ലോസ്ആഞ്ചലസ്: മനുഷ്യനന്മയ്ക്കായി കുരിശിലേറിയ യേശുക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശത്തെ അനുസ്മരിപ്പിക്കുന്ന ഓശാന പെരുന്നാള്‍ സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ ആഘോഷിച്ചു. മാര്‍ച്ച് 20-നു ഞായറാഴ്ച രാവിലെ വി. കുര്‍ബാനയോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. റവ.ഡോ. ജേക്കബ് കട്ടയ്ക്കല്‍ മുഖ്യകാര്‍മികനും, വികാരി ഫാ. ജയിംസ് നിരപ്പേല്‍ സഹകാര്‍മികനുമായിരുന്നു. പള്ളിയങ്കണത്തിലുള്ള മരിയന്‍ ഗ്രോട്ടോയില്‍ പരമ്പരാഗത രീതിയില്‍ കുരുത്തോല വെഞ്ചരിച്ച് വിശ്വാസികള്‍ക്ക് നല്കി. തുടര്‍ന്ന് കുരുത്തോലകള്‍ കൈകളിലേന്തി ഭക്ത്യാദരവുകളോടെ "ദാവീദിന് പുത്രന്' ഓശാന പാടി പ്രദക്ഷിണമായി ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ എത്തി. കാര്‍മികനായ റവ.ഡോ. ജേക്കബ് കട്ടയ്ക്കലച്ചന്‍ പ്രാര്‍ത്ഥനകളോടെ മൂന്നുതവണ ദൈവാലയ വാതില്‍ മുട്ടി തുറന്ന് വിശ്വാസികളോടൊപ്പം ദേവാലയത്തിലേക്ക് പ്രവേശിച്ചു. കട്ടയ്ക്കലച്ചന്‍ തന്റെ വചനസന്ദേശത്തില്‍, ദാവീദ് രാജാവ് മുതല്‍ പ്രവാചകന്മാര് ഏറ്റുപറഞ്ഞ യേശുവിന്റെ വരവിന്റെ പൂര്‍ത്തീകരണമാണ് ജെറുസലേം ദേവാലത്തിലെ രാജകീയ പ്രവേശനം. "ഓശാന' എന്നാല്‍ ദൈവം രക്ഷകന് എന്നാണ്. ഓശാന ഒരു അനുസ്മരണം മാത്രമല്ല, രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മള് ഓരോരുത്തരും ജെറുസലേമിന്റെ വീഥികളിലൂടെ ഒലിവു മരച്ചില്ലകള്‍ കൈകളിലേന്തി ആര്‍ത്ത് വിളിച്ച് യേശുവിനോടൊപ്പം ദേവാലയത്തില്‍ പ്രവേശിക്കുന്ന അനുഭവമാണെന്നും ഓര്‍മ്മിപ്പിച്ചു. തിരുകര്‍മ്മങ്ങള്‍ക്കുശേഷം "കൊഴുക്കൊട്ട' നേര്‍ച്ചയും സ്നേഹവിരുന്നും ഉണ്ടായിരുന്നു. തുടര്‍ന്ന് പള്ളിയങ്കണത്തിലൂടെ ഇടവകാംഗങ്ങള്‍ ഒന്നുചേര്‍ന്ന് ജയിംസച്ചനോടൊപ്പം കുരിശിന്റെവഴിയും നടത്തി. സാന്റാ അന്ന പള്ളിയിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ചുവടെ: പെസഹാ വ്യാഴാഴ്ച വൈകുന്നേരം 7-ന് വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, പെസഹാ അപ്പം മുറിക്കല്‍, ആരാധന, പുത്തന്‍പാന പാരായണം. ദുഖവെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴിയും തുടര്‍ന്ന് പീഡാനുഭവ ചരിത്രവായനയും, രൂപംമുത്തലും. റവ.ഫാ. മനോജ് പുത്തന്‍പുരയ്ക്കല്‍ വചനസന്ദേശം നല്‍കും. ദുഖശനിയാഴ്ച രാവിലെ 8-ന് വിശുദ്ധ കുര്‍ബാന, പുത്തന്‍വെള്ളം വെഞ്ചരിക്കല്‍, തിരി തെളിയിക്കല്‍ എന്നിവയും, വൈകുന്നേരം 7-ന് ഉയിര്‍പ്പ് തിരുനാള്‍ കര്‍മ്മങ്ങളും തുടര്‍ന്ന് ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം, സ്നേഹവിരുന്ന്. ഞായറാഴ്ച രാവിലെ 8-ന് വി കുര്‍ബാനയുണ്ടായിരിക്കും. മാര്‍ച്ച് 23-ന് ബുധനാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ കുമ്പസാരത്തിനുള്ള സൗകര്യം ദേവാലയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. വികാരി ഫാ. ജയിംസ് നിരപ്പേലിനോടൊപ്പം ട്രസ്റ്റിമാരായ ബൈജു വിതയത്തില്‍, ബിജു ആലുംമൂട്ടില്‍, സാക്രിസ്റ്റി ജോവി തുണ്ടിയില്‍ എന്നിവര്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.
Comments