You are Here : Home / USA News

യഥാര്‍ഥ കുറ്റവാളിയും രേഖാചിത്രവും

Text Size  

Story Dated: Friday, June 17, 2016 02:51 hrs UTC

(രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ)

 

ജിഷാ വധക്കേസ് ..!! പലരെയും പ്രതികളാക്കി നിരവധി വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ചില ചാനലുകാരും, ചില പത്രക്കാരും കാണികളെയും വായനക്കാരെയും വിഡ്ഢികളാക്കി ചിരിച്ചു രസിച്ചു. പ്രതി ആദ്യം മഞ്ഞ ഷര്‍ട്ടുകാരന്‍, ബൈക്കില്‍ വന്നവന്‍, പിന്നെ ഒരു രാഷ്ട്രീയ നേതാവിന്റെ വാടക കൊലയാളി, പിന്നീട് ചേച്ചിയുടെ കാമുകന്‍.. അങ്ങനെ പിടിയിലായവര്‍ ഏറെ. അതിനിടയില്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ വേറെയും..മരണമടഞ്ഞ ദിവസം ജിഷ മദ്യപിച്ചിരുന്നു..നേരത്തെ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനത്തിന് വിധേയ ആയിട്ടുണ്ട്...അങ്ങനെ അച്ചുകളും അക്ഷരങ്ങളും വാര്‍ത്തകളായി നിരന്നു.. ദുരൂഹ സാഹചര്യത്തില്‍ ഒരാളെ കണ്ട പലരില്‍ നിന്നും പ്രതി എന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രവും തയ്യാറായി പുറത്തു വന്നു ..അത് മൂലം തകര്‍ന്നതോ.. സിനിമാ മോഹവുമായി നടന്ന ഒരു പാവം ചെറുപ്പക്കാരന്റെ അഭിലാഷങ്ങളും ജീവിതവും.. ദിവസങ്ങള്‍ കഴിഞ്ഞു ..ഭരണം മാറി ..ഭ രണാധികാരികള്‍ മാറി ..

 

 

ഒപ്പം അന്വേഷണ ഉദ്യോഗസ്ഥരും മാറി ..അങ്ങനെ എല്ലാവര്‍ക്കും സമാധാനവുമായി...ഇന്നിതാ പുതിയ വാര്‍ത്ത വിളംബരം ചെയ്തിരിക്കുന്നു. ജിഷയുടെ ഘാതകനെ പിടികൂടി. കൊലയാളി ആസാം സ്വദേശി . കുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തി . അത് പഴയ മുത്തൂറ്റ് പോള്‍ വധക്കേസിലെ 'എസ്' കത്തി പോലെയാവുമോ എന്നറിയില്ല .പോട്ടെ, എന്നാലും പ്രതിയെ കിട്ടിയല്ലോ ..സമാധാനം. തീര്‍ന്നില്ല,..പ്രതിയുടെ ചിത്രം എന്ന വിശേഷണത്തോടു കൂടിയ ഒരു പടം ഇന്ന് പ്രചരിച്ചത് കണ്ടു. ആരോ ഒപ്പിച്ച ആരുടെയോ ഫോട്ടോ. ഇത് കണ്ട്, കേട്ട പാതി കേള്‍ക്കാത്ത പാതി കേരളത്തിലെ ഡസന്‍ കണക്കിനുള്ള ചാനലുകാരില്‍ ചിലര്‍ 'ഇപ്പോള്‍ ഞങ്ങള്‍ ചുട്ടെടുത്ത ചൂടപ്പം' എന്ന തരത്തില്‍ കാണികള്‍ക്ക് മുന്‍പില്‍ വിളമ്പി. അത് പലരുമെടുത്ത് ഫെയിസ് ബുക്കിലും വിളമ്പി.

 

 

 

അവസാനം, ആ പടം ഓരോരുത്തര്‍ക്കും ഇഷടമുള്ള വാചകങ്ങള്‍ ചേര്‍ത്ത് ആഘോഷിച്ചു. അപ്പോള്‍ കേരളത്തിലെവിടെയോ ഇതൊന്നുമറിയാതെ ജീവിക്കുന്ന ആ ഫോട്ടോയുടെ യഥാര്‍ഥ ഉടമയായ ചെറുപ്പക്കാരന്‍ മറ്റുള്ളവരുടെ മുന്‍പില്‍ കുറ്റക്കാരനായി. അപമാന ഭാരം താങ്ങാനാവാതെ ആത്മഹത്യക്ക് ശ്രമിച്ചു എന്നാണറിവ്. ഈ വാര്‍ത്ത സത്യമെങ്കില്‍............പ്രിയമുള്ളവരേ, സത്യം ചെരിപ്പിടുന്നതിനു മുന്‍പേ നുണ ലോക സഞ്ചാരത്തിനിറങ്ങുന്ന ഈ ഈ യുഗത്തില്‍, അറവുകാരന്റെ കയ്യിലെ മൂര്‍ച്ചയേറിയ കത്തിയെക്കാളും ശക്തിയുള്ള ഇത്തരം തെറ്റായ വാര്‍ത്തകള്‍ പടച്ചു വിട്ടു റേറ്റിംഗ് കൂട്ടുന്ന പ്രിയ ചാനലുകാരെ, പത്ര മുതലാളിമാരെ.., അരുത്...നാളെ അയാളുടെ സ്ഥാനത്ത് നമ്മുടെ പ്രിയപ്പെട്ടവരാകാം വ്യാജ വാര്‍ത്തയിലും ഫോട്ടോയിലും നിറയുന്നത് . ഇത്തരത്തിലുള്ള പാപ ഭാരത്തില്‍ അകപ്പെടാതെ സത്യത്തെ വാര്‍ത്തയാക്കൂ.... (ഇതോടൊപ്പം കൊടുത്തിരിക്കുന്ന ജിഷയുടെ ഫോട്ടോ ഓണ്‍ലൈനില്‍ നിന്നും എടുത്തതാണ്. അതിന്റെ ഉടമയോട് എന്റെ കടപ്പാട് വളരെ വിനീതമായി അറിയിക്കുന്നു.)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.