RAJAN PADAVATHIL
ഫ്ലോറിഡ∙ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡാ 2016 ജനുവരി 9–ാം തിയതി ഡേവി സിറ്റിയിലുളള മാർത്തോമ ഓഡിറ്റോറിയത്തിൽ വെച്ചു ന്യൂഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രസിഡന്റ് രാജൻ പടവത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ വെച്ച് 2016 േലയ്ക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഏബ്രഹാം കളത്തിൽ (സുനിൽ) ഐക്യണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. കലാലയ ജീവിതത്തിൽ തന്നെ സംഘടനാപാടവം തെളിയിച്ച കളത്തിൽ കഴിഞ്ഞ 18 വർഷങ്ങളായി അമേരിക്കയിലെ വിവിധ സംഘടനകളുടെ നേതൃത്വനിരയിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ചു വരുന്നു. ഒരു മികച്ച സംഘാടകനും അതിലുപരി ഒരു തികഞ്ഞ കലാകാരനും കൂടിയായ കളത്തിലിന്റെ നേതൃത്വം എന്തുകൊണ്ടും കൈരളിക്ക് ഒരു വലിയ മുതൽകൂട്ട് തന്നെയാണെന്ന് രാജൻ പടവത്തിൽ അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോർജ് സാമുവൽ (ജോജി) വിവിധ മേഖലകളിൽ വിവിധ സംഘടനകളിലും തന്റെ നേതൃത്വപാടവം തെളിയിച്ചു പ്രശംസ പിടിച്ചു പറ്റിയ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വർഗീസ് സാമുവൽ (അനിൽ) കേരളത്തിലും അമേരിക്കയിലുമായി വിവിധ സംഘടനകളിൽ പ്രവർത്തിച്ചു തന്റെ പ്രവർത്തന പാടവം തെളിയിച്ചിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി മാത്യു ചെറിയാൻ (ബേബിച്ചൻ) ഒരു തികഞ്ഞ കലാകാരനും സംഘാടകനും അതിലുപരി ഒരു വെറ്ററൻ കൂടിയാണ്. ട്രഷറാർ ആയി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് ചാക്കോ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി അമേരിക്കയിൽ വിവിധ സംഘടനകളുടെ നേതൃത്വ സ്ഥാനത്തും ഫൊക്കാനയുടെ റീജിനൽ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുളള വ്യക്തിയാണ്. ജോയിന്റ് ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ഹൗളി പോട്ടൂർ വിദ്യാർത്ഥി ജീവിതത്തിലും കലാലയ ജീവിതത്തിലും തനതായ നേതൃത്വപാടവം തെളിയിച്ച് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അമേരിക്കയിൽ താമസമാക്കിയ ഹൗളി പോട്ടൂർ ഒരു മികച്ച കലാകാരനും പേരെടുത്ത ഒരു ബിസിനസ് മാഗ്നറ്റും അതിലുപരി മലയാള സിനിമാ രംഗത്ത് ഒട്ടനവധി സിനിമകളുടെ പ്രൊഡ്യൂസറുമായി പ്രവർത്തിച്ച് സിനിമാ രംഗത്ത് നിറസാന്നിധ്യമായ ഒരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ്. ഫൊക്കാന വിമൺസ് ഫോറം കേരളാ ചാപ്റ്റർ പ്രസിഡന്റായി ലിബി ഇടിക്കുളയെ തിരഞ്ഞെടുത്തു. മൂന്നു പതിറ്റാണ്ടുകളായി വിവിധ സംഘടനകൾക്ക് നേതൃത്വം വഹിച്ചിട്ടുളള ലിബി ഇടിക്കുള കൈരളിക്ക് ഒരു മുതൽ കൂട്ടുതന്നെയാണ്. ചെയർമാനായി ജേക്കബ് പടവത്തിലിനേയും കമ്മറ്റി അംഗങ്ങളായി മേരി ജോർജ്, മാമ്മൻ ജയ്ക്കബ്, സിജു ഏബ്രഹാം, ജോർജി വർഗീസ്, രജ്ജിത്ത് പറവനാത്ത് എന്നിവരുമാണ്. പുതിയ നേതൃത്വം കൈരളിക്ക് പുതിയ രൂപവും ഭാവവും നൽകുമെന്ന് പടവത്തിൽ അഭിപ്രായപ്പെട്ടു.
Comments