You are Here : Home / USA News

ഇ-മലയാളിയുടെ അവാര്‍ഡ് സന്ധ്യയ്ക്ക് ഇനി രണ്ടു നാള്‍

Text Size  

Story Dated: Thursday, May 12, 2016 12:04 hrs UTC

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളെ വായനയുടെ പുതിയ മേച്ചില്‍ പുറങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോയ ഇ-മലയാളിയുടെ അവാര്‍ഡ് സന്ധ്യയ്ക്ക് ഇനി രണ്ടു നാള്‍. വായനാനുഭവങ്ങളിലുടെ പുതു വസന്തം തീര്‍ത്ത എഴുത്തുകാരെ ചടങ്ങില്‍ ആദരിക്കുന്നു. പ്രവാസികള്‍ക്കിടയില്‍ മലയാളത്തിന്റെ മാധുര്യം പടര്‍ത്തി വാര്‍ത്തകളെയും സാഹിത്യത്തെയും ഒരു പോലെ പരിപോഷിപ്പിച്ച ഇ-മലയാളി ഇതാദ്യമായാണ് ഇത്തരമൊരു ചടങ്ങ് ഒരുക്കുന്നത്. വായനയുടെ പുതിയ ഇലക്ട്രോണിക്‌സ് കാലത്തില്‍ മലയാളത്തെ മുന്നിലെത്തിക്കാന്‍ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പിനു അമേരിക്കന്‍ മലയാളി തിരിച്ചു നല്‍കിയത് വന്‍ പിന്തുണയോടെയാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

 

സാഹിത്യത്തെയും മലയാളത്തെയും മറന്നിട്ടില്ലെന്നും അവയ്‌ക്കെന്നും തങ്ങളുടെ മനസ്സില്‍ സ്ഥാനമുണ്ടന്നും ആവര്‍ത്തിച്ച വായനക്കാര്‍ നല്‍കിയ നിസ്തൂലമായ പിന്തുണയിലാണ് അവാര്‍ഡ് നിശ പിറവിയെടുത്തത്. ന്യൂയോര്‍ക്ക് ഫ്‌ളോറല്‍ പാര്‍ക്കില്‍ ടൈസന്‍ സെന്ററില്‍ മൂന്നു മണിക്ക് ചടങ്ങുകള്‍ക്ക് തുടക്കമാവും. മുഖ്യാതിഥിയായി കോണുസല്‍ ജനറല്‍ റിവ ഗാംഗുലി ദാസ് പങ്കെടുക്കും. വ്യത്യസ്തമായ ചര്‍ച്ചയും സെമിനാറുമാണ് പരിപാടിയുടെ ഹൈലൈറ്റ്. പ്രവാസ ജീവിതത്തില്‍ എഴുത്ത് എന്ന വിഷയത്തില്‍ രതിദേവി, ഡോ. എന്‍.പി. ഷീല, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, അനിത പണിക്കര്‍ എന്നിവര്‍ പങ്കെടുക്കും.

 

തുടര്‍ന്ന് ഏറെ വ്യത്യസ്തമായ മറ്റൊരു പരിപാടി. അവാര്‍ഡ് ജേതാക്കളുമായി സദസ്സിനും മാധ്യമപ്രവര്‍ത്തകര്‍ക്കും സംവദിക്കാനുള്ള അവസരം. പിന്നീട് പൊതുസമ്മേളനം. ഡോ.എം.വി പിള്ള, ജെ. മാത്യൂസ്, നീന പനക്കല്‍, രാജു മൈലപ്ര, മുരളി ജെ. നായര്‍, ശിവന്‍ മുഹമ്മ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ബിന്ദ്യ പ്രസാദും സംഘവും അവതരിപ്പിക്കുന്ന നൃത്തം, ശാലിനിയുടെ ഗാനം എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള കലാസന്ധ്യ. ചടങ്ങിനോടനുബന്ധിച്ച് ലീല മാരേട്ട് കോര്‍ഡിനേറ്ററായ സുവനിയര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.