ഹര്‍ഷാരവത്തോടെയും, അതിയായ സ്‌നേഹത്തോടെയും അവര്‍ സ്വീകരിക്കുകയും ജൂബിലി ആശംസകള്‍ നേരുകയും ചെയ്തു. തുടര്‍ന്ന് ഇടവക ജനത്തിന്റെ പ്രതിനിധികളായി കൈക്കാരന്മാരായ മനീഷ് തോപ്പില്‍, ഷാബു മാത്യു, ആന്റണി ഫ്രാന്‍സീസ്, പോള്‍ പുളിക്കന്‍ എന്നിവര്‍ അച്ചന് പൂച്ചെണ്ട് നല്‍കി ആദരിച്ചു. ബീന വള്ളിക്കളം അറിയിച്ചതാണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.