You are Here : Home / USA News

തമ്പി ചാക്കോയ്ക്ക് പിന്തുണയുമായി മുതിര്‍ന്ന നേതാക്കള്‍

Text Size  

Story Dated: Tuesday, June 07, 2016 10:26 hrs UTC

ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയ്ക്ക് മൂന്ന് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുണ്ട്. ഈ സംഘടനയുടെ പ്രതാപം വീണ്ടെടുത്ത് വ്യക്തിതാത്പര്യങ്ങള്‍ക്കതീതമായ പ്രവര്‍ത്തനങ്ങളിലൂടെ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മലയാളികളുടെ മനസ്സില്‍ വീണ്ടും ചിരപ്രതിഷ്ഠ നേടി ഒരു മാതൃകാസംഘടനയായി മലയാളി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിയ്ക്കുവാന്‍ ഫൊക്കാനയെ സജ്ജമാക്കാന്‍; തന്റെ സംഘടനപ്രവര്‍ത്തന പരിചയവും, സമയവും വിനിയോഗിയ്ക്കും എന്ന് പറയുന്ന തമ്പി ചാക്കോയോടൊപ്പം അണിനിരക്കുവാന്‍ അമേരിയ്ക്കയിലെ മലയാളി സംഘടനകളെ അദ്ദേഹം ക്ഷണിയ്ക്കുകയാണ്. ആസന്നമായിരിയ്ക്കുന്ന ഫൊക്കാന തിരഞ്ഞെടുപ്പില്‍ തമ്പി ചാക്കോ നേതൃത്വം നല്‍കുന്ന ടീം മുമ്പോട്ടു വയ്ക്കുന്നത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി സുതാര്യമായ പ്രവര്‍ത്തനപരിപാടികളാണ്.

 

 

രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കാതെ രണ്ടുവര്‍ഷം നീളുന്ന കര്‍മ്മപരിപാടികള്‍ അംഗസംഘടനകളുടെ സഹകരണത്തിലൂടെ നടപ്പിലാക്കി അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുന്ന ദിശാബോധം നല്‍കുക, ഇതില്‍ ഏറ്റവും പ്രധാനമായുള്ളത് യുവതലമുറയില്‍ നിന്ന് മുഖ്യധാര രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വരുവാന്‍ ആഗ്രഹിയ്ക്കുന്നവരെ പ്രോത്സാഹിപ്പിയ്ക്കുകയും അവരുടെ കാമ്പയിനുകളെ സഹായിയ്ക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുകയും, അതോടൊപ്പം വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്യുക എന്നതാണ്. മലയാള ഭാഷ പഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി ഭാഷയ്‌ക്കൊരു ഡോളര്‍ സംരംഭത്തെ ഊര്‍ജ്ജിതപ്പെടുത്തും.

ഇന്ത്യന്‍ കോണ്‍സിലേറ്റുമായി ബന്ധപ്പെട്ട് മലയാളികളുടെ കോണ്‍സിലേറ്റ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുവാന്‍ ശ്രമിയ്ക്കും. അമേരിയ്ക്കയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സെമിനാറുകളും ജോബ് ഫെയറുകളും സംഘടിപ്പിച്ച് തൊഴില്‍ രംഗത്തെ പുതിയ സാദ്ധ്യതകളെ പരിചയപ്പെടുത്തും. മലയാളി സ്‌ക്കൂള്‍ കുട്ടികളെ പ്രോത്സാഹിപ്പിയ്ക്കാന്‍ സ്‌പെല്ലിംഗ് ബി മത്സരങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി സംഘടിപ്പിയ്ക്കും. ഫൊക്കാനായില്‍ വുമണ്‍സ് ഫോറം ശക്തിപ്പെടുത്തി അവര്‍ക്ക് വേണ്ടുന്ന പ്രാതിനിധ്യം ഉറപ്പുവരുത്തും. അമേരിയ്ക്കന്‍ മലയാളികളുടെ നാട്ടിലെ സ്വത്ത്, സ്വത്ത് സംബന്ധമായ ക്രയവിക്രയങ്ങള്‍, നിയമപ്രശ്‌നങ്ങള്‍, എന്നിവയ്ക്ക് എളുപ്പത്തില്‍ തീര്‍പ്പു കല്‍പ്പിയ്ക്കാന്‍ കേരളാ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിയ്ക്കും.

 

 

അമേരിയ്ക്കയിലെ കലാസാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവരെ പ്രോത്സാഹിപ്പിയ്ക്കുവാന്‍ കലാസന്ധ്യകളും നാടകോത്സവങ്ങളും സംഘടിപ്പിയ്ക്കും. വ്യക്തികളുടെ ബിസിനസ്സ്, താത്പര്യങ്ങള്‍ക്കായി ഫൊക്കാനയെ ഉപയോഗപ്പെടുത്തുന്നത് തടയും. തമ്പി ചാക്കോ മുമ്പോട്ടു വയ്ക്കുന്ന ആശങ്ങളെ പിന്തുണച്ചുകൊണ്ട് ഇതിനോടകം നോര്‍ത്ത് അമേരിയ്ക്കയില്‍ പ്രവര്‍ത്തിയ്ക്കുന്ന സംഘടനകളും, അതിലെ നേതാക്കളും അവരോടൊപ്പം ഫൊക്കാനയിലെ ആദ്യകാല പ്രവര്‍ത്തകരും നേതാക്കളും മുമ്പോട്ടു വരുന്നത് ഫൊക്കാനയില്‍ ഒരു പുതുവസന്തത്തിന് തുടക്കം കുറിയ്ക്കും എന്ന് ബോദ്ധ്യമുള്ളതുകൊണ്ടാണ്. ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ വാലി, യോങ്കേഴ്‌സ്, ക്യൂന്‍സ് എന്നിവിടങ്ങളിലെ സംഘടനകള്‍, വാഷിംഗ്ടണ്‍ ടി.സി.യിലെ പ്രബല സംഘടനകള്‍, ചിക്കാഗോ, ഫ്‌ളോറിഡ, ഫിലാഡല്‍ഫിയ, ഡെലവേര്‍ എന്നീ സംഘടനകള്‍, ഫൊക്കാനയില്‍ ഒരു മാറ്റം ആവശ്യമാണെന്ന് ചിന്തിയ്ക്കുന്നവരാണ് എന്ന് മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്.

 

 

അലക്‌സാണ്ടര്‍ പൊടിമണ്‍, അലക്‌സ് തോമസ്, സുധകര്‍ത്ത, സണ്ണി വൈക്ലിഫ്, ഡോ.മാമ്മന്‍ പി. ജേക്കബ്, പി.വി. ചെറിയാന്‍, എബ്രഹാം പി. ചാക്കോ, ജോര്‍ജ്ജ് ഓലിക്കല്‍, എബ്രഹാം കളത്തില്‍, രാജു ഇടിക്കുള, ചാക്കോ കുര്യന്‍ ജോസഫ് കുരിയാപ്പുറം, കുര്യാക്കോസ് തരിയന്‍, ഇന്നസെന്റ് ഉലഹന്നാന്‍, സണ്ണി ജോസഫ്, റ്റോമികൊക്കാട്ട്, ഫീലിപ്പോസ് ചെറിയാന്‍, പ്രസാദ് ബേബി, സൂമോദ് നെല്ലിക്കാല, പി.വി. ചെറിയാന്‍, രാജു സക്കറിയ, വി.പി.ചെറിയാന്‍, ജോര്‍ജ്ജ് ഉമ്മന്‍, എം.കെ.മാത്യു, വര്‍ഗീസ് ചുങ്കത്തില്‍, ജോര്‍ജ്ജ് മാറാച്ചേരില്‍, തോമസ് നൈനാന്‍, ജെയിംസ്.കെ, സനല്‍ ഗോപിനാഥ്, പി.കെ. സോമരാജന്‍, ജേക്കബ് വറുഗീസ്, മേരി ഫിലിപ്പ് തുടങ്ങിയ നേതാക്കളുടെ പിന്തുണയോടെ തമ്പി ചാക്കോ നേതൃത്വം നല്‍കുന്ന ടീം മത്സരിയ്ക്കുകയാണ്. ഫൊക്കാനയില്‍ പുതിയ മാറ്റത്തിനായി മുമ്പോട്ടു വന്നിരിയ്ക്കുന്ന ഇവരെ വിജയിപ്പിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.