You are Here : Home / USA News

ലോക സമാധാനത്തിനായി യത്‌നിക്കുക: ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത

Text Size  

Story Dated: Saturday, April 16, 2016 01:45 hrs UTC

ബിജു ചെറിയാന്‍

 

ന്യൂയോര്‍ക്ക്: യുദ്ധങ്ങളും ഭീകരവാദങ്ങളും, ആഭ്യന്തര കലഹങ്ങളും എന്നത്തേക്കാളേറെ രൂക്ഷമായിരിക്കുന്ന ഇക്കാലയളവില്‍ ലോകസമാധാനത്തിനും, മനുഷ്യത്വപരിരക്ഷയ്ക്കും വേണ്ടി പ്രതിജ്ഞാബദ്ധതയോടെ യത്‌നിക്കുവാന്‍ ഓരോ മനുഷ്യസ്‌നേഹിയും തയാറാവണമെന്ന് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപനും, കേരള ക്രൈസ്തവ എക്യൂമെനിക്കല്‍ മേഖലയിലെ മുന്‍നിരക്കാരനുമായ അഭിവന്ദ്യ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ന്യൂയോര്‍ക്കില്‍ ആഹ്വാനം ചെയ്തു. പുതുഞായറാഴ്ച ദിനത്തില്‍ സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കുര്‍ബാനയര്‍പ്പിച്ചുകൊണ്ട് വിശ്വാസിസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

 

ആധുനിക കാലത്ത് മനുഷ്യന്‍ എല്ലാറ്റിനും തെളിവുകള്‍ അന്വേഷിക്കുന്നു. ശാസ്ത്രസാങ്കേതികതയുടെ വലിയ വളര്‍ച്ചയില്‍ മതങ്ങളും, മതവിശ്വാസങ്ങളുമായി ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ ആയതിന്റെ പ്രതിഫലനങ്ങളാണ്. ശാസ്ത്രവഴിയാണ് ശരിയെന്നു വിശ്വസിക്കുന്ന മനുഷ്യന്‍ ജീവിതം അനന്തമല്ല, ഒരു പരിധിയുള്ളതാണെന്ന നഗ്നസത്യം വിസ്മരിക്കുന്നു. നാമറിയാത്ത ഒരു ദിവസം ഇഹലോക ജീവിതം അവസാനിക്കുമെന്നും, ഒരു നിമിഷം പോലും ആയുര്‍ദൈര്‍ഘ്യത്തോടു കുട്ടിച്ചേര്‍ക്കാന്‍ ആവില്ലെന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പുരോഗതിയുടേയും, സാങ്കേതികതയുടേയും വളര്‍ച്ചയുടെ മറ്റൊരു മുഖം തീവ്രവാദം സാധ്യമാകുന്നു എന്നതാണ്. ടെക്‌നോളജിയുടെ ദുരുപയോഗം വലിയ മനുഷ്യക്കുരുതിയ്ക്ക് കാരണമാകുന്നു എന്നു നാം ദിനംപ്രതി വാര്‍ത്താമാധ്യമങ്ങളിലൂടെ അറിഞ്ഞുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ പാപസ്വഭാവം ദൈവനീതിക്കും പ്രതീക്ഷകള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്നു എന്നു നാം തിരിച്ചറിയുക. പ്രശ്‌നകലുഷിതമായ ഇന്നത്തെ സമൂഹത്തിന്റെ പ്രശ്‌ന പരിഹാരം ഉത്ഥിതനായ ക്രിസ്തുവിന്റെ അതിരില്ലാത്ത സ്‌നേഹം മാത്രമാണ്. നമ്മുടെ ജീവിതത്തില്‍ ഈ സ്‌നേഹം സ്വീകരിക്കുവാന്‍ തയാറാകുമ്പോള്‍ ശാന്തിയും സമാധാനവും ഉണ്ടാകുമെന്ന വിലയ കാഴ്ചപ്പാടില്‍ മുന്നേറാന്‍ വ്യക്തികളും, സഭയും, സമൂഹവും തയാറാവണമെന്ന് മെത്രാപ്പോലീത്ത വ്യക്തമാക്കി. നിങ്ങള്‍ക്ക് സമാധാനം എന്ന മഹദ് വചനം ശിഷ്യരിലൂടെ പകര്‍ന്ന് ലോകസമൂഹത്തിന് നല്‍കിയ ക്രിസ്തുവിന്റെ ശക്തിയാല്‍ നാം ഊര്‍ജ്ജിതരായി പ്രവര്‍ത്തിക്കേണ്ടതാണ്. ഭാരതത്തിന്റെ കാവല്‍പിതാവായ മാര്‍ത്തോമാ ശ്ശീഹാ പകര്‍ന്നു നല്‍കിയ വിശ്വാസദീപം ഇന്ന് മലങ്കര സഭാമക്കള്‍ ലോകമെങ്ങും എത്തിച്ചിരിക്കുന്നു. സ്റ്റാറ്റന്‍ഐലന്റില്‍ ആരാധിച്ചിരുന്ന രണ്ട് ഇടവകകള്‍ ഒന്നിച്ചുചേര്‍ന്ന് ഒരു ഇടവകയായി ഇന്നു പ്രവര്‍ത്തിക്കുന്നത് ക്രൈസ്തവ സമൂഹത്തിന് വലിയൊരു മാതൃകയാണ്. ആത്മീയവും ഭൗതീകവുമായ പുരോഗതി കൈവരിക്കുവാന്‍ ഇടവകയ്ക്ക് കഴിയട്ടെ എന്ന് മെത്രാപ്പോലീത്ത ആശംസിച്ചു. സഭാ ശുശ്രൂഷയോടും, ഭദ്രാസനത്തിന്റെ ഭാരിച്ച ഉത്തരവാദിത്തത്തോടുമൊപ്പം എക്യൂമെനിക്കല്‍ രംഗത്തും, ആതുരശുശ്രൂഷാ മേഖലയിലും തിളക്കമാര്‍ന്ന സേവനം നടത്തിവരുന്ന മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ ചുമതലയാല്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ വിവിധ കേന്ദ്രങ്ങളിലായി നടന്നുവരുന്നു. കോട്ടയം ഭദ്രാസനത്തിന്റെ ആസ്ഥാനമായ സെന്റ് ജോസഫ് കത്തീഡ്രലില്‍ എല്ലാ ചൊവ്വാഴ്ചയും നടന്നുവരുന്ന നടന്നുവരുന്ന പ്രാര്‍ത്ഥനായോഗം സഭാധഭേദമെന്യേ അനേകര്‍ക്ക് ആത്മീയ ചൈതന്യം പകര്‍ന്നുവരുന്നു. പൊന്‍കുന്നത്തും തൂത്തൂട്ടിയിലും പ്രവര്‍ത്തിക്കുന്ന റിട്രീറ്റ് സെന്റര്‍ പ്രാര്‍ത്ഥനയിലൂടെ അനേകര്‍ക്ക് പ്രത്യാശയുടെ കിരണങ്ങള്‍ എത്തിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന "ആശ്രയ' ദിനംപ്രതി നൂറുകണക്കിനാളുകള്‍ക്ക് സൗജന്യ ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്നു. വെല്ലൂര്‍ ഹോസ്പിറ്റലിനോടു ചേര്‍ന്നുള്ള കേന്ദ്രത്തില്‍ അനേകര്‍ക്ക് സൗജന്യമായി താമസിക്കുവാനും, ഉന്നത ചികിത്സയും ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചുവരുന്നു. വടവാതൂരിലുള്ള സ്‌നേഹിത, വെള്ളൂരുള്ള സാന്ത്വനം, മുംബൈ മറോളിയിലുള്ള നെസ്റ്റ് എന്നീ കേന്ദ്രങ്ങള്‍ സമൂഹത്തില്‍ ആരോരുമില്ലാത്ത അനാഥര്‍ക്ക് ആശാകേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. ആതുരശുശ്രൂഷയിലൂടെ യഥാര്‍ത്ഥ ക്രൈസ്തവസാക്ഷ്യം നിര്‍വഹിക്കുന്ന മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്, ഇതര ക്രൈസ്തവ വിഭാഗങ്ങളുമായി നടന്ന എക്യൂമെനിക്കല്‍ സംവാദങ്ങളില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധി തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ പര്യടനം നടത്തിവരുന്ന അദ്ദേഹം ഏപ്രില്‍ 21-നു ഇന്ത്യയിലേക്ക് മടങ്ങും. സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ.ഫാ. രാജന്‍ പീറ്റര്‍, സഹവികാരിമാരായ റവ.ഫാ. വര്‍ഗീസ് മാലിയില്‍, റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല, സെക്രട്ടറി ഷെവലിയാര്‍ ഈപ്പന്‍ മാളിയേക്കല്‍ തുടങ്ങിയവര്‍ മെത്രാപ്പോലീത്തയുടെ ഇടവക സന്ദര്‍ശനത്തിന് ക്രമീകരണങ്ങള്‍ ഒരുക്കി. റവ. ഡീക്കന്‍ വിവേക് അലക്‌സ്, ഷെവലിയാര്‍ സി.കെ. ജോയി തുടങ്ങി ഒട്ടനവധി വിശ്വാസികള്‍ വിശുദ്ധ ആരാധനയില്‍ പങ്കുചേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.