You are Here : Home / USA News

ജസ്റ്റീസ് കുര്യന്‍ ജോസഫിന് സീറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 09, 2016 11:45 hrs UTC

ബീനാ വള്ളിക്കളം

ഷിക്കാഗോ: ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനവും, സീറോ മലബാര്‍ വിശ്വാസികള്‍ക്ക് മാതൃകയുമായ ബഹുമാനപ്പെട്ട ഇന്ത്യന്‍ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫിനു സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക സ്‌നേഹപുരസരം സ്വീകരണം നല്‍കി. രാവിലെ 8 മണിക്കുള്ള വിശുദ്ധ കുര്‍ബാനയില്‍ ശുശ്രൂഷിയായി പങ്കെടുത്ത അദ്ദേഹത്തിന്റെ വിശ്വാസതീക്ഷ്ണത, കുര്‍ബാനയ്ക്കുശേഷമുള്ള വാക്കുകളിലും പ്രകടമായി. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ജസ്റ്റീസ് കുര്യന്റെ ജീവിതവഴികളേയും, നേട്ടങ്ങളേയും കുറിച്ച് സംസാരിക്കുകയും, അദ്ദേഹത്തിന്റെ വിശ്വാസദാര്‍ഢ്യത്തില്‍ സഭ ഏറെ അഭിമാനിക്കുന്നുവെന്നും പറഞ്ഞു.

 

ഫാ. തോമസ് തെന്നടി, ഫാ. ജോസ് കൊല്ലംപറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പുരയിടം എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ജസ്റ്റീസ് കുര്യന്‍ നല്‍കിയ സന്ദേശം ഏറെ അര്‍ത്ഥവത്തായതും ചിന്തിപ്പിക്കുന്നതുമായി. തന്റെ വിശ്വാസജീവിതം തന്നെയാണ് സന്ദേശമായി നല്‍കാനുള്ളതെന്നു പറഞ്ഞ അദ്ദേഹം, ഗുരുനാഥമാരോടും, അള്‍ത്താരയോടും ചേര്‍ന്ന് നിന്നതിനാലാണ് ദൈവം ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതെന്നു ദൃഢമായി വിശ്വസിക്കുന്നതായി പറഞ്ഞു. സ്വയം മുറിക്കല്‍ ശുശ്രൂഷ പൂര്‍ണ്ണമായും അര്‍ത്ഥവത്താകുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് സുവിശേഷം പങ്കുവെയ്ക്കാനാവൂ എന്ന തന്റെ തിരിച്ചറിവ് പങ്കുവെച്ച ജസ്റ്റീസ് കുര്യന്‍ ക്ഷമയുടെ അര്‍ത്ഥവ്യാപ്തിയെക്കുറിച്ച് ഉദാഹരണങ്ങള്‍ വഴി സംസാരിച്ചു.

 

 

മതേതര രാഷ്ട്രമായ ഭാരതത്തിലെ ഭരണാധികാരികളും, നിയമപാലകരും, ന്യായാധിപന്മാരും ഓരോ പൗരന്റേയും വിശ്വാസ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നവരാകണമെന്ന തന്റെ ദൃഢനിശ്ചയം മൂലം പല സുപ്രധാന തീരുമാനങ്ങളിലുമുള്ള ശക്തമായ നിലപാട് സ്വീകരിക്കുവാന്‍ ജസ്റ്റീസ് കുര്യന് സാധിച്ചു. പിഴവുകള്‍ക്കതീതമായ, സുതാര്യമായ കൃത്യനിര്‍വ്വഹണത്തിനായി ഏവരുടേയും പ്രാര്‍ത്ഥനകളും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇടവക ജനത്തെ പ്രതിനിധീകരിച്ച് കൈക്കാരന്മാരായ മനീഷ് ജോസഫ്, പോള്‍ പുളിക്കന്‍, ഷാബു മാത്യു എന്നിവര്‍ ജസ്റ്റീസ് കുര്യനേയും അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയേയും ആദരിച്ചു. ഈ ഉന്നത വ്യക്തിത്വത്തിന്റെ സാന്നിധ്യം ഏറെ സന്തോഷകരമായി അനുഭവപ്പെട്ടതായി ഏവരും അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.