You are Here : Home / USA News

ഇന്‍ഡ്യാ പ്രസ് ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ തെരഞ്ഞെടുപ്പ് സംവാദം ഉജ്ജ്വല വിജയമായി

Text Size  

Story Dated: Saturday, May 07, 2016 12:25 hrs UTC

ഫിലഡല്‍ഫിയ: ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30 ശനിയാഴ്ച ഇദംപ്രഥമായി നടത്തിയ കേരള നിയമസഭ തെരഞ്ഞെടുപ്പ് സംവാദം ഉജ്ജ്വല വിജയമായി. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഭാരതത്തില്‍ നിന്നും ജനാധിപത്യത്തിന്റെ കാവല്‍ പിതാക്കന്മാര്‍ എന്ന് സ്വയം അഭിമാനം കൊള്ളുന്ന മലയാളികള്‍ അമേരിക്കയില്‍ ജീവിക്കുമ്പോഴും കേരളത്തിലെ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളിലെ ചൂടും ചൂരും ഒട്ടും നഷ്ടപ്പെടുത്താതെ വിവിധ തുറകളില്‍പ്പെട്ട സമൂഹത്തിലെ പ്രമുഖ വ്യക്തികളുടെ നിറ സാന്നിധ്യം കൊണ്ട് ചര്‍ച്ചാവേദി വളരെ അര്‍ത്ഥവത്തായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തിരഞ്ഞെടുപ്പ് പത്രിക, സര്‍ക്കാറിന്റെ നേട്ടങ്ങളും കോട്ടങ്ങളും, ഓരോ രാഷ്ട്രീയ പാര്‍ട്ടികളും നിലനില്‍പിനു വേണ്ടിയുള്ള പരാക്രമം തുടങ്ങിയ നിരവധി സംഭവികാസങ്ങള്‍ ഉദാഹരണ സഹിതം പ്രവാസികലുടെ ഇടയില്‍ പച്ച പിടിച്ചുകിടക്കുന്ന കേരള രാഷ്ട്രീയം ഈ സംവാദത്തില്‍ ചര്‍ച്ചാ വിഷയമായി.

 

കേരളം അരാജകത്വത്തിലാണെന്നും ഒരു ഭരണ മാറ്റത്തിന് ഇപ്പോള്‍ വളരെ പ്രസക്തിയുണ്ടെന്നും മാറി മാറി വരുന്ന സര്‍ക്കാരുകളെ വരിച്ചാണ് കേരളം നിലനില്‍ക്കുന്നതെന്നും ഈ ഭരണമാറ്റം ഇന്‍ഡ്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഈ പരീക്ഷണം പ്രബുദ്ധരായ കേരളീയര്‍ക്കു മാത്രമെ സാധിക്കുകയുള്ളൂ എന്നും ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടങ്ങളെയും, തിരിച്ചു വരവിനെയും കുറിച്ച് അക്കം ഇട്ട് നിരത്തി ടി.പി.ഏലിയാസ് സമര്‍ത്ഥിച്ചു. ഏക്കാലത്തും പുരോഗമനപരമായ ആശയങ്ങള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ സംഭാവനയാണെന്നും ഇതിനു ധാരാളം കാര്യങ്ങള്‍ പറയാനുണ്ടെന്നും ഇടതുപക്ഷ സര്‍ക്കാര്‍ നാടിനെ പുറകോട്ടടിക്കുകയാണെന്നും ചെറിയാന്‍ കോശി, വര്‍ഗീസ് വര്‍ഗീസ് എന്നിവര്‍ പറഞ്ഞു. ബാറുകള്‍ പൂര്‍ണ്ണമായും ഈ ധൃതിപിടിച്ച് നിര്‍ത്തേണ്ട ഒരു സാഹചര്യം ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരുന്നോ എന്നും ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും ടൂറിസം വ്യവസായത്തിനെ കാര്യമായി ഇതു ബാധിക്കുമെന്നും കൂടെ നാട്ടിലേക്കു പോകാനുള്ള താത്പര്യവും ക്രമേണ കുറഞ്ഞെന്നും ബെന്നി കൊട്ടാരത്തില്‍, സണ്ണി പാറക്കല്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

 

 

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വര്‍ഗീയത നിലനില്‍ക്കുന്നെന്നും, തിരഞ്ഞെടുപ്പു പത്രികകള്‍ വെറും കടലാസു പുലികള്‍ മാത്രമാണെന്നും തത്വത്തില്‍ ഒന്നും നടക്കാന്‍ സാധ്യതയില്ലെന്നും ഈ കാര്യത്തില്‍ ഇരു മുന്നണികളും തുല്യരാണെന്നും തോമസ് ജോര്‍ജ്ജ്, ബിജു ഏബ്രഹാം എന്നിവര്‍ അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടിയെ അഴിമതിയുടെ ചെളിവാരിയെറിഞ്ഞ് മൂലക്കിരുത്താമെന്നുള്ള മനക്കോട്ട വെറും ബാലിശമാണെന്നും ഭരണതുടര്‍ച്ചയിലൂടെ മാത്രമെ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുരോഗമനങ്ങള്‍ പൂര്‍ത്തീകരിക്കാനാകുകയുള്ളൂ എന്നും സര്‍ക്കാരിന്റെ നേട്ടങ്ങളെ ചെറുതാക്കി കാണിക്കുവാന്‍ ഇടതുപക്ഷം വളരെയധികം പരിശ്രമിക്കുകയാണെന്നും അതിനാണ് കൂടുതല്‍ സമയം തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉപയോഗിക്കുന്നതെന്നും ഇത്രയും കര്‍മ്മനിരതനും ജനകീയനുമായ മുഖ്യമന്ത്രി കേരളീയര്‍ കണ്ടിട്ടില്ലെന്നും എന്തുകൊണ്ടും അധികാരത്തില്‍ തിരിച്ചു വരുവാന്‍ അര്‍ഹനാണെന്നും സാബു സ്‌കറിയ, യോഹന്നാന്‍ ശങ്കരത്തില്‍, ബാബു മാരാട്ട് എന്നിവര്‍ അഭിപ്രായപ്പെടുകയുണ്ടായി.

 

 

അമേരിക്കയിലെ പോലെ പ്രൈമറി ഇലക്ഷന്‍ സംവിധാനം നാട്ടിലും ഉള്ളതു നല്ലതാണെന്നും വിമത ശല്യം കുറക്കാനാവുമെന്നും എന്നാല്‍ പല ഭാഷകളുടെയും രീതികളുടെയും നാടായതുകൊണ്ട് എത്രകണ്ട് ബലം ഉണ്ടാകുമെന്ന് പ്രവചിക്കാനാവില്ല എന്നും വിന്‍സെന്റ് ഇമ്മാനുവേല്‍ സജീവ് ശങ്കരത്തില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. പൊതു തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയാകുന്നത് പ്രായം ഒരു മുഖ്യഘടകമാണെന്നും എങ്കിലും പ്രായത്തിന്റെ ബലഹീനതകള്‍ മറികടന്ന് നല്ല ഭരണം നടത്തിയ നേതാക്കന്മാര്‍ കേരളത്തിലുണ്ടെന്നും പ്രായം പ്രശ്‌നമായ സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ വന്നാല്‍ വോട്ടര്‍മാര്‍ വിധി എഴുതികൊള്ളുമെന്നും പ്രായത്തിനെക്കാള്‍ ഉപരി അനുഭവസമ്പത്താണ് പ്രധാനമെന്നും എന്നാല്‍ യുവാക്കളുടെ അവസരം നിഷേധിക്കരുതെന്നും ഫിലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍, ഏബ്രഹാം മാത്യു എന്നിവര്‍ അഭിപ്രായപ്പെടുകയുണ്ടായി.

 

 

വളരെയധികം അര്‍ത്ഥവത്തായയും കാര്യപ്രസക്തിയുള്ളതുമായ ചര്‍ച്ചയായിരുന്നെന്നും ഇനിയും ഇതുപോലുള്ള ആരോഗ്യകരമായ പൊതുവിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും പ്രസ് ക്ലബ് മുന്‍കൈയെടുക്കണമെന്നും സദസ് ആവശ്യപ്പെടുകയുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പായി ഒരു രാഷ്ട്രീയ സംവാദം ഒരുക്കുവാന്‍ പ്രസ്‌ക്ലബിന് ആലോചനയുണ്ടെന്ന് പറയുകയും എല്ലാവര്‍ക്കും ജോബി ജോര്‍ജ്ജ്(പ്രസിഡന്റ്) സ്വാഗതം ആശംസിക്കുകയും ചെയ്തു. ജോര്‍ജ്ജ് ഓലിക്കല്‍(സെക്രട്ടറി), സുധാ കര്‍ത്താ എന്നിവര്‍ രാഷ്ട്രീയ സംവാദത്തിന്റെ മോഡറേറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും, ജീമോന്‍ ജോര്‍ജ്ജ്(ട്രഷറാര്‍) എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അരുണ്‍ കോവാട്ട്(ഏഷ്യാനെറ്റ്), ജിജി കോശി(കൈരളി) എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

 

വാര്‍ത്ത അയച്ചത്: ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.