You are Here : Home / USA News

അമേരിക്കന്‍ മലയാളിയുടെ വളര്‍ച്ചയും കൂട്ടായ്മയും ഊര്‍ജിതപ്പെടുത്തിയ ഡോ:കാവില്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, June 22, 2016 08:07 hrs UTC

അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചക്കും കൂട്ടായ്മ ഊര്‍ജിതപ്പെടുത്താനും നിസ്വാര്‍ഥ സേവനം നടത്തിയ വ്യക്തിയാണ് ഡോ. ശ്രീധര്‍ കാവില്‍. അദ്ദേഹത്തിന്റെ കയ്യൊപ്പ് തന്ത്രപ്രധാനമായ പല മേഖലകളിലും പതിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് വേള്‍ഡ് മലയാളി കൗണ്‍സിലെന്ന സംഘടനയുടെ അമേരിക്കയിലെ വളര്‍ച്ചക്ക് പിന്നില്‍ സദാ വ്യാപൃതനായിരുന്നു അദ്ദേഹം. സംഘടനാ രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടു തന്നെയാണ് ഡോ. ശ്രീധര്‍ കാവില്‍ അമേരിക്കയിലെ മലയാളികള്‍ക്ക് എന്നും പ്രിയങ്കരനായി മാറുന്നത്. പ്രവാസി വസ്തു സംരക്ഷണ നിയമം നടപ്പിലാക്കുന്നതിന് പിന്നിലെ കരുത്തുറ്റ ശക്തിയായിരുന്നു അദ്ദേഹം. ഈ പ്രശ്‌നം സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ എന്നും മുന്‍പന്തിയിലുണ്ടായി. അമേരിക്കയിലെ വിദ്യാഭ്യാസ രംഗത്തും ഏറെ സംഭാവന നല്‍കിയ വ്യക്തിയാണ്. പതിറ്റാണ്ടുകളോളം ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് സര്‍വകലാശാലയില്‍ മാര്‍ക്കറ്റിങ് പ്രൊഫസറായിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കയിലുടനീളം വലിയൊരു ശിഷ്യ സമ്പത്തും ഡോ. ശ്രീധര്‍ കാവിലിനുണ്ട്. എന്റെ മാധ്യമപ്രവര്‍ത്തനത്തെ ഏറെ പ്രോത്‌സാഹിപ്പിച്ച വ്യക്തികൂടിയാണ്. പല പ്രധാനപ്പെട്ട വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്നത് നിത്യസംഭവമായിരുന്നു. അദ്ദേഹത്തിനൊപ്പം വേദികള്‍ പങ്കിടാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഞാനും അദ്ദേഹവുമായി ഒരു സംവാദം തന്നെ നടത്തിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ചും ഏതൊക്കെ മേഖലകളിലാണ് അദ്ദേഹം ശ്രദ്ധ ചെലുത്തേണ്ടത് എന്നതിനെ കുറിച്ചുമായിരുന്നു സംവാദം. ഡോ. ശ്രീധര്‍ കാവിലിന്റെ വേര്‍പാട് അമേരിക്കയിലെ മലയാളികള്‍ക്ക് തീരാ നഷ്ടം തന്നെയാണ്. മലയാളി സംഘടനകളെ വളര്‍ത്താന്‍ എക്കാലവും അദൃശ്യ ശക്തിയായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. വേള്‍ഡ് മലയാളി കൗണ്‍സിലില്‍ പുതിയ യുവാക്കളെ കൊണ്ടുവരാനും അവര്‍ക്ക് ചുമതലകള്‍ നല്‍കാനും പ്രചോദനമായും പ്രോത്‌സാഹനം നല്‍കിയും അദ്ദേഹം എക്കാലവും നിലകൊണ്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.