തോമസ് കൂവള്ളൂര്‍
ന്യൂജേഴ്സി: ന്യൂജേഴ്സിയില്‍ ചാറ്റിംഗിലൂടെ കെണിയിലകപ്പെട്ട് ജയിലില്‍ വിധിയുംകാത്ത് ഏറെക്കുറെ രണ്ടു വര്‍ഷത്തോളമായി കഴിഞ്ഞുകൂടുന്ന മലയാളി യുവാവിനെ ചിലരെങ്കിലും ഓര്‍ക്കുമെന്നു കരുതുന്നു. മാനഹാനി ഭയന്ന് പേര് വെളിപ്പെടുത്താന്‍ മടിക്കുന്ന ആ ചെറുപ്പക്കാരന്റെ വിധിദിവസം യേശുക്രിസ്തുവിനെ വിധിക്കുന്ന ദിവസംതന്നെ ആയതും എന്തോ ദൈവകൃപയെന്നു വേണം വിശ്വസിക്കാന്‍. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ വിശുദ്ധ വാരമായി ആഘോഷിക്കുന്ന ഈ അവസരത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി നീതിക്കുവേണ്ടി ജയിലറയ്ക്കുള്ളില്‍ കഴിഞ്ഞുകൂടുന്ന ആ ചെറുപ്പക്കാരനെ ഓര്‍ത്ത് അല്പനിമിഷം ധ്യാനിക്കുന്നത് നന്നായിരിക്കും. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് അധികാരികളുടെ മുന്നില്‍ സത്യം തുറന്നു പറഞ്ഞതൊഴികെ യാതൊരു തെറ്റും ചെയ്യാത്ത യേശുക്രിസ്തുവിനെ കുരിശിലേറ്റാന്‍ വിധിച്ച ആ നിയമസംവിധാനം തന്നെയാണ് ഇന്നും ലോകത്തില്‍ മിക്കയിടത്തും, പ്രത്യേകിച്ച് അമേരിക്കയില്‍ തുടര്ന്നുകൊണ്ടുപോരുന്നത് എന്ന സത്യം ഇവിടെ ഓര്‍മ്മിക്കുന്നതു കൊള്ളാം. ലോകപ്രശസ്തമായ ടാറ്റാ കണ്‍സള്‍ട്ടന്‍സി (ടി.സി.എസ്) എന്ന കമ്പനി ഇന്ത്യയില്‍ നിന്നും എച്ച് 1 ബി വിസയില്‍ കൊണ്ടുവന്ന് ന്യൂജേഴ്സിയില്‍ എത്തിച്ചെങ്കിലും അമേരിക്കയിലെ നിയമങ്ങളെപ്പറ്റി യാതൊരുവിധ നിര്‍ദേശങ്ങളും കൊടുക്കുകയുണ്ടായില്ല എന്നതാണ് ഇങ്ങനെയൊരു കെണിയില്‍ ആ ചെറുപ്പക്കാരനെ കൊണ്ടെത്തിച്ചത്. എന്നുതന്നെയല്ല ഈ ചെറുപ്പക്കാരനെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ ടി.സി.എസ് എന്ന വമ്പന്‍ കമ്പനിയോ, അതിന്റെ മേധാവികളോ തയാറായില്ല എന്നുള്ളതാണ് സത്യം. നിയമപ്രകാരം ഒരാളെ തൊഴിലിനു കൊണ്ടുവന്നാല്‍ ആ ആളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ആളെ കൊണ്ടുവന്ന കമ്പനിയായിരിക്കണം. ഈ ലേഖകന്‍ ചെയര്‍മാനായി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ജസ്റ്റീസ് ഫോര്‍ ഓള് (ജെ.എഫ്.എ) എന്ന സംഘടനയിലെ ഏതാനും ചില മനുഷ്യസ്നേഹികളാണ് ഈ ചെറുപ്പക്കാരനെ എങ്ങനെയെങ്കിലും സഹായിക്കണം എന്ന ആശയവുമായി ആദ്യം രംഗത്തുവന്നത്. അവരുടെ നിരന്തരമായ പരിശ്രമഫലമായി സാമാന്യം ഭേദപ്പെട്ട ഒരു വക്കീലിനെ കണ്ടുപിടിക്കുകയും അങ്ങനെ ആ ചെറുപ്പക്കാരനെ കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തിരുന്നു. സമൂഹത്തിലെ പല ഉന്നതന്മാരും ജെ.എഫ്.എയുടെ പ്രവര്‍ത്തനങ്ങളെ അതിനിശിതമായി വിമര്ശിക്കാതെയുമിരുന്നില്ല. "വെറുതെ തൊഴിലില്ലാത്ത കുറെയെണ്ണം നടക്കുന്നു' എന്ന് ഒരു മാന്യന് പരസ്യമായി ഈ ലേഖകന്റെ മുഖത്തുനോക്കി പറഞ്ഞതും ഓര്‍ക്കുന്നു. പക്ഷെ ഈ മാന്യന്മാരേക്കാള് ഉത്തരവാദപ്പെട്ട തൊഴിലില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജെ.എഫ്.എയില്‍ ഉള്ളവര്‍ എന്നുള്ളത് ഈ വേളയില്‍ വായനക്കാരുടെ അറിവിലേക്ക് പറയാന്‍ ആഗ്രഹിക്കുന്നു. ജെ.എഫ്.എ പ്രവര്‍ത്തകരുടെ നിരന്തര പരിശ്രമഫലമായി ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ തുടങ്ങിയ സ്റ്റേറ്റുകളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സാമൂഹ്യപ്രവര്‍ത്തകരേയും മനുഷ്യസ്നേഹികളേയും ഈ ചെറുപ്പക്കാരന്റെ മോചനത്തിനുവേണ്ടി സംഘടിപ്പിക്കുന്നതിനും മുമ്പോട്ടു കൊണ്ടുവരുന്നതിനും കഴിഞ്ഞു എന്നുള്ളത് വലിയ കാര്യമാണ്. ഫോമ, ഫൊക്കന, വേള്‍ഡ് മലയാളി കൗണ്‍സില്‍, മഞ്ച്, കാഞ്ച് തുടങ്ങി നിരവധി സംഘടനാ നേതാക്കളും ഈ ചെറുപ്പക്കാരനെ ജയില്‍ മോചിതനാക്കാന്‍ മുന്നോട്ടു വന്നുകഴിഞ്ഞു. മാര്‍ച്ച് 24-ന് രാവിലെ 9 മണിക്ക് ന്യൂജേഴ്സിയിലെ പസ്സായിക് സുപ്പീരിയര്‍ കോര്‍ട്ടില്‍ റൂം നമ്പര്‍ എന്‍ 422-ല്‍ ജഡ്ജി സ്കോട്ട് ബന്നിയന്‍ എന്ന വിധികര്‍ത്താവിന്റെ മുന്നില്‍ ഈ ചെറുപ്പക്കാരനെ ഹാജരാക്കും. അവിടെവെച്ചായിരിക്കും ഈ ചെറുപ്പക്കാരന്റെ വിധി പ്രസ്താവിക്കുന്നത്. സാധിക്കുന്നിടത്തോളം മലയാളികള്‍ അന്നേദിവസം കോടതിയിലെത്തി അമേരിക്കയില്‍ ആരോരുമില്ലാത്ത ഈ ചെറുപ്പക്കാരനോടും, അയാളുടെ നാട്ടിലുള്ള വൃദ്ധ മാതാപിതാക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നു "ശബ്ദമില്ലാവരുടെ ശബ്ദം' എന്ന പേരില്‍ അറിയപ്പെടുന്ന ജസ്റ്റീസ് ഫോര്‍ ഓള് (ജെ.എഫ്.എ) എന്ന സംഘടനയ്ക്കുവേണ്ടി വിനീതമായി അപേക്ഷിക്കുന്നു. ജനങ്ങള്‍ മുന്നിട്ടിറങ്ങിയാല്‍ അറ്റോര്‍ണിമാര്‍ പോലും നോക്കിയാല്‍ നടക്കാത്ത കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയും എന്ന് ജെ.എഫ്.എ ഇതിനോടകം പരീക്ഷിച്ചറിഞ്ഞു കഴിഞ്ഞു. ഈ ചെറുപ്പക്കാരന്റെ മേല്‍ കരുണകാണിക്കണമെന്നാവശ്യപ്പെട്ട് നിരവധി മലയാളി നേതാക്കന്മാര് ഇതിനോടകം ജഡ്ജിക്ക് കത്തുകള്‍ അയച്ചുകഴിഞ്ഞു. ഈ ചെറുപ്പക്കാരന്റെ കേസ് കൈകാര്യം ചെയ്യാന്‍ തെരഞ്ഞെടുത്തിരിക്കുന്ന വക്കീലിന്റെ പേര് മൈക്കിള്‍ കാരക്ട എന്നതാണ്. ഇദ്ദേഹം പറഞ്ഞതനുസരിച്ച് രാവിലെ 11 മണിക്ക് മുമ്പ് കോടതി നടപടികള്‍ തീരും എന്നാണ്. യേശുക്രിസ്തുവിന്റെ പെസഹാ തിരുനാള്‍ ആഘോഷിക്കുന്ന മാര്‍ച്ച് 24-ന് ആയതിനാല്‍ യേശു നമ്മെ പഠിപ്പിച്ച അവസാന വിധിയെപ്പറ്റിയുള്ള ബൈബിള്‍ വചനങ്ങള്‍ ഈ അവസരത്തില്‍ നാമോര്‍ത്ത് ചിന്തിക്കുന്നത് നന്നായിരിക്കും. അതിനു ബൈബിള്‍ മുഴുവന്‍ തിരയേണ്ട ആവശ്യമില്ല. മത്തായി എഴുതിയ സുവിശേഷത്തില്‍ അദ്ധ്യായം 25-ല്‍ 31 മുതല്‍ 46 വരെയുള്ള വാക്യങ്ങള്‍ മാത്രം ഒന്നു ശ്രദ്ധയോടെ വായിച്ചാല്‍ മതി. ചുരുക്കത്തില്‍ സ്വര്ഗ്ഗരാജ്യത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ കാരാഗ്രഹത്തില്‍ കഴിയുന്നവരെ ഒന്നു കണ്ടാല്‍ മാത്രം മതി. അതാണ് ദൈവത്തിന് ഏറ്റവും പ്രീതികരം. അങ്ങനെ ആ പെസഹാദിനം നമുക്കെല്ലാം ദൈവത്തിലേക്ക് അടുക്കാനുള്ള ഒന്നായിത്തീരട്ടെ എന്ന പ്രാര്‍ത്ഥനയോടെ സാധിക്കുന്നവരെല്ലാം ന്യൂജേഴ്സിയിലെ പാറ്റേഴ്സണിലുള്ള പസായിക് സുപ്പീരിയര്‍ കോര്‍ട്ടിലേക്ക് ക്ഷണിക്കുന്നു. Adress: Passaic Superior Court, Court Room N 422, 77 Hamilton Street, Paterson, NJ 07505. Judge Name: Hon. Scott Bennion, J.S.C കാറുകളില്‍ വരുന്നവര്‍ക്ക് മീറ്റര്‍ പാര്‍ക്കിംഗ് ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ പുത്തന്‍ചിറ (732 319 6001), തോമസ് കൂവള്ളൂര്‍ (914 409 5772), അനിയന് ജോര്‍ജ് (908 337 1289), ഷാജി വര്‍ഗീസ് (862 812 4371). തോമസ് കൂവള്ളൂര്‍ (ചെയര്മാന്, ജെ.എഫ്.എ).
Comments