You are Here : Home / USA News

ഷിക്കാഗോ സ്റ്റാർസ് നൈറ്റ് 2016 സ്റ്റേജ് ഷോ ഉജ്ജ്വലവിജയം

Text Size  

Story Dated: Tuesday, May 10, 2016 11:27 hrs UTC

ഷിക്കാഗോ: നടന, നാട്യ, സംഗീത, ഹാസ്യരംഗങ്ങൾ കോർത്തിണക്കി, ഷിക്കാഗോയിലെ കലാസ്നേഹികൾക്കായി, ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിന്റെ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, എന്റെർറ്റൈന്മെന്റ് കോർഡിനേറ്റർ രഞ്ചിത കിഴക്കനടി, ടീമംഗങ്ങളായ റ്റോമി കുന്നശ്ശേരിയിൽ, സുനിൽ കോയിത്തറ എന്നിവരുടെ നേത്യുത്വത്തിൽ, ഷിക്കാഗോയുടെ സ്വന്തം കലാപ്രതിഭകളും, മുൻതെന്നിന്ത്യൻ നായികയും, പ്രശസ്ത നർത്തകിയുമായ ദിവ്യാ ഉണ്ണിയും ചേർന്നവതരിപ്പിച്ച ഷിക്കാഗോ സ്റ്റാർസ് നൈറ്റ് സ്റ്റേജ് ഷോ ഉജ്ജ്വലവിജയം കൈവരിച്ചു.

 

മെയ് 7 ന് ഷിക്കാഗോ വില്യം താഫ്റ്റ് ഹൈസ്കൂളിൽ വച്ച് അരങ്ങേറിയ ഷോ , നോർത്ത് അമേരിക്കയിലെ ഫണ്ട് റൈസിംഗ് പരിപാടികളിൽ, സ്വന്തം കലാകാരന്മാരെ അണിനിരത്തി വിജയിച്ച ഒരു സമ്പൂർണ്ണ സ്റ്റേജ് ഷോ എന്ന ഖ്യാതിയോടെ ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ്. വൈകിട്ട് താഫ്റ്റ് ഹൈസ്കൂളിൽ കൂടിയ നൂറു കണക്കിന് ജനങ്ങളാണ് ഷിക്കാഗോയുടെ സ്വന്തം കലാകാരന്മാരുടെ സ്റ്റേജ് ഷോ കാണുവാൻ എത്തിയത്. തിരുഹൃദയ ക്നാനായ ഫൊറോനാ ഇടവകയുടെ പീ. ആർ. ഒ. ബിനോയി കിഴക്കനടിയുടെ സ്വാഗതത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് വികാരിയച്ചനോടൊപ്പം, അസി. വികാരി. റെവ. ഫാ. ജോസ് ചിറപ്പുറത്ത്, മദർ സി. സേവ്യർ, എന്റെർറ്റൈന്മെന്റ് കോർഡിനേറ്റേഴ്സ്, പീ. ആർ. ഒ., പ്രമുഖ സിനിമാ നടി ദിവ്യാ ഉണ്ണി, കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, ജോർജ്ജ് പുള്ളോർകുന്നേൽ, ഫിലിപ് പുത്തെൻപുര ഫൈനാൻസ് ടീം കോർഡിനേറ്റേഴ്സായ കുര്യൻ നെല്ലാമറ്റം, മാത്യു ഇടിയാലി, കുഞ്ഞുമോൻ നെടിയകാല, മോളമ്മ തൊട്ടിച്ചിറ, മെഗാസ്പൊൺസർ ജോസ് & ഗീതമ്മ താഴത്ത്‌വെട്ടത്ത്, ഡോക്ടർമാരായ സജി & മാഗ്ഗി തലക്കൽ, ഗ്രാന്റ് സ്പോൺസർ ജോയി & മോളമ്മ നെടിയകാല എന്നിവരുടേയും സാന്നിധ്യത്തിൽ, ക്നാനായ റീജിയൻ വികാരി ജെനറാൾ മോൺ: തോമസ് മുളവനാൽ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

 

 

തുടർന്ന് കലയുടെ ഒരു വിസ്മയ സ്ഫോടനവുമായി ഷിക്കാഗോയുടെ സ്വന്തം കലാകാരന്മാരും കലാകാരികളും സ്റ്റേജിൽ നിറയുകയായിരുന്നു. ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിന്റെ ധനശേഖരണാർത്ഥം, 60 ൽ പരം കലാപ്രതിഭകൾ അണിനിരന്ന ഈ കലാവിരുന്ന്, ഇന്ന് ഒരു പരിധി വരെ അന്ന്യം നിന്ന് പോയി എന്ന് പറയാവുന്ന ലൈവ് ഓർക്കസ്ട്രായുടെ അകമ്പടിയോടെയാണെന്നത് സ്റ്റേജ് ഷോയുടെ മാറ്റ് കൂട്ടി. സുനിയുടെ കീബോർഡും, ഷിബുവിന്റെ ഫ്ലൂട്ടും, ലാൽജിയുടെ തബലയും, ജിജിയുടെ ട്രിപ്പിൾ ഡ്രമ്മും, എബിന്റെ റിദം പാഡും, ബൈജുവിന്റേയും ജിൽ‌സണിന്റേയും ഗിത്താറും കൂടിച്ചേർന്നുണർത്തിയ ഒരു മാസ്മരികലോകം, കാണികളെ പുളകം കൊള്ളിച്ചു. കഴിഞ്ഞ വർഷം ചെന്നയിൽ ഉണ്ടായ പ്രളയത്തെ അനുസ്മരിച്ചുകൊണ്ട് മഴ എന്ന വിഷയത്തെ ആസ്പദമാക്കി, ഷിക്കാഗോയിലെ പ്രമുഖ നൃത്താധ്യാപിക ജിനൂ വർഗ്ഗീസ് ചിട്ടപ്പെടുത്തിയ സംഘ നൃത്തമായിരുന്നു പരിപാടിയിലെ ഓപ്പണിംഗ് ഡാൻസ്. ഭൂമിക്കു മേൽ മനുഷ്യൻ നടത്തുന്ന കടന്നു കയറ്റങ്ങളും, പ്രകൃതിയുടെ പ്രതികരണവും വരച്ചുകാട്ടിയ നൃത്തത്തിൽ ഇടവകയിലെ കുട്ടികൾ മനോഹരമായി ചുവടു വച്ചു. സജി മാലിത്തുരുത്തേൽ, ഷാബിൻ കുരുട്ടുപറമ്പിൽ, ലിഡിയ സൈമൺ എന്നിവർ ഭക്തിഗാനങ്ങളിൽ തുടങ്ങി, കലഭാവൻ മണിയുടെ നാടൻ പാട്ടുകൾ സഹിതം മലയാള ഹിന്ദി തമിഴ് സിനിമകളിലെ പല കാലഘട്ടങ്ങളിലൂടെ, കാണികളെ ആസ്വാദനത്തിന്റെ മധുര സ്മരണകളിലൂടെ കൊണ്ടുപോയി. പല ഗാനങ്ങൾക്കും അകമ്പടിയായി നടന - നാട്യ നൃത്ത രംഗങ്ങൾ കൂടി സ്റ്റേജിൽ പുനരാവിഷ്ക്കരിച്ചുകൊണ്ട് തികച്ചും വ്യതസ്തമായ ഒരു അനുഭൂതി പകർന്നു നൽകുവാൻ സാധിച്ചു.

 

തിരുഹൃദയ ഫൊറോനാ ദൈവാലയത്തിൽ നിരവധി വ്യത്യസ്തകലാരൂപങ്ങൾ അവതരിപ്പിച്ച രഞ്ചിത കിഴക്കനടിയും, ശ്രദ്ധേയമായ ഒട്ടനവധി നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ ടോമി കുന്നശ്ശേരിയിലും, തനതായ അനേക വേഷങ്ങൾ അവതരിപ്പിച്ച് ഷിക്കാഗോയുടെ ബെസ്റ്റ് ആക്ടർ എന്ന ബഹുമതി നേടിയ സുനിൽ കോയിത്തറയും ഒരുമിച്ച്ചേർന്നാണ് ഈ സ്റ്റേജ് ഷോ സംവിധാനം ചെയ്തത്. സംവിധാനത്തിന് പുറമേ പല വേഷങ്ങളിലായി സ്റ്റേജിലെത്തി കാണികളെ അമ്പരപ്പിക്കുകയും ചെയ്തു. ജെയിംസ് പുത്തെൻപുരയിലും, ഡെന്നി പുല്ലാപ്പള്ളിയും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ സ്കിറ്റ് പുതിയ തലമുറയിലെ കുടുംബ ബന്ധങ്ങളുടെ യാഥാർത്ഥ്യം വരച്ചുകാട്ടുക മാത്രമല്ല, തികച്ചും കാലിക പ്രസക്തവുമായിരുന്നു. സ്ത്രീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ നിർഭയ, സൗമ്യ, ജിഷ എന്നിവർക്ക് വേണ്ടി സമർപ്പിച്ച സ്കിറ്റ്, കാണികളെ ഒരേ സമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു.

 

 

ഏറെ പ്രസിദ്ധമായ ഡബ്മാഷ് എന്ന കല, പ്രസിദ്ധമായ കിലുക്കം എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റേജിൽ തത്സമയം എത്തിയപ്പോൾ അത് ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി. കൂടാതെ പ്രസിദ്ധ പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ അനുകരിച്ച്, തങ്കമ്മ നെടിയകാലായിൽ സ്റ്റേജിൽ എത്തിയപ്പോൾ സദസ്സ് ഹർഷാരവംകൊണ്ട് നിറഞ്ഞു. ക്ലാസ്സിക്കൽ നൃത്തത്തിന്റെ ചാരുതയിൽ ദിവ്യാ ഉണ്ണി പല വേഷങ്ങളിൽ സ്റ്റേജിൽ എത്തി. കൂടെ ഷിക്കാഗോയിലെ കലാകാരികളും അത് ആഘോഷമാക്കി. ദിവ്യാ ഉണ്ണി, ജാസ്മിൻ പുത്തെൻപുരയിൽ, ടിയാറ കുടിലിൽ എന്നിവർ ദേവസഭാതലം എന്ന് തുടങ്ങുന്ന ഹിന്തുസ്ഥാനി - കർണ്ണാട്ടിക് സംഗീത സമന്വയത്തിന്റെ ഈരടികൾക്കൊപ്പം ചുവടുകൾ വച്ചപ്പോൾ അത് ഒരു ഹൃദ്യമായ അനുഭവം തന്നയായി എന്നതിൽ സംശയമില്ല. എന്റെർറ്റൈന്മെന്റ് ടീമംഗങ്ങൾ അവതരിപ്പിച്ച വളരെ പുതുമയുള്ളതും, ലൈവ് ഓർക്കസ്ട്രായുടെ അകമ്പടിയോടെ ആംഗ്യഭാഷയിൽ അവതരിപ്പിച്ച സ്കിറ്റ്, കാണീകൾക്ക് ചിരിയുടെ മാലപ്പടക്കത്തിന്റെ തിരി കൊളുത്തി. ലൈവ് ഓർക്കസ്ട്രായോടൊപ്പം ലൈവായുള്ള ഗാനാലാപനം കൂടി ഉൾപ്പെടുത്തി കൊണ്ട് അരങ്ങിൽ തിമിർത്താടിയ സുപ്രസിദ്ധ ലുങ്കി ഡാൻസ്, ചിന്നു തോട്ടത്തിന്റെ നേതൃത്വത്തിൽ അരങ്ങിൽ എത്തിയപ്പോൾ ആവേശം അണപൊട്ടി.

 

 

പരിപാടിയുടെ സമാപനത്തിൽ, ഷിക്കാഗോ സ്റ്റാർസ് നൈറ്റിൽ പങ്കെടുത്ത എല്ലാ കലാകാരന്മാരും വേദിയിൽ അണിനിരന്ന് അവതരിപ്പിച്ച ഗ്രാന്റ് ഫിനാലെ, കാണികളുടെ പ്രശംസ വീണ്ടും ഏറ്റുവാങ്ങി. ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിന്റെ വികാരി. ഫാ. എബ്രഹാം മുത്തോലത്ത്, എന്റെർറ്റൈന്മെന്റ് ടീമംഗങ്ങൾ, ഇടവക ട്രസ്റ്റിമാർ, പി. ആർ. ഒ., ഫൈനാൻസ് ടീം അംഗങ്ങൾ, കൂടാര യോഗം കൺവീനെഴ്സ് തുടങ്ങി ഏവരും പരിപാടികൾ വിജയമാക്കുവാൻ ആദ്യാവസാനം മത്സരിച്ചു സഹകരിച്ചു. ഈ പരിപാടി വിജയകരമായി നടത്തി എന്നുള്ളത് ഷിക്കാഗോയിലെ ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മയുടെയും പരസ്പര സഹകരണത്തിന്റെയും വിജയമാണ് എന്നതിൽ സംശയമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.