You are Here : Home / USA News

അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്‌ സഹപ്രവര്‍ത്തകര്‍ ഊഷ്‌മളമായ യാത്രയയപ്പ്‌ നല്‍കി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, June 01, 2015 09:59 hrs UTC

ഡിട്രോയ്‌റ്റ്‌: കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഔദ്യോഗിക ജീവിതം നയിച്ചു വന്നിരുന്ന ഡിട്രോയ്‌റ്റ്‌ ഈസ്റ്റ്‌ ഹെല്‍ത്ത്‌ സര്‍വീസസില്‍ നിന്ന്‌ വിരമിക്കുന്ന അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്‌ സഹപ്രവര്‍ത്തകര്‍ ഊഷ്‌മളമായ യാത്രയയപ്പ്‌ നല്‍കി. മെയ്‌ 27-ന്‌ ഡിട്രോയ്‌റ്റ്‌ ഹെല്‍ത്ത്‌ സര്‍വീസസിലെ ബോര്‍ഡ്‌ റൂമില്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യാത്രയയപ്പ്‌ ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്രസിഡന്റും സി.ഇ.ഒ.യുമായ ഡോ. ഫാറോ അബ്ദുളിന്റെ മികച്ച സേവനത്തെക്കുറിച്ചും, അര്‍പ്പണമനോഭാവത്തെക്കുറിച്ചും സംസാരിച്ചു. ക്ലിനിക്കല്‍ ഡയറക്ടര്‍ വിര്‍ജില്‍ വില്യംസ്‌ അബ്ദുളിന്റെ കൃത്യനിര്‍വ്വഹണത്തെക്കുറിച്ചും ജോലിയിലുള്ള ശുഷ്‌ക്കാന്തിയെക്കുറിച്ചും ആത്മാര്‍ത്ഥതയെക്കുറിച്ചും സംസാരിച്ചു.

 

കഴിഞ്ഞ ഇരുപത്‌ വര്‍ഷക്കാലത്തോളം ഡിട്രോയ്‌റ്റ്‌ ഈസ്റ്റ്‌ ഹെല്‍ത്ത്‌ സര്‍വീസസിന്‌ അബ്ദുള്‍ നല്‍കിയ സേവനം ഒരിക്കലും മറക്കാവതല്ല എന്നും, അദ്ദേഹത്തിന്‌ ശോഭനമായ ഒരു ഭാവിജീവിതം ഉണ്ടാകട്ടേ എന്നും, അതോടൊപ്പം തന്നെ നല്ല നല്ല നോവലുകള്‍ അദ്ദേഹത്തിന്റെ തൂലികത്തുമ്പില്‍ നിന്ന്‌ ഉത്ഭവിക്കുമാറാകട്ടേ എന്ന്‌ ആശംസിക്കുകയും അബ്ദുളിന്‌ ഉപഹാരം സമ്മാനിക്കുകയും ചെയ്‌തു. അബ്ദുള്‍ ഒരു സഹപ്രവര്‍ത്തകനെന്നതിലുപരി ഒരു സഹോദരനോ സുഹൃത്തോ ഒക്കെയായിരുന്നു എന്ന്‌ സഹപ്രവര്‍ത്തകര്‍ തങ്ങളുടെ ആശംസാപ്രസംഗത്തില്‍ ഓര്‍മ്മിച്ചു. കഴിഞ്ഞ ഇരുപതു വര്‍ഷക്കാലത്തോളം ഒരു കുടുംബമായി കഴിഞ്ഞിരുന്ന തങ്ങളില്‍ നിന്ന്‌ അബ്ദുള്‍ പിരിഞ്ഞുപോകുകയാണെങ്കിലും, അബ്ദുളിന്റെ ഓര്‍മ്മകള്‍ എന്നെന്നും തങ്ങളുടെ മനസ്സില്‍ മായാതെ കിടക്കുമെന്നും എല്ലാവരും പറഞ്ഞു. അദ്ദേഹത്തിന്‌ ആശംസകളര്‍പ്പിച്ച ഓരോരുത്തരും വികാരാധീനരായിരുന്നു. ഡിടോയ്‌റ്റ്‌ ഹെല്‍ത്ത്‌ ഈസ്റ്റ്‌ ഹെല്‍ത്ത്‌ സര്‍വീസസിലെ തന്റെ ഔദ്യോഗിക ജീവിതം തന്റെ ജീവിതത്തിലെ തന്നെ ഒരു നാഴികക്കല്ലാണെന്നും, തനിക്ക്‌ നല്‍കിയ പിന്തുണകള്‍ക്കും സഹകരണത്തിനും എല്ലാവര്‍ക്കും നന്ദി പറയുന്നതിനോടൊപ്പം ഈ സ്ഥാപനത്തിലെ തന്റെ ഔദ്യോഗികജീവിതം എന്നെന്നും കൃതജ്ഞതയോടെ ഓര്‍ക്കുമെന്നും അബ്ദുള്‍ തന്റെ നന്ദിപ്രകടനത്തില്‍ വ്യക്തമാക്കി. ചടങ്ങുകള്‍ക്കു ശേഷം എല്ലാവര്‍ക്കും മധുരം വിളമ്പി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.