You are Here : Home / USA News

വിശുദ്ധിയുടെ തിരിനാളമേന്തി സുദീര്‍ഘമായ 55 വര്‍ഷങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 13, 2016 03:28 hrs UTC

പൗരോഹിത്യം ദൈവീകമായ ഒരു വിളിയും ഉള്‍ക്കാഴ്ചയും വരദാനവുമാണ്. സമര്‍പ്പിത ജീവിതത്തിന്റെ മാറ്റുരയ്ക്കപ്പെടുന്ന വലിയ ഒരു പ്രതിഭാസം. വൈദീക തിരുവസ്ത്രമണിയുമ്പോള്‍ ഓരോ വൈദീകനും ദൈവനാമത്തില്‍ അചഞ്ചലമായി മാറോടണയ്ക്കുന്ന ഒരു പ്രതിജ്ഞയുണ്ട്. ഒരു മെഴുകുതിരി കൊളുത്തി, ഈ മെഴുകുതിരിയ്ക്ക് സമാനമായി ഞാന്‍ എരിഞ്ഞടയുകയും, തന്റെ ചുറ്റുപാടുമുള്ള സമൂഹത്തിനു വെളിച്ചവും, മാര്‍ഗ്ഗവും, ദിശയും, ചൈതന്യവുമായി ജീവിച്ചുകൊള്ളാമെന്ന ഒരു വ്രതവാഗ്ദാനം. അമ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ വ്രതവാഗ്ദാനവുമായി അള്‍ത്താരയിലണഞ്ഞ ഒരു സഹനബലിയുടെ നേര്‍ക്കാഴ്ചയാണ് ബഹു. ജേക്കബ് വടക്കേക്കുടി അച്ചന്‍. ശൈശവം കഴിഞ്ഞ് ബാല്യത്തിലെത്തിയപ്പോള്‍ മുതല്‍ കര്‍ത്താവിന്റെ ദാസനായി പരിണമിയ്ക്കുവാനുള്ള ഒരു ഉള്‍വിളി അദ്ദേഹത്തില്‍ അങ്കുരിച്ചിരുന്നു. പ്രതിലോമ സാഹചര്യങ്ങളെ നേരിടേണ്ടിവന്നുവെങ്കിലും കര്‍ത്താവിന്റെ കര്‍മ്മഭൂവിലെ ഒരു ദാസനാകുവാനുള്ള ആഗ്രഹം തിരുത്തുവാനായില്ല. അടിസ്ഥാന വിദ്യാഭ്യാസങ്ങള്‍ക്കുശേഷം സമര്‍പ്പണ ജീവിത്തിനായി ആ ജന്മം ഉഴിഞ്ഞുവച്ചു.

 

 

തത്വശാസ്ത്രങ്ങളും, ദൈവശാസ്ത്രങ്ങളും കരഗതമാക്കിയ അദ്ദേഹം 1961 മാര്‍ച്ച് 12-നു മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മാത്യു പോത്തനാമൂഴിയില്‍ നിന്നും ദൈവീകമായ തിരുപ്പട്ടം സ്വീകരിച്ചു. ചെറുപ്പത്തിന്റെ ചൂടും ചൂരും ഉശിരും ഊര്‍ജ്ജസ്വലതയുമുള്ളപ്പോള്‍, വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കോതമംഗലം രൂപതയിലെ വിവിധ ഇടവകകളിലെ ആത്മീയ ഗുരുവായി നിയമിക്കപ്പെട്ടു. മലയും, മുള്ളും, കാട്ടാറുകളും, കല്‍വഴികളും, ഘോരമായ വന്യജീവജാലങ്ങളേയും താണ്ടി, ചെന്നിടത്തെല്ലാം ദേവാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, മഠങ്ങളും, ആതുരാലയങ്ങളും സ്ഥാപിച്ചു. കര്‍ത്താവിന്റെ കൃപയില്‍ മാത്രം ആശ്രയിച്ച ആ സമര്‍പ്പണ ജീവിതം, മാനവരാശിയ്ക്ക് ഉയര്‍ച്ചയും വളര്‍ച്ചയുമേകി 21 വര്‍ഷത്തെ സഹനജീവിതത്തിലൂടെ അനേകായിരങ്ങളെ വിശ്വാസത്തിന്റെ പന്ഥാവിലൂടെ നയിച്ചതിനുശേഷം ദൈവം തന്ന തന്റെ മറ്റൊരു ദൗത്യത്തെ അദ്ദേഹം മനസാവരിച്ചു.

 

അടുത്ത മൂന്നുവര്‍ഷങ്ങള്‍, ക്രിസ്തുവിനെ അറിയാതിരുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലായി അദ്ദേഹത്തിന്റെ സഹനബലി. ലൈബിരിയന്‍ ഭൂപ്രദേശത്തെ പീഡകള്‍ സഹനങ്ങളാക്കി മാറ്റി അനേകരെ ദൈവീകമായ വരദാനപന്ഥാവിലൂടെ നയിച്ചു. മനസ്സ് സജ്ജമായിരുന്നെങ്കിലും, ശരീരം നിബന്ധനകള്‍ക്കു വിധേയമായി. മനസ്സില്ലാ മനസോടെയെങ്കിലും പുതിയ ദൈവീക ദൗത്യവുമായി അമേരിക്കന്‍ ഐക്യനാടുകളിലേക്ക് ഒരു നാടുകടത്തല്‍. കര്‍മ്മസാഫല്യത്തിനും കര്‍മ്മനിരതയ്ക്കും മുന്നില്‍ അടിയറവു പറയാത്ത ആ മഹാനസ്കത വീണ്ടും വചനപ്രഘോഷണത്തില്‍ വ്യാപൃതനായി. സുദീര്‍ഘമായ 31 വര്‍ഷങ്ങള്‍ സുഖലോലുപതയുടെ മടിത്തട്ടിലുറങ്ങുന്ന അമേരിക്കന്‍ സമൂഹത്തെ ആദ്ധ്യാത്മികതയുടെ തിരിനാളം കൊളുത്തി തട്ടിയുണര്‍ത്തി. മൊണ്ടാന സംസ്ഥാനത്തിന്റെ ഹെലാനാ പ്രവിശ്യകളായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം. അമ്പത്തിയഞ്ച് വര്‍ഷത്തെ സുദീര്‍ഘമായ പൗരോഹിത്യജീവിതത്തിനുശേഷം ഭാഗികമായി വിരമിച്ചുവെങ്കിലും ദൈവീക ചൈതന്യം കടംകൊടുക്കാതെ ബാള്‍ട്ടിമോറില്‍ ഇന്നും യേശുനാമം ഉച്ചൈസ്ഥരം പ്രഘോഷിക്കുന്നു.

 

തന്റെ കുടുംബാംഗമായ ടിസന്‍ തോമസും കുടുംബവുമായി ഭാഗിക വിശ്രമജീവിതം നയിക്കുമ്പോഴും അനേകര്‍ക്ക് വചനാമൃതം നല്‍കുന്ന ഒരു വ്യക്തിപ്രഭാവവുമാണ് ജേക്കബ് വടക്കേക്കുടി അച്ചന്‍. പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ 2016 ജൂണ്‍ അഞ്ചാം തീയതി അഭിവന്ദ്യ അങ്ങാടിയത്ത് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ എട്ടു പുരോഹിത ശ്രേഷ്ഠരുടെ സാന്നിധ്യത്തില്‍ ജേക്കബ് വടക്കേക്കുടി അച്ചന്റെ അമ്പത്തഞ്ചാം പൗരോഹിത്യവാര്‍ഷികം ഭക്തിനിര്‍ഭരമായി കൊണ്ടാടി. അമ്പത്തിയഞ്ച് വര്‍ഷത്തെ ത്യാഗോജ്വലമായ സമര്‍പ്പണ ജീവിതത്തിന്റെ കാതലെന്തെന്ന അനേകരുടെ ചോദ്യത്തിന് ജേക്കബ് അച്ചന് ഒരു ഉത്തരം മാത്രം "ദൈവം സ്‌നേഹമാണ്'.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.