You are Here : Home / USA News

മലേഷ്യന്‍ ആകാശത്തും ഫൈന്‍ ആര്‍ട്‌സ് മലയാളം 'മഴവില്ല്' വിരിയിച്ചു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, April 18, 2016 12:44 hrs UTC

അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ കുടിയേറിയ ഫൈന്‍ ആര്‍ട്‌സ് മലയാളം ക്ലബ്ബ് കടല്‍ കടന്നു മലേഷ്യയിലും വെന്നിക്കൊടി പാറിച്ചു. മലേഷ്യയിലെ ക്വാലാലംപൂരില്‍ കലാസാംസ്‌ക്കാരിക രംഗത്ത് പുകള്‍പെറ്റ ടെംപിള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ ശാന്താനന്ദ ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 9 ശനിയാഴ്ചയാണ് ഫൈന്‍ ആര്‍ട്‌സ് മലയാളം ക്ലബ്ബിന്റെ നാടകമായ മഴവില്‍ പൂത്തത്. അറുപതു വര്‍ഷങ്ങളായി നിലവിലുള്ള കൈരളി ആര്‍ട്‌സിന്റെ വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തവണ അമേരിക്കന്‍ മലയാളികളുടെ നാടകത്തിന് അരങ്ങൊരുങ്ങിയത്. ഇതിനു ചാലകശക്തിയായി പ്രവര്‍ത്തിച്ചത് ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ രക്ഷാധികാരിയും അറുപത്തിയൊന്നു വര്‍ഷം മലേഷ്യയില്‍ ജീവിക്കുകയും അവിടുത്തെ കലാസാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായി നിലകൊള്ളുകയും ഓള്‍ മലേഷ്യ മലയാളി അസോസിയേഷന്റെ (അമ്മ) പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്ത പി.ടി ചാക്കോയാണ്. ടെംപിള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ മഴവില്‍ പൂത്ത് പെയ്തിറങ്ങിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മലേഷ്യന്‍ മലയാളികള്‍ സാങ്കേത്തികതികവാര്‍ന്ന പ്രൊഫഷണല്‍ നാടകത്തിന്റെ വിസ്മയക്കാഴ്ച കണ്ട് നിര്‍വൃതിയിലായി. 1956-ല്‍ രൂപമെടുത്തതിനു ശേഷം 51-ല്‍ പരം കലാരൂപങ്ങള്‍ കാഴ്ച വച്ച കൈരളി ആര്‍ട്‌സ് ക്ലബ്ബിന്റെ അറുപതാം വാര്‍ഷികത്തിന് ഏറ്റവും അനുയോജ്യമായ പരിപാടിയായിരുന്നു ഇത്തവണ അരങ്ങേറിയത്. ഇതിനോടൊപ്പം ഒരു സ്മരണികയും പ്രകാശിപ്പിച്ചിരുന്നു. പ്രസിഡന്റ് സോമനാഥന്‍ മേനോന്‍, സെക്രട്ടറി ശശികുമാര്‍ പൊതുവാള്‍, ട്രഷറര്‍ നന്ദകുമാരന്‍ നായര്‍, മറ്റ് കമ്മിറ്റിയംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫൈന്‍ ആര്‍ട്‌സ് മലയാളം ക്ലബ്ബിന്റെ വ്യത്യസ്തമായ ആവിഷ്്ക്കരണവും, ലൈറ്റപ്പ്, കോസ്റ്റിയൂം, സംഗീതം, രംഗപടം, ഭാവപകര്‍ച്ചകള്‍, വേഷവിധാനങ്ങള്‍, ഫഌഷ് ബാക്കും ഗാനരംഗങ്ങളും വീഡിയോ പ്രസന്റേഷനായി അതാതു രംഗങ്ങളില്‍ സന്നിവേശിപ്പിച്ചത് ആസ്വാദകരുടെ കണ്ണില്‍ വിരുന്നായി. മലേഷ്യന്‍ മലയാളികളായ അനുവാചകര്‍ അതു വരെ അനുഭവിച്ചിട്ടില്ലാത്ത സാങ്കേതികതികവാര്‍ന്ന രംഗാവിഷ്‌ക്കരണത്തിനാണ് ഫൈന്‍ ആര്‍ട്‌സ് മലയാളം അരങ്ങൊരുക്കിയത്. തികഞ്ഞ കലാകാരനായിരുന്ന മലേഷ്യന്‍ മലയാളി ജയദേവന്‍ മേനോന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്. സജിനി സക്കറിയ, അഞ്ജലി ഫ്രാന്‍സിസ്, മോളി ജേക്കബ്, റോയി മാത്യു, ടീനോ തോമസ്, സണ്ണി റാന്നി, ജോസ് കാഞ്ഞിരപ്പള്ളി, ജോര്‍ജ് തുമ്പയില്‍ എന്നിവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത്. ജിജി എബ്രഹാം, എഡിസണ്‍ എബ്രഹാം, സുമന്‍ തോമസ്, ഇന്ദിര തുമ്പയില്‍, പി.ടി ചാക്കോ എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. ഷിബു ഫിലിപ്പ്, ഷൈനി എബ്രഹാം, റെഞ്ചി കൊച്ചുമ്മന്‍, സാമുവല്‍. പി. എബ്രഹാം എന്നിവരുടെ സേവനങ്ങളും നാടകത്തിന്റെ വിജയത്തിനു തുണയായി. സണ്ണി റാന്നി ആയിരുന്നു നാടകനിര്‍മ്മാതാവ്. ജോസ് കാഞ്ഞിരപ്പള്ളി, റെഞ്ചി കൊച്ചുമ്മനും ചേര്‍ന്നു സംവിധാനം നിര്‍വ്വഹിച്ചു. നാടക അവതരണത്തിനായി ന്യൂയോര്‍ക്കില്‍ നിന്നുള്ള 14 അംഗ ടീം നേരിട്ട് മലേഷ്യയില്‍ എത്തുകയായിരുന്നു. അംഗങ്ങളെ കൈരളി ആര്‍ട്‌സ് ക്ലബ്ബിന്റെ ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. പിന്നീട് നടന്ന സത്ക്കാരത്തില്‍ റ്റി.എം. വര്‍ഗീസ്, ഫിലിപ്പ് മാത്യു, നവീന്‍ ചാക്കോ വടക്കേടത്ത്, സത്യന്‍ മേനോന്‍, ദാത്തോ സുശീലാ മേനോന്‍, തന്‍ശ്രീദാത്തോ വി.സി. ജോര്‍ജ്, പി.ടി വറുഗീസ്, ഡോ രാജന്‍ മേനോന്‍, സുകുമാരന്‍, സതീഷ് ചന്ദ്രന്‍ എന്നിവരുള്‍പ്പെടെ മലേഷ്യയിലെ പ്രമുഖരായ മലയാളികള്‍ പങ്കെടുത്തു. സിനിമാ സംവിധായകന്‍ വിജി തമ്പി മുഖ്യാതിഥിയായി പങ്കെടുത്തു. പിന്നീട് സിംഗപ്പൂരില്‍ എത്തിയ സംഘത്തിന് സിംഗപ്പൂര്‍ കൈരളി കലാനിലയവും സ്വീകരണം നല്‍കി. പ്രസിഡന്റ് ഫാമി.എ.ആര്‍ അധ്യക്ഷത വഹിച്ചു. പ്രവാസി എക്‌സ്പ്രസ് ചീഫ് എഡിറ്റര്‍ രാജേഷ്, സുധീരന്‍, ലോയിഡ്, ജോസ് കാഞ്ഞിരപ്പള്ളി, പി.ടി. ചാക്കോ എന്നിവര്‍ സംസാരിച്ചു. സിംഗപ്പൂരില്‍ നിന്നും നാടകം കാണാന്‍ മലേഷ്യയില്‍ എത്തിയവര്‍ തങ്ങള്‍ അനുഭവിച്ച ദൃശ്യാനുഭവം വിവരിച്ചു. നാടകാചാര്യന്‍ എന്‍.എന്‍. പിള്ള, മലേഷ്യയിലെ ആദ്യത്തെ മലയാളി എംപി ഈശ്വരന്‍, വിലാസിനി എന്നിവരെല്ലാം കലയുടെ ദീപ്തവിളക്ക് തെളിച്ചത് സിംഗപ്പൂരില്‍ നിന്നായിരുന്നുവെന്ന് ഫാമി അനുസ്മരിച്ചു. മലേഷ്യയിലെ വന്‍ വിജയമായ നാടകത്തിന്റെ ചുക്കാന്‍ പിടിച്ച, എണ്‍പത്തിനാലാം വയസ്സിലും പ്രസരിപ്പിന്റെ പര്യായമായ പി.ടി ചാക്കോയുടെ ഒറ്റയാള്‍ പ്രയത്‌നത്തിന്റെ വിജയം കൂടിയായിരുന്നു ഈ നാടകത്തിലൂടെ പൂര്‍ത്തിയായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.