You are Here : Home / USA News

മതേതരത്വം നഷ്ടപ്പെടുന്ന ഫൊക്കാന

Text Size  

Story Dated: Monday, June 20, 2016 05:23 hrs UTC

ജോസഫ് കുരിയപ്പുറം

 

വടക്കേ അമേരിക്കയിലെ മലയാളികളുടെ ആവേശമായിരുന്ന സംഘടനകളുടെ സംഘടനയായ ഫൊക്കാന 2006-ലെ നിര്‍ഭാഗ്യകരമായ പിളര്‍പ്പിനുശേഷം ഒരിക്കല്‍ കൂടി പ്രതിസന്ധിയെ നേരിടുകയാണ്. 2006-ല്‍ പ്രതിനിധികള്‍ തിരഞ്ഞെടുത്തതും കോടതി വിധികളാല്‍ സ്ഥിരപ്പെടുത്തിയതുമായ തമ്പി ചാക്കോയുടെ പ്രസിഡന്‍റ് സ്ഥാനം "ഹൈജാക്ക്" ചെയ്ത് പ്രസിഡന്‍റായ വ്യക്തി കഴിഞ്ഞ പത്തുവര്‍ഷമായി അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടന്ന് ഫൊക്കാനയില്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി മാറിയും മറിഞ്ഞും അധികാരത്തില്‍ തുടരുന്ന ഈ വ്യക്തി തുടര്‍ഭരണത്തിനായി കാണിക്കുന്ന വ്യഗ്രതയും അവസരവാദവും ഭരണഘടനാലംഘനങ്ങളും ഫൊക്കാനയിലെ അംഗസംഘടനകള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

 

 

നീതിപൂര്‍വ്വം ഭരണനിര്‍വ്വഹണം നടത്തുന്നു എന്ന് ഉറപ്പാക്കേണ്ട ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ പക്ഷപാതപരമായി ഒരു സ്ഥാനാര്‍ത്ഥിയുടെ പാനലിനെ പിന്തുണയ്ക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ്. ഒരു അംഗസംഘടനയ്ക്കും വിശ്വാസമില്ലാത്ത ഇലക്ഷന്‍ കമ്മീഷണര്‍മാരെ സ്വയം നിയമിക്കുക വഴി അപഹാസ്യനായ ഇദ്ദേഹം ഇലക്ഷന്‍ അട്ടിമറിയ്ക്കാനും ഭരണം നിലനിര്‍ത്താനും ഏതു പ്രാകൃത വഴിയും സ്വീകരിക്കുമെന്നുറപ്പ്. അതിനെ ശരിവെയ്ക്കുന്നതാണ് ഇലക്ഷന്‍ പ്രഖ്യാപിച്ചതിനുശേഷം പുതുതായി 21 അംഗസംഘടനകള്‍ സ്ഥാനാര്‍ത്ഥികളും ഡെലിഗേറ്റുകളുമായി രംഗപ്രവേശം നടത്തിയത്....!! ഇതുവരെ രംഗത്തില്ലായിരുന്ന ഈ സംഘടനകളെ രംഗത്തിറക്കിയത് എന്ത് ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം ഇനിയും വ്യക്തമാക്കേണ്ടതുണ്ട്. കഴിഞ്ഞ ആറു വര്‍ഷത്തെ വരവുചിലവു കണക്കുകള്‍ നേരാംവണ്ണം ഫൊക്കാനയില്‍ അവതരിപ്പിച്ചു പാസാക്കി

 

അംഗസംഘടനകള്‍ക്ക് ഇതുവരെ അയച്ചുകൊടുത്തിട്ടില്ല എന്നുകൂടി കൂട്ടിവായിക്കുമ്പോള്‍ കാര്യങ്ങളുടെ ഗൗരവം മനസ്സിലാകും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്‍വന്‍ഷന്‍ സമയമാകുമ്പോള്‍ ഫൊക്കാനയുമായി പുലബന്ധം പോലുമില്ലെങ്കിലും കൈയ്യില്‍ പണമുള്ള ഏതെങ്കിലും സ്വാര്‍ത്ഥതാല്പര്യക്കാരെ പ്രസിഡന്‍റ് പദവി വാഗ്ദാനം ചെയ്ത് എഴുന്നെള്ളിച്ചു കൊണ്ടുവരികയും, അവരുടെ ചിലവില്‍ നിര്‍ലോഭം തിന്നുതിമര്‍ത്ത് അവസാനം കണ്‍വന്‍ഷന്‍ വന്‍ നഷ്ടത്തിലായി എന്ന സ്ഥിരം പല്ലവിയുമാണ് ഇക്കുറിയും ആവര്‍ത്തിക്കാന്‍ പോകുന്നത്. പതിവിനു വിരുദ്ധമായി ഫൊക്കാനയ്ക്കും വടക്കേ അമേരിക്കയിലെ മലയാളികള്‍ക്കും മൊത്തം അപമാനകരമായ ഹീനകൃത്യത്തിലേക്കാണ് ഈ ഗൂഢതന്ത്രജ്ഞന്മാരുടെ പോക്ക്. ഒരു പ്രത്യേക മതവിഭാഗക്കാര്‍ക്കുവേണ്ടി മാത്രം ഹോമവും, പുണ്യാഹവും മറ്റു കര്‍മ്മങ്ങളും നടത്തിവന്നിരുന്ന ഒരു മതസംഘടനയുടെ സ്ഥാപകനെ ഫൊക്കാന പ്രസിഡാന്‍റാക്കാനുള്ള നീക്കം എന്തു വിലകൊടുത്തും അംഗസംഘടനകള്‍ പരാജയപ്പെടുത്തിയേ പറ്റൂ.

 

ഈ മതനേതാവാണ് ന്യൂയോര്‍ക്കിലേയും ന്യൂജെഴ്സിയിലേയും മറ്റും അംഗസംഘടനകളിലൂടെ ഫൊക്കാന പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചതും പത്രവാര്‍ത്തകള്‍ വന്നതും. ഈ മതസംഘടന എങ്ങനെ ഫൊക്കാനയില്‍ അംഗത്വമെടുത്തു എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു. നിലവിലെ ഭരണഘടന പ്രകാരം മതസംഘടനകള്‍ക്ക് ഫൊക്കാനയില്‍ അംഗത്വം എടുക്കാന്‍ സാദ്ധ്യമല്ലെന്ന് വ്യക്തമായി നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. പിന്നെ എങ്ങനെ ഈയൊരു മതസംഘടന അംഗമായി എന്നും, എങ്ങനെ അതിന്‍റെ സ്ഥാപകനേതാവിനെ ഫൊക്കാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നും ഫൊക്കാനയെ സ്നേഹിക്കുന്ന, ആരംഭകാലം മുതല്‍ അതിലെ സജീവപ്രവര്‍ത്തകര്‍ക്കും, മറ്റു സാമൂഹ്യ-സാംസ്ക്കാരിക സംഘടനകള്‍ക്കും വിശിഷ്യാ അമേരിക്കന്‍ മലയാളികള്‍ക്കും അറിയാന്‍ ആഗ്രഹമുണ്ട്. തന്നെയുമല്ല, ഈ നേതാവ് അടുത്ത പ്രസിഡന്‍റായി വന്നാല്‍ അമേരിക്കയിലെ മറ്റു മതസംഘടനകള്‍ക്കും ഫൊക്കാനയില്‍ അംഗത്വം നല്‍കേണ്ടിവരുമെന്നത് ഒരു വിപത്ത് തന്നെയാണ്.

 

 

അങ്ങനെ വരുമ്പോള്‍ ഫൊക്കാനയുടെ പൂര്‍വ്വികരോടും, നാളിതുവരെ ഈ സംഘടനയുടെ വളര്‍ച്ചയില്‍ ജാഗരൂകരായി പ്രവര്‍ത്തിച്ച അനേകം പ്രവര്‍ത്തകരോടും കാണിക്കുന്ന നീതികേടാണ്. തന്നെയുമല്ല, ഫൊക്കാനയുടെ മതേതരത്വം അതോടെ ഇല്ലാതാകുകയും ചെയ്യും. ഈ ആപത്ത് മുന്‍കൂട്ടിക്കണ്ട് സത്വരനടപടികള്‍ സ്വീകരിക്കാന്‍ അംഗസംഘടനകള്‍ക്ക് അധികാരമുണ്ട്. ഫൊക്കാനയില്‍ വ്യക്തിവൈരാഗ്യത്തിന് സ്ഥാനമുണ്ടോ? ഉണ്ടെന്നു വേണം കരുതാന്‍..! കഴിഞ്ഞ ടൊറാന്‍റോ കണ്‍വന്‍ഷനില്‍ കൊമ്പുകോര്‍ത്ത രണ്ടു വ്യക്തികളില്‍ ഒരാള്‍ ഇപ്രാവശ്യം പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി രംഗത്തു വന്നപ്പോള്‍, മറ്റെയാള്‍ തടയാന്‍ വരുന്നു...! ഫൊക്കാനയുടെ ചിലവില്‍ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ അമേരിക്കയിലും കേരളത്തിലും 'മതസൗഹാര്‍ദ്ദ റാലി' നടത്തി പരിചയമുള്ള ഈ നേതാവ് പക്ഷെ സ്വന്തം സമുദായക്കാരനായ പഴയ എതിരാളിയെ തോല്പിക്കാന്‍ മനഃപ്പൂര്‍വ്വം ഒരു മതസംഘടയെ കൂട്ടുപിടിച്ച് അതിന്‍റെ നേതാവിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് ആശ്ചര്യമുളവാക്കുന്നു.

 

 

സുതാര്യമായ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ അനേകവര്‍ഷം കൂടെ നിന്നവരില്‍ ചിലര്‍ ഈ കുബുദ്ധികളുടെ കൂടെ ചേര്‍ന്നതും അവിശ്വസനീയമായിട്ടാണ് പലരും വീക്ഷിക്കുന്നത്. അധികാരമോഹം തലയ്ക്കുപിടിച്ച ഇക്കൂട്ടര്‍ ഫൊക്കാനയ്ക്ക് ശവക്കുഴിയാണ് തോണ്ടുന്നതെന്ന് തിരിച്ചറിയാതെ പോയി. അധികാരക്കൊതി മൂത്ത് ഫൊക്കാന എന്തെന്നും, അതിന്‍റെ ലക്ഷ്യമെന്തെന്നും മനസ്സിലാക്കാതെ ഒരു മതനേതാവിനെ പിന്തുണച്ച് രംഗത്തിറങ്ങിയിരിക്കുന്ന ന്യൂയോര്‍ക്കിലെ ഒരുപറ്റം നേതാക്കളുടെ കാപട്യങ്ങള്‍ തിരിച്ചറിയാന്‍ സാക്ഷരകേരളത്തില്‍ നിന്നും കുടിയേറിയ മലയാളികള്‍ മനസ്സിലാക്കണമെന്ന നിര്‍ദ്ദേശത്തോടൊപ്പം, ഫൊക്കാന അനുശാസിക്കുന്ന ഭരണഘടനയും അതിന്‍റെ മതേതര സ്വഭാവവും നിലനിര്‍ത്തുവാന്‍ പ്രതിജ്ഞാബദ്ധരായ അംഗസംഘടനകള്‍ ന്യൂയോര്‍ക്കിലെ അക്ഷരവിരോധികളും, അധികാരമോഹികളുമായ "അരിപ്രാഞ്ചിമാരെ" അര്‍ഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ലേഖകന്‍ ഫൊക്കാനയുടെ ദീര്‍ഘകാല പ്രവര്‍ത്തകനും നിലവിലെ ജോയിന്‍റ് സെക്രട്ടറിയും, ഫൊക്കാന കോണ്‍സ്റ്റിറ്റ്യൂഷന്‍ കമ്മിറ്റി ചെയര്‍മാനുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.