You are Here : Home / USA News

ഫോമ-ഇന്ത്യ പ്രസ് ക്ലബ്: പ്രശ്‌നങ്ങളില്‍ മഞ്ഞുരുകി; യോജിച്ചു മുന്നോട്ടു പോവുമെന്ന് ഇരുസംഘടനകളും

Text Size  

Story Dated: Monday, June 06, 2016 10:52 hrs UTC

ന്യൂയോര്‍ക്ക് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ), ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ അമേരിക്കാസ് (ഫോമ)മായി നിലനിന്നിരുന്ന നിസ്സഹകരണ നിലപാടില്‍ മാറ്റം വരുത്തുവാന്‍ ചര്‍ച്ചകളിലൂടെ തീരുമാനം. ഇനി മുതല്‍ പ്രസ്‌ക്ലബ് ഫോമയുമായി സഹകരിച്ച് മുന്നോട്ടു പോകും. ഇന്ത്യ പ്രസ്‌ക്ലബ് പ്രസിഡന്റ് ശിവന്‍ മുഹമ്മ, സെക്രട്ടറി ഡോ.ജോര്‍ജ് കാക്കനാട്ട്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടാജ് മാത്യു, ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചകളിലാണ് നിസ്സഹകരണ വിഷയങ്ങള്‍ക്ക് ഒത്തുതീര്‍പ്പായത്.

 

ഈ ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ പിന്നീട് ഇന്ത്യാ പ്രസ്‌ക്ലബ് നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗീകരിക്കുകയും ചെയ്തു. ജൂലൈ 7 മുതല്‍ 10 വരെ മയാമിയില്‍വച്ചു നടക്കുന്ന ഫോമാ ദേശീയ കണ്‍വന്‍ഷനിലേക്ക് പ്രസ്‌ക്ലബ് അംഗങ്ങളെ ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ട് കത്തു നല്‍കി. അതോടൊപ്പം ഫോമയുടെ ഒരു ദേശീയ സമിതിയംഗം ഇന്നയിച്ച ചില വിഷയങ്ങളെ സംബന്ധിച്ചും അദ്ദേഹം മറുപടി നല്കി. ഫോമയെന്ന പ്രസ്ഥാനത്തിന് നാളിതുവരെ പ്രസ്‌ക്ലബ് നല്‍കിയ പിന്തുണക്ക് ആനന്ദന്‍ നിരവേല്‍ നന്ദി രേഖപ്പെടുത്തി.

 

ഫോമാ കണ്‍വന്‍ഷനില്‍ ഇന്ത്യാ പ്രസ്‌ക്ലബ് അംഗങ്ങള്‍ പങ്കെടുക്കുമെന്നും അമേരിക്കന്‍ മലയാളിസംഘടനകളും മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണെന്നും മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക ഉന്നമനത്തിന് ഈ സഹകരണം മുതല്‍ക്കൂട്ടാവുമെന്നും ഇന്ത്യ പ്രസ്‌ക്ലബ് പ്രസിഡന്റ് ശിവന്‍ മുഹമ്മ പറഞ്ഞു

 

ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് പ്രസ്‌ക്ലബ്ബുമായി അകല്‍ച്ചയ്ക്കിടയായതെന്നും പ്രസ്‌ക്ലബ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ യാതൊരു നിബന്ധനകളും മുന്നോട്ടുവച്ചിരുന്നില്ലെന്നും പുറമെ പരക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഫോമാ നേതാക്കള്‍ പറഞ്ഞു. കൂടാതെ പ്രസ്‌ക്ലബ്-ഫോമാ ബന്ധം പുനഃസ്ഥാപിക്കാന്‍ സഹകരിച്ച എല്ലാ മാധ്യമ പ്രവര്‍ത്തകരെയും ഫോമാ നേതൃത്വത്തിനെയും യോഗം അഭിനന്ദിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.