You are Here : Home / USA News

ഐ.പി.സി.മിഡ് വെസ്റ്റ് റീജിയന്‍ യുവജന വിഭാഗത്തിനു പുതിയ അമരക്കാര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, May 30, 2015 10:31 hrs UTC

ഐ.പി.സി. നോര്‍ത്ത് അമേരിക്കന്‍ മിഡ് വെസ്റ്റ് റീജിയണ്‍ പി.വൈ.പി.എ.യുടെ പുതിയ നേതൃത്വത്തിനു മെയ് 23 നു കൂടിയ പൊതുയോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ മൂന്നു വര്‍ഷം റീജിയന്‍ പി.വൈ.പി.എ. പ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹമായ സേവനം ചെയ്ത പ്രസിഡന്റ് ബോബി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സെക്രട്ടറി ചാള്‍സ് മാത്യു പോയ വര്‍ഷത്തെ സംക്ഷിത പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് വരവ്-ചിലവ് കണക്കുകളുടെ അവതരണവും നടന്നു.തുടര്‍ന്ന് 2015-18 വരെയുള്ള പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പു നടന്നു. വെസ്ലി ആലുംമൂട്ടില്‍(പ്രസിഡന്റ്), ജെറി രാജന്‍ കല്ലൂര്‍(വൈസ് പ്രസിഡന്റ്), ഡോ. മനു ചാക്കോ(സെക്രട്ടറി), ക്രിസ് മാത്യു(ജോ.സെക്രട്ടറി), ഷോണി തോമസ്(ട്രഷറര്‍), ജിജോ ജോര്‍ജ്ജ്(മീഡിയ), ജോഷിന്‍ ഡാനിയേല്‍(താലന്തു കണ്‍വീനര്‍), എന്നിവരെ കൂടാതെ കമ്മറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വെസ്ലി ആലുംമൂട്ടില്‍ പുത്രികാ സംഘടനയിലൂടെ തന്റെ നേതൃത്വ പാടവം തെളിയിച്ച വ്യക്തിയാണ്. ഐ.പി.സി. ജനറല്‍ പി.വൈ.പി.എ. അഡ്‌ഹോക്ക് കമ്മറ്റിയുടെ മുന്‍ ട്രഷറര്‍, മിഡ് വെസ്റ്റ് പി.വൈ.പി.എ. ട്രഷറര്‍ എന്ന പദവികള്‍ വഹിച്ചതിനുശേഷം ഇപ്പോള്‍ ഐ.പി.സി.ഫാമിലി കോണ്‍ഫറന്‍സിന്റെ നാഷ്ണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ പദവി അലങ്കരിക്കുന്നു. ഐ.പി.സി. മുന്‍ കേരളാ സ്റ്റേറ്റ് ട്രഷറര്‍ ഫിന്നി ആലുംമൂട്ടിലിന്റെ പുത്രനായ ഇദ്ദേഹത്തിന്റെ ഭാര്യ ജെമി, മകള്‍: ഇവാ.
വൈസ്പ്രസിഡന്റ് ജെറി രാജന്‍ മിഡ് വെസ്റ്റ് പി.വൈ.പി.എ.യിലെ പുതുമുഖം ആണെങ്കിലും, കൊട്ടാരക്കര മേഖലാ പി.വൈ.പി.എ.യില്‍ കൂടി നേതൃത്വം നിരയില്‍ വന്ന വ്യക്തിയാണ്. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബിരുദധാരിയും, ഡാളസ് ഐ.പി.സി.ഏബന്‍- ഏസര്‍ സഭാംഗവുമായ ഇദ്ദേഹം ഡാളസ് പി.വൈ.സി.ഡി.യുടെ പ്രവര്‍ത്തന വര്‍ഷത്തെ കമ്മറ്റി അംഗമാണ്.
അനുഗ്രഹീത സംഘാടകനും, പ്രഭാഷകനും ആയ ഡോ.മനു ചാക്കോ ഇത് രണ്ടാം തവയാണു റീജിയന്‍ പി.വൈ.പി.എ.യുടെ എക്‌സിക്യൂട്ടീവ് പദവി അലങ്കരിക്കുന്നത്. പോയ വര്‍ഷത്തിലെ കമ്മറ്റിയില്‍ ഉപാദ്ധ്യക്ഷനായിരുന്ന ഇദ്ദേഹം ആതുര സേവനരംഗത്തെ ഭിഷഗ്വരന്‍ ആണ്. ജോലിയും, ആത്മീക ജീവിതവും സന്തുലിതാവസ്ഥയില്‍ കൊണ്ടുപോകുന്ന ഇദ്ദേഹം ഹ്യൂസ്റ്റണ്‍ ഹെബ്രോന്‍ ഐ.പി.സി. സഭാംഗം ആണ്. ഭാര്യ: ലിന്‍സി, ഏകമകള്‍- മിലാനിയ.
ഐ.പി.സി.ഡാളസ് ഹെബ്രോന്‍ സഭയുടെ യുവജന വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ക്രിസ് മാത്യു, ഗുഡ്‌ന്യൂസ് വാര്‍ത്താ വാരികയുടെ സ്ഥാപകനായിരുന്ന പരേതനായ വി.എം.മാത്യു അവര്‍കളുടെ പേരമകനും, ഐ.പി.സി. ജനറല്‍ കൗണ്‍സില്‍ അംഗം കുര്യന്‍ മാത്യുവിന്റെ പുത്രനുമാണ്. ഡാളസ് സൗത്ത് വെസ്റ്റ് മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റ് വിഭാഗത്തില്‍ ജോലി ചെയ്യുന്നതൊടൊപ്പം യുവജന പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യം ആണ്.
ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ഷോണി മാത്യു ഡാളസ് പി.വൈ.സി.ഡി. എന്ന സംഘടനയുടെ മീഡിയ കോര്‍ഡിനേറ്റര്‍ ആയി സേവനം അനുഷ്ഠിച്ചുവരുന്നു. കേരളാ സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഫിലിപ്പ് പി.തോമസിന്റെ ഇളയമകനായ ഇദ്ദേഹം ഡാളസ് കാല്‍വറി സഭാംഗമാണ്. ഭാരതത്തില്‍ ആലപ്പുഴ സെന്റര്‍ പി.വൈ.പി.എ. പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്വം വഹിച്ചിട്ടുണ്ട്. കംമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്.
മിഡ് വെസ്റ്റ് റീജിയന്‍ യുവജന പ്രവര്‍ത്തനങ്ങളില്‍ പുതുമുഖമായ ജിജോ ജോര്‍ജ്ജ് ഒക്കലഹോമ ഏബനേസര്‍ സഭയുടെ സജീവ അംഗമാണ്. ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്. ഭാര്യ-റെനി.
താലന്തു പരിശോധനയിനങ്ങളുടെ സുഗമമായ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ജോഷിന്‍ ഡാനിയേല്‍ ഹ്യൂസ്റ്റണ്‍ ഐ.പി.സി. സഭാംഗവും, മിഡ് വെസ്റ്റ് റീജിയന്‍ പി.വൈ.പി.എ. യുടെ വിവിധ പദവികള്‍ അലങ്കരിച്ചിട്ടും ഉണ്ട്. ഹ്യൂസ്റ്റണിലെ ഉപദേശ ഐക്യമുള്ള പെന്തക്കോസ്ത് സഭകളുടെ സംഗമ സംഘടനയുടെ കാര്യദര്‍ശിയുമാണ്. ഭാര്യ: ജോളി.
യുവജനങ്ങളില്‍ ആത്മീക ഉത്തേജനം പകരുന്നതിനും, അവരെ മുഖ്യധാരയില്‍ കൊണ്ടുവന്ന് കര്‍മ്മോത്സുകരാക്കുന്നതിനും ഉതകുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.