You are Here : Home / USA News

ഇന്ത്യ പ്രസ് ക്ലബിന് മൂക്കു കയറിടാന്‍ ശ്രമിക്കരുത്

Text Size  

Story Dated: Saturday, June 04, 2016 03:08 hrs UTC

തോമസ് കൂവള്ളൂർ

 

ന്യൂയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക എന്ന മാധ്യമ പ്രസ്ഥാനത്തിന് നേരേ ഈയിടെ ഫോമായിലെ ചില നേതാക്കൾ ഉയർത്തി വിട്ടു കൊണ്ടിരിക്കുന്ന വിമർശന ശരങ്ങൾ മാധ്യമങ്ങളിലൂടെ കാണാനിടയായി. മാധ്യമങ്ങൾക്കു നേരേയുള്ള ഇത്തരത്തിലുള്ള കടന്നാക്രമണങ്ങൾ വെറും കൈയോടെ നോക്കി നിൽക്കാൻ സാമൂഹ്യ പ്രതിബദ്ധതയുള്ളവർക്ക് കഴിഞ്ഞെന്നു വരികയില്ല. മാധ്യമങ്ങളുടെ അന്തസത്ത മനസ്സിലാക്കാതെ അവരുടെ സ്വതന്ത്ര പൂർണ്ണമായ പ്രവർത്തനങ്ങൾക്കു നേരേയുള്ള കടന്നാക്രമണം പക്വതയുള്ള ഒരു സംഘടനയ്ക്കും ചേർന്നതല്ല. ദിശാബോധം നഷ്ടപ്പെട്ട രീതിയിൽ പ്രവർത്തിക്കുകയും, സമൂഹത്തിന്റെ നേർവഴികളിൽ വഴിപ്പന്തങ്ങളാണെന്ന് വീമ്പിളക്കുകയും ചെയ്യുന്ന ഉത്തരം മൗഢ്യങ്ങളെ എങ്ങിനെ കണ്ടില്ലെന്നു നടിക്കാനാവും.

 

നാവിനു മൂർച്ചയുള്ള, കാമ്പുള്ള വാക്കുകളോടെ, സമൂഹ മനഃസാക്ഷിയുടെ നേർവഴിക്കായി മാറുന്ന മാധ്യമ പ്രവർത്തകരുടെ കരളിനു നേരേ കടത്തി വിടുന്ന കൂരമ്പുകളാണ് ഇത്തരക്കാരുടെ അപക്വപരമായ വിമർശനങ്ങൾ. മാധ്യമ പ്രവർത്തനവും, സംഘടനകളുടെ നേതൃത്വ പാടവങ്ങളും, തോളോട് തോൾ ചേർന്ന് ഒരു നല്ല സമൂഹം വാർത്തെടുക്കുവാൻ ശ്രമിക്കേണ്ടതിന് പകരം, ചരടു പൊട്ടിയ പട്ടങ്ങളെപ്പോലെ ലക്ഷ്യമില്ലാതെ പായുന്ന ചില നേതാക്കളുടെ പ്രവർത്തന ദൂഷ്യങ്ങൾ മാധ്യമ പ്രവർത്തകർ എങ്ങിനെ വിമർശിക്കാതിരിക്കും. പറയുന്നതു പ്രവർത്തിക്കുകയും, പ്രവർത്തിച്ചതു മാത്രം പറയുകയും ചെയ്യുന്ന സത്യസന്ധമായ ഒരു പ്രവർത്തന ശൈലി ഓരോ സംഘടനാ നേതാക്കൾക്കും ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

 

അനുദിന വൃത്താന്തങ്ങൾ ഊറ്റം ചോരാതെ തന്മയത്വത്തോടെ സുമനസ്സുകളിൽ എത്തിക്കാൻ ഓരോ മാധ്യമ പ്രവർത്തകരേയും പ്രോത്സാഹിപ്പിക്കേണ്ടവരായിരിക്കണം സംഘടനാ നേതാക്കൾ. അതിനു പകരം അവരുടെ സർഗ്ഗവാസനയ്ക്ക് തുരങ്കം വയ്ക്കുന്ന രീതിയിൽ ക്രൂര വിമർശനങ്ങൾ അഴിച്ചു വിട്ട് പുതുനാമ്പുകൾ കരിച്ചു കളയുന്ന നിഷ്ഠൂര വിനോദം ഇനിയെങ്കിലും മതിയാക്കിയില്ലെങ്കിൽ അത് തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ കടയ്ക്കൽ കത്തി വയ്ക്കുന്നതിനു തുല്യമായിരിക്കും എന്നോർത്തു കൊള്ളുക.

 

 

എന്തു കണ്ടാലും ആരോഗ്യപരമായി വിമർശിക്കുകയും, അതിനെ ശരിയായ രീതിയിൽ വിലയിരുത്തുകയും ചെയ്യുക എന്നുള്ളതാണല്ലോ മാധ്യമ പ്രവർത്തകരുടെ കടമ. അമേരിക്കൻ ഇലക്ഷൻ കാമ്പയിനിൽ പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ഓരോ വാക്കിനെയും, അവരുടെ മുൻകാല പ്രവർത്തനങ്ങളെപ്പോലും നിരീക്ഷിച്ചു അവയെ വിമർശിക്കുന്ന നിർദയരും, നിഷ്പക്ഷമതികളുമായ മാധ്യമ പ്രവർത്തകരാണ് നമുക്ക് ഉദാഹരണളായി മുന്നിലുള്ളത്. അങ്ങിനെ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരെ ഓരോന്നോരോന്നായി തരം കിട്ടുമ്പോൾ മാനസിക പീഡനങ്ങൾ വഴി നിർവീര്യരാക്കാൻ ഫോമയിലെ എന്നല്ല ഏതു സംഘടനയിലെ നേതാക്കൾ ശ്രമിച്ചാലും അത് അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ നാശത്തിനു കാരണമായി ഭവിക്കുമെന്ന് ഓർമ്മിക്കുന്നത് നന്നായിരിക്കും.

 

 

ഫോമായുടെ മുൻകാല നേതാക്കളെല്ലാം തന്നെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക എന്ന മഹത്തായ പ്രസ്ഥാനത്തോട് കൂറു പുലർത്തിയിരുന്നതായി കാണാൻ കഴിയും. അങ്ങിനെ പ്രസ് ക്ലബ്കാരെ മാനിച്ചിരുന്ന ഫോമായ്ക്ക് ഇത്ര പെട്ടെന്ന് ഒരു മാറ്റം വരാനുള്ള കാരണം ഒരു പക്ഷെ പുതിയ നേതാക്കളുടെ അറിവില്ലായ്മ ആയിരിക്കാം. ഈയിടെ ഫോമയ്ക്ക് വേണ്ടി ഒരു നേതാവു എഴുതിയിരിക്കുന്നത് ശ്രദ്ധിക്കാൻ ഈ ലേഖകന് ഇടയായി. "ഫോമാ പ്രസിഡന്റും കമ്മറ്റിയും കൺവൻഷൻ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും പ്രസ് ക്ലബിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ അവർക്ക് സമയമില്ലെന്നും, പ്രസ് ക്ലബ് നേതൃത്വം കൂടുതൽ വിമർശിക്കാതെ മര്യാദയ്ക്ക് നില്ക്കണം" എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. അതേ സമയം ഫൊക്കാനയുടെ പ്രസിഡന്റിന്റെ ഒരു പ്രസ്ഥാവനയിൽ മാധ്യമ പ്രവർത്തകരെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും എഴുതിയിരിക്കുന്നതു കാണാനിടയായി.

 

 

ഈ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകരുടെ ആവശ്യകതയും, മാധ്യമ പ്രവർത്തകന്റെ സ്വാതന്ത്ര്യവും, വാർത്തകളുടെ അന്തസത്തകളും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുന്ന പക്വമതികളുടെ നേതൃത്വനിര ഫോമാപോലുള്ള സംഘടനകളിൽ ഉയർന്നു വരുന്നില്ലെങ്കിൽ അത് സംഘടനയുടെ ഭാവിയെത്തന്നെ സാരമായി ബാധിക്കുന്നതിനിടയായിത്തീരും എന്നുള്ള കാര്യത്തിന് സംശയമില്ല. വായിൽ തോന്നുന്നതു മുഴുവൻ വിളിച്ചു പറഞ്ഞു സ്വയം ഇളിഭ്യരായിത്തീരുന്ന പ്രവണതയ്ക്കു ഇനിയെങ്കിലും വിരാമമിടുക. മാധ്യമങ്ങൾക്കും, മാധ്യമ പ്രവർത്തകർക്കും, അവർ ഏതു വിഭാഗത്തിൽപ്പെട്ടവരായാൽ പോലും, അർഹമായ ആദരവു നൽകി അവരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാൽ അത് നമ്മുടെ സംസ്ക്കാരത്തിന്റെ വളർച്ചയ്ക്കു തന്നെ കാരണമായിത്തീരുമെന്നുള്ള തിരിച്ചറിവ് ഒരോരുത്തരിലും ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു.

 

തോമസ് കൂവള്ളൂർ ചെയർമാൻ, ജസ്റ്റിസ് ഫോർ ഓൾ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.