ന്യൂയോര്‍ക്ക്: റെജി എന്ന പേരില്‍ പ്രശസ്തനായ ഏഞ്ചല്‍ മെലഡീസിന്റെ സ്വന്തം ജോസഫ് പാപ്പന് സംഗീതോപാസനയാണ് ജീവിതം. സംഗീതത്തിന്റെ മാസ്മരികവഴികളില് ഇരുപത്തഞ്ചാണ്ട് പൂര്‍ത്തിയാക്കുകയാണ് ജോസഫ് പാപ്പന്. ദേവാലയ ഗായകസംഘത്തില്‍ പാടിത്തുടങ്ങിയ റെജി, കൗമാരം പിന്നിട്ടതേ സംഗീതത്തെ മനസാ വരിക്കുകയായിരുന്നു. ഇന്ന് ക്വയര്‍, സ്റ്റേജ് പ്രോഗ്രാം എന്നിവയുമായി ബന്ധപ്പെട്ട് കേരളത്തിലും അമേരിക്കയിലുമായി ഇദ്ദേഹം ആയിരത്തിലേറെ വേദികള്‍ പിന്നിട്ടിരിക്കുന്നു. നൂറിലധികം ഗാനങ്ങള്‍ രചിച്ച് അവയ്ക്ക് സംഗീതം നല്‍കിയിട്ടുണ്ട്, കീബോര്‍ഡ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ്, സംഗീതസംവിധായകന് എന്നീ നിലകളിലും തിളങ്ങിയിട്ടുള്ള ജോസഫ് പാപ്പന്. സ്വന്തമായി ഗാനങ്ങള്‍ രചിച്ച് അവയ്ക്ക് സംഗീതം നല്കി പഠിപ്പിക്കുകയും കീബോര്‍ഡ് വായിക്കുകയും സൗണ്ട് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുകയും ഓര്‍ക്കസ്ട്ര കണ്ടക്ട് ചെയ്യുകയും തുടങ്ങി സംഗീതത്തിന്റെ എല്ലാ മേഖലകളിലും ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഗാനഗന്ധര്വന് യേശുദാസ്, സെലസ്റ്റിയല്‍ ഗായകന് ബിനോയ് ചാക്കോ, ക്രൈസ്തവ ഗായകന് കെസ്റ്റര്‍, ദലീമ, മധു ബാലകൃഷ്ണന്, സുധീഷ് കുമാര്‍, സ്റ്റീഫന്‍ ദേവസി, കെ പി എ സി സുലോചന തുടങ്ങി പ്രശസ്ത സംഗീതജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000-ല്‍ അമേരിക്കയിലെത്തിയതിനുശേഷം സഹോദരന് വെരി. റവ. യേശുദാസന് പാപ്പന് കോര്‍ എപ്പിസ്കോപ്പാ വികാരിയായി സേവനമനുഷ്ഠിക്കുന്ന ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചിന്റെ ക്വൊയറില് അംഗമായി നേതൃത്വം നല്കുന്നു. ഇദ്ദേഹം പഠിപ്പിക്കുന്ന കുട്ടികള്‍ സഭാവ്യത്യാസമില്ലാതെ ന്യൂയോര്‍ക്കിലെ പല പള്ളികളിലും ക്വൊയര് പാടി, കീബോര്‍ഡ് വായിക്കുന്നു. വെഡ്ഡിംഗ് ക്വൊയര്, ഫ്യൂണറല്‍ സര്‍വീസ് ക്വൊയര്, കുര്‍ബാന ക്വൊയര്, കണ്വെന്ഷന് ക്വൊയര്, തുടങ്ങി നിരവധി ഡിവോഷണല്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് അമേരിക്കയിലെ വിവിധ ഇടവകകളില്‍ ശുശ്രൂഷ ചെയ്യാന്‍ അവസരം ലഭിച്ചത് ദൈവകൃപയായി ഇദ്ദേഹം കരുതുന്നു. ഏഞ്ചല്‍ മെലഡീസില്‍ നൂറിലേറെ ഗായകര്‍ക്ക് പാടുവാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഇതുവരെ പത്ത് സി ഡി കള്‍ പുറത്തിറക്കി. പല വര്‍ഷങ്ങളിലും അമേരിക്കന്‍ ഭദ്രാസനത്തിന് കീഴില്‍ നടക്കുന്ന പല കോണ്‍ഫറന്‍സുകളിലും സൗണ്ട് സിസ്റ്റം പ്രവര്‍ത്തിപ്പിച്ചിട്ടുണ്ട്. ഇടവക, ഭദ്രാസനതല മല്‍സരങ്ങളില്‍ പല വര്‍ഷങ്ങളിലും ജഡ്ജ് ആയും സേവനം ചെയ്തു. കഴിഞ്ഞ പത്തുവര്‍ഷമായി ന്യൂയോര്‍ക്കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചസിനു കീഴിലുള്ള കൗണ്‍സില്‍ ക്വൊയറിന്റെ ക്വയര്‍ മാസ്റ്ററാണ്. പാറമണ് മിഷന് വീട്ടില്‍ ക്യാപ്റ്റന്‍ കെ പാപ്പച്ചന്റെയും കുഞ്ഞമ്മയുടെയും ആറ് മക്കളില്‍ ഇളയവനാണ് റെജി. പന്തളം ആലുവാ സെന്റ് ബെര്സോമാ ഇടവകയിലെ വിശുദ്ധ മദ്ബഹയില്‍ അള്‍ത്താരബാലനായും ഗായകസംഘത്തില്‍ പാടിയുമായിരുന്നു സംഗീതജീവിതത്തിന് തുടക്കം.19-ാം വയസില്‍ ആദ്യസംഗീത ആല്‍ബമായ സമര്‍പ്പണം ഓഡിയോ കാസറ്റ് പുറത്തിറക്കി. കീബോര്‍ഡില്‍ ആദ്യാക്ഷരങ്ങള്‍ പരിചയപ്പെടുത്തി നല്‍കിയത്, യശശരീരനായ കോട്ടാണിക്കല് കെ ഡി ജോസഫാണ് . പിന്നീട് എം എസ് ബാബുവിന്റെയും സാബു ആന്റണിയുടെയും പക്കല്‍ നിന്ന് വെസ്റ്റേണ്‍ മ്യൂസിക്കല്‍ നോട്ട്സ് പഠിച്ചു. കേരളത്തിലായിരിക്കവേ നിരവധി കണ്വന്ഷന് ക്വൊയര് പ്രോഗ്രാമുകളില്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. ചാലക്കുടി പോട്ട ഡിവൈന്‍ ടീമിന്റെ ധ്യാനങ്ങളിലും ഓര്‍ത്തഡോക്സ് സഭാ വൈദികട്രസ്റ്റി ഫാ.മത്തായി നൈനാന്, ഫാ. ജേക്കബ് റോയി, ഫാ. അലക്സാണ്ടര്‍ കൂടാരത്തില്‍, ഫാ.സി ഒ ജോസഫ്, ഫാ. പി കെ വര്‍ഗീസ് തുടങ്ങിയ പ്രഗല്ഭ ഗാനഗുരുക്കന്മാരോടൊപ്പവും ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പ്രശസ്ത ഗായികയും നടിയുമായിരുന്ന കെ പി എ സി സുലോചനയുടെ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ട്രൂപ്പില്‍ ഗായകനായും അനൗണ്‍സറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓള്‍ഡ് ഈസ് ഗോള്‍ഡില്‍ പ്രവര്‍ത്തിച്ച കാലത്തെ തന്റെ ജീവിതത്തിലെ സുവര്‍ണകാലമായാണ് ഇദ്ദേഹം കരുതുന്നത്. പന്തളത്തെ പ്രശസ്തമായ എമിനന്‍സ് പബ്ലിക് സ്കൂളില്‍ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് 2000മാര്‍ച്ചില്‍ റെജി അമേരിക്കയിലെത്തുന്നത്. കേരളത്തിലായിരിക്കേ ഫാത്തിമാമാതാ എന്ന പ്രശസ്ത ബാന്‍ഡ് ട്രൂപ്പിലും പ്രവര്‍ത്തിച്ചിരുന്നു. റജിയുടെ സംഗീതവഴികളിലെ 25-ാം വര്‍ഷ ആഘോഷങ്ങള്‍ മെയ് 15ന് ഞായറാഴ്ച എം ജി ശ്രീകുമാറിന്റെ ന്യൂയോര്‍ക്കിലെ സ്നേഹസംഗീതം പരിപാടിയോടനുബന്ധിച്ച് നടത്തുന്നു. ന്യൂയോര്‍ക്ക് ഫ്ളോറല്‍പാര്‍ക്കിലെ ഇര്വിന് എം ആല്‍ട്ട്മാന്‍ മിഡില്‍ സ്കൂളില്‍ വൈകുന്നേരം നാലു മണിക്കാണ് ആഘോഷ പരിപാടികള്‍. വിവരങ്ങള്‍ക്ക്: ജോസഫ് പാപ്പന് (റജി)- 917-853- 7281
Comments