You are Here : Home / USA News

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഏപ്രില്‍ സമ്മേളനം

Text Size  

Story Dated: Thursday, April 21, 2016 11:33 hrs UTC

മണ്ണിക്കരോട്ട്

 

ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, "മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും' ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്ക'യുടെ ഈ വര്‍ഷത്തെ (2016) ഏപ്രില്‍ സമ്മേളനം 17-നു വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റ്റേറ്റ് ഓഫിസ് ഹാളില്‍ സമ്മേളിച്ചു. ബാബു തെക്കെക്കരയുടെ "പശു' എന്ന കഥയും ടി.എന്‍. സാമുവലിന്റെ "അഭിനവ സുവിശേഷം’ എന്ന കവിതയുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം വിഷുദിനാശംസകളോടെ ആരംഭിച്ചു. അദ്ദേഹം കഥാകൃത്ത് ബാബു തെക്കെക്കരയുടെ കഥകളെക്കുറിച്ചും ടി.എന്‍. സാമുവലിന്റെ കവിതകളെക്കുറിച്ചും ചുരുക്കമായി പരിചയപ്പെടുത്തി. തെക്കെക്കരയുടെ പ്രധാന സാഹിത്യശാഖ കഥാരചനയും ആ വിഭാഗത്തില്‍ പല പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. ടി.എന്‍. സാമുവല്‍ കവിതയും ലേഖനവും എഴുതുന്ന സാഹിത്യകാരനാണ്. അര്‍ത്ഥവും ആഴവുമുള്ള ധാരാളം കവിതകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. തുടര്‍ന്ന് ബാബു തെക്കെക്കര അദ്ദേഹത്തിന്റെ പശു എന്ന കഥ അവതരിപ്പിച്ചു. ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തുന്ന കഥ കേരളത്തിലെ സാധാരണ ഗ്രാമീണരുടെ പൊതുവായ ചിന്താഗതി ഗ്രാമീണ പശ്ചാത്തലത്തില്‍ തന്നെ ആഖ്യാനം ചെയ്യപ്പെട്ടിരുന്നു. ഒരു പാവപ്പെട്ട സ്ത്രീയുടെ പശുവിനെ കാണാതെ പോകുന്നു. അത് ആ ഗ്രാമ ത്തിലെ ഏറ്റവും വലിയ പണക്കാരന്‍ അയാളുടെ വിളവു തിന്നതിന്റെ പകപോക്കാനായി പിടിച്ചു കൊന്നതായിരിക്കു മെന്ന് പൊതുവായി അഭിപ്രായപ്പെടുന്നു. വെറുതെ അങ്ങനെ തീരുമാനിക്കുന്നത് ശരിയല്ലെന്നു കരുതുന്ന നല്ല മനുഷ്യരും ആ ഗ്രാമത്തിലുണ്ട്. അത്തരത്തിലൊരാളാണ് സദാനന്ദന്‍. അയാള്‍ എന്തായാലും പശുവിനെ അന്വേഷിക്കാ മെന്നു തീരുമാനിച്ച് തിരക്കിപോകുകയാണ്. ഏകനായ അയാളുടെ അന്വേഷണം പകലന്തിയോളം പിന്നെ രാത്രിയുടെ പല യാമങ്ങളോളം നീണ്ടു. അവസാനം പശുവിനെ കണ്ടെത്തുന്നു. കേരളത്തിലെ സാധാരാണ ഗ്രാമീണരുടെ പൊതുവായ ചിന്താഗതിയുടെ ഒരു ഭാവനാചിത്രമാണ് ഈ കഥ. നല്ല ഒഴുക്കന്‍ ഭാഷയില്‍ കാവ്യഭംഗിയില്‍ എഴുതിയിരിക്കുന്ന കഥ അനായാസമായി വായിക്കാന്‍ കഴിയുന്നതാണെന്ന് സദസ്യര്‍ വിലയിരുത്തി. തുടര്‍ന്ന് ടി.എന്‍. സാമുവല്‍ അദ്ദേഹത്തിന്റെ "അഭിനവ സുവിശേഷം' എന്ന കവിത അവതരിപ്പിച്ചു. യേശുക്രിസ്തു യോഹന്നാനാല്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചുകഴിയുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും പരിശുദ്ധാ ത്മാവ് പ്രാവിന്റെ രൂപത്തില്‍ അവന്റെ മേല്‍ ഇറങ്ങിവരികയും സ്വര്‍ഗ്ഗത്തില്‍നിന്ന് ഇങ്ങനെ ഒരു സ്വരം ഉണ്ടാകുകയും ചെയ്തു. "നീ എന്റെ പ്രിയപുത്രന്‍ നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.' ഈ വചനം ഇന്ന് അതായത് അഭിനവ സുവിശേഷക്കാരാല്‍ തിരുത്തപ്പെട്ടിരിക്കുകയാണ്. "ഇവര്‍ എന്റെ പ്രിയമക്കള്‍ ഇവരില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.' ഇവര്‍ പ്രസാദിക്കുവാന്‍ എന്താണു വേണ്ടതെന്ന് കൃത്യമായും വ്യക്തമായും ചിത്രീകരിച്ചിരിക്കുകയാണ് ഈ കവിതയില്‍. ... ദൈവത്തിന് കൊടുക്കാന്‍ കല്പിച്ചിട്ടതിനായ് സ്വന്തമേല്‍വിലാസം കൊടുക്കുമിവര്‍ സദൃശ്യവാക്യങ്ങള്‍ക്കും സങ്കീര്‍ത്തനങ്ങള്‍ക്കുമിടയില്‍ സ്വകാര്യമായ് തോക്കുവച്ചിരിക്കുമിവര്‍ ... ദൈവത്തിന്റെ പേരില്‍ ഇന്ന് ജനങ്ങള്‍ കാട്ടിക്കൂട്ടുന്ന അനീതികളിലേക്ക് വിരല്‍ ചൂണ്ടുകയാണ് അഭിനവ സുവിശേഷത്തിലൂടെ കവി ചെയ്തിരിക്കുന്നത്. അതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഈ കവിതയെന്ന് ചര്‍ച്ചയില്‍ വിലയിരുത്തി. തുടര്‍ന്നുള്ള പൊതുചര്‍ച്ച വളരെ സജീവമായിരുന്നു. ചര്‍ച്ചയില്‍ എ.സി. ജോര്‍ജ്, പൊന്നു പിള്ള, ബാബു തെക്കെക്കര, കുര്യന്‍ പന്നപ്പാറ, മാത്യു പന്നപ്പാറ, ജോസഫ് തച്ചാറ, ജോര്‍ജ് ഏബ്രഹാം, സജി പുല്ലാട്, തോമസ് വൈക്കത്തുശ്ശേരി, തോമസ് തയ്യില്‍, ടി.എന്‍, ഫിലിപ്പ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു. അടുത്ത സമ്മേളനം മെയ് 15-നു നടക്കുന്നതാണ്. മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.