You are Here : Home / USA News

ചാവേർ ആക്രമണത്തെ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് ബാവ അപലപിച്ചു

Text Size  

Story Dated: Thursday, June 23, 2016 10:24 hrs UTC

(രാജു ശങ്കരത്തിൽ, ഫിലാഡൽഫിയാ).

 

ഫിലാഡൽഫിയാ, സിറിയൻ ഓർത്തഡോക്ക്സ് സഭാതലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം കരീം ദ്വീതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് നേരെ തന്റെ ജന്മ നാട്ടിൽ നടന്ന ചാവേറാക്രമണത്തെ, ഭാരത കാത്തോലിക്കാ മെത്രാൻ സംഘത്തിന്റെ (സി . ബി. സി. ഐ ) പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ചു ബിഷപ്പുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ വളരെ ശക്തമായി അപലപിച്ചു. രാജ്യത്തെ ക്രൈസ്തവരുടെയും, മറ്റ് ന്യൂനപക്ഷങ്ങളുടയും മതപരമായ അവകാശങ്ങൾ നടപ്പിലാക്കുവാൻ അധികാരികൾ ക്രമസമാധാനപാലന ചുമതലയുള്ളവർക്കു നിർദ്ദേശം നൽകണമെന്നും, ഭീകരതയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയും, ലോകരാജ്യങ്ങളും ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

 

ഇത്തരം ചാവേറുകളെ, മാനസാന്തരത്തിൽ കൂടി മാത്രമേ ക്രൂരമായ ഇത്തരം പ്രവർത്തനങ്ങളിൽനിന്നും പിന്തിരിപ്പിക്കാൻ സാധ്യമാവുകയുള്ളുവെന്നും , അതിനായി സഭാ വ്യത്യാസമില്ലാത് നമ്മളോരോരുത്തരും പ്രാർത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വച്ചു നടന്ന ഡെലവെയർവാലി റീജിയണിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായ ഫിലാഡൽഫിയാ എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ വൈദീക സംഘത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

 

 

വിവിധ സഭകളിൽപെട്ട ഈ വൈദീകരുടെ സഹൃദ കൂട്ടായ്മ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും, അക്രമങ്ങളും മത വിദ്ധ്വേഷങ്ങളും നടമാടുന്ന ഈ ആധുനിക യുഗത്തിൽ, സമൂഹ മദ്ധ്യത്തിൽ ക്രൈസ്തവ സാക്ഷ്യം ഉയർത്തിപ്പിടിക്കുവാൻ ഈ എക്യൂമെനിക്കൽ പ്രസ്ഥാനം കെട്ടിപ്പടുത്ത ഈ സഹൃദ കൂട്ടായ്മ അങ്ങേയറ്റംപ്രശംസാപരമാണെന്നും പരിശുദ്ധ ബാവ കൂട്ടിച്ചേർത്തു. ഒപ്പം, തിരുമേനി അമേരിക്കയിൽ ഉണ്ടായിരുന്ന സമയത്തു്, തനിക്കു ലഭിച്ച എക്യൂമെനിക്കൽ അനുഭവങ്ങൾ അദ്ദേഹം പങ്കു വച്ചു. ആ അനുഭവങ്ങൾ തന്റെ ഈ പദവിയിൽ വളരെയധികം ഊർജ്ജം പകർന്നു നൽകുവാൻ സാധ്യമായെന്നും അദ്ദേഹം അനുസ്മരിച്ചു. എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ ഭാവി പ്രോജക്റ്റായ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു. കർദ്ദിനാൾ പദവി ലഭ്യമായതിനു ശേഷം ആദ്യമായി ഫിലാഡൽഫിയായിൽ ഹൃസ്വ സന്ദർശനത്തിന്, 21-ന് ചൊവ്വാഴ്ച വൈകിട്ടു 7 മണിയോട് കൂടി എത്തിച്ചേർന്ന പരിശുദ്ധ പിതാവിനെ, എക്യൂമെനിക്കൽ ഫെലോഷിപ്പ് ചെയർമാൻ റവ. ഫാദർ. ഷിബു മത്തായി ബൊക്കെ നൽകി സ്വീകരിച്ചു.

 

 

ബാവായുടെ പ്രാർത്ഥനയ്ക്ക് ശേഷം നടന്ന മീറ്റിങ്ങിൽ സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയ വികാരി റവ. ഫാദർ. സജി മുക്കൂട്ട് എല്ലാവർക്കും സ്വാഗതമോതി. റവ. ഫാദർ. ഷിബു മത്തായി, റവ. ഫാദർ. എം .കെ . കുറിയാക്കോസ്, റവ. എം.വി. ഏബ്രാഹാം എന്നിവർ ചുരുങ്ങിയ വാക്കുകളിൽ പ്രസംഗിച്ചു. എക്യൂമെനിക്കൽ സെക്രട്ടറി മിസ്റ്റർ. മാത്യു ശാമുവേൽ എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു. റിലീജിയസ് കമ്മറ്റി ചെയർപേഴ്‌സൺ റവ. ഫാ. ഗീവർഗീസ് ജോൺ വന്നു ചേർന്ന ഏവർക്കും നന്ദി രേഖപ്പെടുത്തി. പരിശുദ്ധ പിതാവിന്റെ സാന്നിധ്യം എക്യൂമെനിക്കൽ ഫെലോഷിപ്പിന് കൈവന്ന ഒരസുലഭ മുഹൂർത്തമായി കാണുന്നുവെന്നും ഫാദർ ഗീവർഗീസ് ജോൺ കൂട്ടിച്ചേർത്തു. ഇടവക വികാരി റവ. ഫാദർ. സജി മുക്കൂട്ട് , എക്യൂമെനിക്കൽ റപ്രസെന്ററ്റീവ് മിസ്റ്റർ സജീവ് ശങ്കരത്തിൽ എന്നിവർ ചേർന്നു ക്രമീകരിച്ച വളരെ മനോഹരമായ മീറ്ററിംഗിന് ശേഷം വന്നു ചേർന്ന എല്ലാവർക്കും കാതോലിക്കാബാവായുടെയൊപ്പം സ്നേഹ വിരുന്നും ഉണ്ടായിരുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.