You are Here : Home / USA News

വിചാരവേദിയില്‍ സോയാ നായരുടെ കവിതാ ചര്‍ച്ചയും കവിയരങ്ങും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 21, 2016 11:31 hrs UTC

ഏപ്രില്‍ പത്താം തിയ്യതി വൈകിട്ട് ആറരമണിക്ക് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷനില്‍ ഡോ. എന്‍. പി. ഷീലയുടെ അദ്ധ്യക്ഷതയില്‍ കൂടിയ വിചാരവേദിയുടെ സമ്മേളനത്തില്‍ സോയാ നായരുടെ 'ഇണനാഗങ്ങള്‍' എന്ന കവിതാ സമാഹാരം ചര്‍ച്ച ചെയ്യ്തു. കൂടാതെ അമേരിയ്ക്കയിലെ അറിയപ്പെടുന്ന കവികള്‍ അവതരിപ്പിച്ച ചൊല്‍ക്കാഴ്ച ഒരു പ്രത്യേക അനുഭവമായിരുന്നു. സെക്രട്ടറി സാംസി കൊടുമണ്‍ സന്നിഹിതരായവര്‍ക്ക് സ്വാഗതം പറഞ്ഞു തുടങ്ങിയ സമ്മേളനത്തില്‍, മലയാളിക്ക് കലാ സാംസ്­കാരിക രംഗത്ത് കഴിഞ്ഞ രണ്ടു മൂന്നു മാസമായി സംഭവിച്ച തീരാനഷ്ടങ്ങളില്‍ അനുശോചനം അറിയിച്ചു. മലയാളികളുടെ പ്രിയ കവിയായ ഒ.എന്‍.വി കുറുപ്പിന്റെ സ്മരണാത്ഥം അദ്ദേഹത്തിന്റെ "ഗോതമ്പു മണികള്‍' എന്ന കവിത ശ്രി. ശബരിനാഥ് നായര്‍ അതീവ ഹൃദ്യമയി അവതരിപ്പിച്ചൂ. ശ്രി. ജോണ്‍സണ്‍, എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടുമായിരുന്ന ശ്രി. അക്ബര്‍ കക്കട്ടിലിനേയും കുറഞ്ഞ വാക്കുകളില്‍ അനുസ്മരിച്ചു. തുടര്‍ന്ന് സോയാ നായരെ സാംസികൊടുമണ്‍ സദസ്യര്‍ക്ക് പരിചയപ്പെടുത്തി. കാല്പനികതയിലൂന്നി ഏകാന്തനിമിഷങ്ങളെ മധുരമുള്ള നൊമ്പരങ്ങളാക്കുന ഈ കവയിത്രി ഭാവിയുടെ ശുഭ പ്രതീക്ഷയാണെന്നു് അദ്ദേഹം പ്രത്യാശിച്ചു. സോയാ നായര്‍ സദസ്യര്‍ക്കായി സ്വന്തം കവിത അവതരിപ്പിച്ചു. ഡോ. ഷീല തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍, സാഹിത്യം പദ്യമോ ഗദ്യമോ ആയിക്കൊള്ളട്ടെ ഹൃദയത്തിന്റെ പവിത്രീകരണമാണ് അതിന്റെ ലക്ഷ്യമെന്നും , ഭരത മുനി, അഭിനവ ഗുപ്തന്‍, ആനന്ദ വര്‍ദ്ധന്‍, വിശ്വനാഥന്‍ എന്നിവരെ ഉദാഹരിച്ചു പറഞ്ഞു. കാവ്യാനന്ദവും ബ്രഹ്മാനന്ദവും ഇരട്ടകളാണെന്നും അവര്‍ പറഞ്ഞു. ഡോ. നന്ദകുമാര്‍ സോയാ നായരുടെ കവിതയുടെ വിവിധ തലങ്ങളെ ആസ്പതമാക്കി അവതരിപ്പിച്ച പ്രബന്ധം വിജ്ഞന പ്രദം ആയിരുന്നു. കവയിത്രിയോട് ആസ്വാദകന്റെ ഭാഗത്തു നിന്നു കൊണ്ട്, തണല്‍മരം എന്ന കവിതയിലെ വരികളിലൂടെ അദ്ദേഹം ചോദിക്കുന്നു: "പെണ്ണായി പിറന്നതിന്റെ ശപം' എന്തേ സ്ത്രി ബന്ധിതയോ..? ഇത്തരം ചര്‍ച്ചകള്‍ തുലികക്ക് മൂര്‍ച്ചയേകാന്‍ ഉതകട്ടെ എന്നദ്ദേഹം ആശംസിച്ചു. ഡോ. ശശിധരന്‍ സോയാ നായരുടെ കവിതകളെ സമീപിച്ചത് മറ്റൊരു തലത്തിലാണ്. ഭാരതീയ ദര്‍ശനങ്ങളിലൂന്നി. കവിതയുടെ ആത്മാവിലേക്കിറങ്ങിയ അദ്ദേഹം സോയാ നായരുടെ "ഒളിച്ചോട്ടം' ത്തിലൂടെ കടക്കവേ, സനാതന ധര്‍മ്മത്തിന് മദ്ധ്യകാലഘട്ടത്തില്‍ വന്നു ചേര്‍ന്ന അപചയം നമ്മുടെ സമൂഹത്തെ അസമത്വത്തിന്റെ ആഴക്കയങ്ങളിലേക്ക് അമര്‍ത്തുന്നതിന് കരണമായിട്ടുണ്ട് എന്ന് നിരിക്ഷിച്ചു. പ്രതികരിയ്‌ക്കേണ്ട സമയത്ത് സമൂഹത്തില്‍ നടക്കുന്ന അനീതിയ്ക്കും, അധാര്‍മ്മികതയ്ക്കും എതിരെ പ്രതികരിയ്ക്കാതെ ഒളിച്ചോടിയാല്‍ ഭീഷ്മരെപ്പോലെ നാം ഒരോരുത്തരും ശരശയ്യയില്‍ കിടക്കേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ചാരിത്രം' എന്ന കവിത ഉദ്ധരിച്ചു കൊണ്ട്, ചരിത്രബോധമുള്ളവര്‍ക്കേ ചാരിത്ര ബോധം ഉണ്ടാകു എന്നും, നല്ല ചാരിത്രബോധമുള്ള ഭരണാധികാരികള്‍ക്കുമാത്രമേ പ്രബലരായ ഭരണാധികാരികളാകാന്‍ കഴിയുകയുള്ളു എന്നും, ചാരിത്ര ബോധം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇന്ന് രാഷ്ട്രിയ രംഗത്തും, സാംസ്­കാരിക രംഗത്തും സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഏറ്റവും വലിയ അപചയമെന്നും ഡോ. ശശിധരന്‍ ചൂണ്ടിക്കാട്ടി. കാലം ലോകത്തിലാണോ ലോകം കാലത്തിലാണോ വര്‍ത്തിക്കുന്നത് എന്ന ചോദ്യം യുക്തിപൂര്‍വ്വം അനുസന്താനം ചെയ്താല്‍ ­ഉത്തരം ലഭിച്ചാല്‍­ ഇതെല്ലാം തോന്നലുകളാന്നു മനസ്സിലാകും. നര, വയസ്, കരം എന്നീ കുറു കവിതകളെ നന്നായി വിചാരം ചെയ്ത് വിസ്തരിച്ച് വിചിന്തനം ചെയ്കവെ, ആനുകാലികങ്ങളില്‍ കാണൂന്ന ചില പ്രയോഗങ്ങളായ അകാല നര, അകാല ജര, അകാല മരണം, ഇത്തരം പ്രയോഗങ്ങള്‍ വികലമാണന്ന് യുക്തി യുക്തം വേദങ്ങളെ പ്രമാണമാക്കി അദ്ദേഹം സ്ഥാപിക്കയും, അത്തരം പ്രയോഗങ്ങളെ അപലപിക്കയും ചെയ്തു. കര്‍മ്മങ്ങള്‍ ചെയ്യുന്നത് കരണങ്ങള്‍ കൊണ്ടാണ്. കരണങ്ങളെ ബാഹ്യകരണമെന്നും അന്ത:കരണമെന്നും രണ്ടായി തിരിയ്ക്കാം. കരണങ്ങള്‍ കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍, കര്‍മ്മം സംസ്­കാരം ഉണ്ടാക്കുകയും, സംസ്­കാരം വാസനയെ ജനിപ്പിക്കയും ചെയ്യുന്നു. ഈ വാസന വീണ്ടും കര്‍മ്മത്തിലേക്ക് നയിയ്ക്കുന്നു. ഈ ചാക്രിയതയെ പ്രാരാബ്ധം എന്നു വിളിയ്ക്കാം. പ്രാരാബ്ധം ക്ഷയിച്ചാല്‍ ദേഹി മരിച്ചേ തീരു. ഈ പ്രാരാബ്ധക്ഷയം എപ്പോള്‍ സംഭവിച്ചാലും അതു കാലത്തിലാണ്. അതിനെ അകാലത്തിലെന്നു പറയാന്‍ പറ്റില്ല. വേദങ്ങള്‍ പറയുന്നു 'ശതായുര്‍വ്യ പുരുഷാഃ' എന്നാല്‍. (ഒരാളുടെ പരമാവധി ആയുസ്സ് നൂറു വയ്സ്സ്) അതു കഴിഞ്ഞ് മരിച്ചാല്‍ അതിനെ വേണമെങ്കില്‍ അകാല മരണമെന്നു പറയാം. എന്നാല്‍ ആ പ്രയോഗം പോലും വികലമാണന്ന് ഡോ. ശശിധരന്‍ പറഞ്ഞു. സോയാ നായര്‍ കാല്പനികതയുടെ കല്പടുവുകള്‍ കെട്ടിപ്പടുത്ത് അതിനു മുകളില്‍ ഒരു കനക സിംഹസനത്തില്‍ കരയാന്‍ വതുമ്പുന്ന കലങ്ങിയ കണ്ണുകളുമായി കയറി ഇരിയ്ക്കുന്ന ഒരു കവയിത്രിയാണന്നും, അന്തരംഗത്തില്‍ നിറഞ്ഞ കാരുണ്യത്തിന്റെ ആഴക്കയങ്ങളിലെ കാന്തിയാണ് നാം ആ കലങ്ങിയ കണ്ണുകളില്‍ കാണുന്നതെന്നും, ഉള്ളില്‍ തുള്ളുന്ന തരള സ്‌­നേഹത്തിന്റേയും വാത്സ്യല്ല്യത്തിന്റേയും കടല്‍ ഇരമ്പുന്ന സോയ സ്‌­നേഹിക്കുന്ന സ്ര്തി പുമരമാകുന്നു എന്ന സദ് വചനത്തെ അന്യര്‍ത്ഥമാക്കുന്നുണ്ട് എന്നും പറഞ്ഞുകൊണ്ടാണ് ഡോ. ശശിധരന്‍ തന്റെ പ്രസംഗം ഉപസംഹരിച്ചത്. രണ്ടാം ഭാഗത്തില്‍ കവിയരങ്ങിനെത്തിയ കവികളെ ശ്രി. ശബരിനാഥ് നായര്‍ സദസ്യര്‍ക്ക് പരിചയപ്പെടുത്തി. യഥാക്രമം അജിത് നായര്‍ (അമ്മ) ഗില്‍ഡാ സെബാസ്റ്റ്യന്‍ (നഷ്ടപ്രണയം) കെ.കെ. ജോണ്‍സണ്‍(കുരീപ്പുഴ ശ്രികുമാറിന്റെ 'അമ്മ മലയാളം') രവി നായര്‍ (അന്ധന്‍) ബാബു പാറയ്ക്കല്‍ (നിലവിളക്കിന്റെ ഗദ്ഗദം) രാജു തോമസ് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. കവിയരങ്ങു സംഘടിപ്പിച്ച ശബരിനാഥിന് പ്രത്യേക നന്ദി അറിയിച്ചു, ഒപ്പം വിചാരവേദിയില്‍ സംബന്ധിച്ച എല്ലാവരോടും സാംസികൊടുമണ്‍ തന്റെ നന്ദി അറിയിച്ചുകൊണ്ട് യോഗനടപടികള്‍ അവസാനിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.