You are Here : Home / USA News

കങ്ങഴ എം.ജി. ഡി. എം. നഴ്‌സിംഗ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ആദ്യ സമ്മേളനം

Text Size  

Story Dated: Wednesday, June 22, 2016 10:18 hrs UTC

അററ്‌ലാന്റാ: കങ്ങഴ എം.ജി. ഡി. എം. നഴ്‌സിംഗ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ആദ്യ സമ്മേളനം മേയ് 30-ന് അററ്‌ലാന്റാ മാര്‍ത്തോമാ ഇടവകയുടെ ഫെലോഷിപ്പ് ഹാളില്‍ വച്ചു നടത്തപ്പെട്ടു. ഇടവക വികാരി റവ. എം. പി സാമുവേല്‍ മുഖ്യാതിഥിയായിരുന്നു. 1975 -ലെ ആദ്യ ബാച്ചു മുതല്‍ പഠനം പൂര്‍ത്തിയാക്കി അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ കുടിയേറിയ 20 നഴ്‌സുമാര്‍ ആദ്യ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. എം.ജി. ഡി. എം. നഴ്‌സിംഗ് സ്‌കൂളിന്റെ ആരംഭം മുതല്‍ പ്രിന്‍സിപ്പാള്‍ ആയി ദീര്‍ഘകാലം സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ശ്രീമതി മേരി ചാക്കോ, വിവിധ ബാച്ചുകളില്‍ വിദ്യാര്‍ഥികളായിരുന്ന സൂസമ്മ മാത്യു, വത്സമ്മ ഐസക്, ലാലി രാജു എന്നിവരുടെ സ്മരണയ്ക്കു മുമ്പില്‍ യോഗം ആദരാഞ്ജലിയര്‍പ്പിച്ചു.

 

മനുഷ്യരോടുള്ള കരുണയും ശുശ്രൂഷയോടുള്ള പ്രതിബദ്ധതയുമാണ് നഴ്‌സിംഗ് എന്ന മഹത്വകരമായ സേവനത്തെ ഫലകരമാക്കുന്നതെന്ന് റവ. എം. പി സാമുവേല്‍ ഉദ്‌ബോധിപ്പിച്ചു. നഴ്‌സിംഗ് ഒരു ദൈവിക പ്രവര്‍ത്തിയാണ് എന്ന ബോധത്തോടെ ചെയ്യുമ്പോഴാണ് ഈ ശുശ്രൂഷ പരിപൂര്‍ണ്ണമാകുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. കങ്ങഴ സ്‌കുള്‍ ഓഫ് നഴ്‌സിംഗിലെ ആദ്യ ബാച്ച് വിദ്യാര്‍ഥിനിയും ഉപരി പഠനത്തിനു ശേഷം അവിടെ നഴ്‌സിംഗ് ട്യൂട്ടറായും പിന്നീട് പ്രിന്‍സിപ്പാള്‍ ആയും സേവനം അനുഷ്ഠിച്ച ശ്രീമതി ഏലിയാമ്മ തോമസ് (നോര്‍ത്ത് കരോലീന) പ്രഭാഷണം നടത്തി. മനുഷ്യ ജീവിതത്തിലെ വളരെ നിസ്സഹായമായ അവസ്ഥയില്‍ ആശുപത്രികളില്‍ അഭയം പ്രാപിക്കുന്ന രോഗികള്‍ക്കു വേണ്ടുന്ന ശുശ്രൂഷകള്‍ ആദരവോടും ആദ്രതയോടും കൂടെ നല്‍കുമ്പോള്‍ ലഭിക്കുന്ന സന്തോഷമാകണം ഓരോ നഴ്‌സിന്റെയും മഹത്തായ പ്രതിഫലം എന്ന് ഓര്‍മ്മിപ്പിച്ചു.

 

 

കങ്ങഴ എം.ജി. ഡി. എം. നഴ്‌സിംഗ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടെ അമേരിക്കയിലെ പ്രഥമ സമ്മേളനം നടത്തുവാന്‍ നേതൃത്വം നല്‍കിയ ഏവരെയും ശ്രീമതി ഏലിയാമ്മ തോമസ് അഭിനന്ദിച്ചു. എം.ജി. ഡി. എം -ലെ പഠനവും പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷവും ജീവിത വിജയത്തിന് വളരെ പ്രയോജനപ്പെട്ടുവെന്ന് വന്നുചേര്‍ന്നവര്‍ സാക്ഷ്യപ്പെടുത്തുക യുണ്ടായി. ആഷ്‌ലി ജോര്‍ജിന്റെ ഗാനാലാപനവും, ജെസ്സി പുളിമൂട്ടില്‍, ജെസ്സി വറുഗീസ്, ജോളി വര്‍ക്കി എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച എം.ജി. ഡി. എം -ന്റെ മധുര സ്മരണകളു യര്‍ത്തുന്ന പാരഡി ഗാനവും ഏവരും ആസ്വദിച്ചു. നഴ്‌സിംഗ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ആദ്യ സംഗമം അററ്‌ലാന്റായില്‍ വച്ചു നടത്തുവാന്‍ മുന്‍കൈയ്യെടുത്തത് ജെസ്സി മാത്യു, ലില്ലി ആനിക്കാട്, ജൂലി വര്‍ക്കി, ലൈസാ ജേക്കബ്, മേഴ്‌സി ചെറിയാന്‍ എന്നിവരാണ്. അടുത്ത സംഗമം 2018 മേയ് 28ാം തീയതി ഹ്യൂസ്‌ററണില്‍ വച്ചു നടത്തുവാന്‍ വേണ്ടുന്ന ക്രമീകരണങ്ങള്‍ ചെയ്യുവാന്‍ റൂബി ജേക്കബ്, ജോളി ജോയ്, എത്സി നൈനാന്‍ എന്നിവരെ ചുമതലപ്പെടുത്തി. പ്രഥമ പ്രിന്‍സിപ്പാള്‍ ആയി ദീര്‍ഘകാലം സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച ശ്രീമതി മേരി ചാക്കോയുടെ സ്മരണ നിലനിര്‍ത്തുവാനുള്ള പദ്ധതികള്‍ ആരംഭിക്കുവാന്‍ യോഗം തീരുമാനിച്ചു. ജെസ്സി പുളിമൂട്ടില്‍ തുടങ്ങിയ MGDM Stars എന്ന ഫേയ്‌സ് ബുക്ക് പേജില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്. റിപ്പോര്‍ട്ട്: ആന്‍ഡ്രൂസ് അഞ്ചേരി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.