You are Here : Home / USA News

മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ 85-ാം ജന്മദിനാഘോഷം ഹൂസ്റ്റണില്‍ ജൂണ്‍ 27ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, June 17, 2015 11:15 hrs UTC

ഹൂസ്റ്റണ്‍ : മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ 85-ാം ജന്മദിനം ഹൂസ്റ്റണിലെ മാര്‍ത്തോമ്മാ ഇടവകയുടെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ ആഘോഷിയ്ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമേനിയുടെ ജന്മദിനം ജൂണ്‍ 27നാണ്. ജൂണ്‍ 27 ശനിയാഴ്ച വൈകുന്നേരം 5.30ന് സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയോട് ചേര്‍ന്നുള്ള ഇമ്മാനുവേല്‍ സെന്ററില്‍ വച്ചാണ് പ്രത്യേക സമ്മേളനം ക്രമീകരിച്ചിരിയ്ക്കുന്നത്.
ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയും ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയും ചേര്‍ന്ന് സംയുക്തമായാണ് ജന്മദിനാഘോഷം ക്രമീകരിച്ചിരിയ്ക്കുന്നത്. അസുലഭമായ ഈ അവസരം അവിസ്മരണീയമാകുന്നതിനുള്ള ശ്രമത്തിലാണ് സഭാവിശ്വാസികള്‍.
ആഗോളതലത്തില്‍ മാര്‍ത്തോമ്മാ സഭയുടെ യശസ് ഉയര്‍ത്തിപ്പിടിയ്ക്കുവാന്‍ അക്ഷീണം പരിശ്രമിയ്ക്കുന്ന മെത്രാപ്പോലീത്താ തിരുമേനി ഭാരതത്തിലെ മാത്രമല്ല, ഏഷ്യയിലെയും എക്യൂമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തുറ്റ നേതൃത്വമാണ് നല്‍കികൊണ്ടിരിയ്ക്കുന്നത്. ഏഷ്യയിലെ ക്രൈസ്തവ സഭകളുടെ ഐക്യ കൂട്ടായ്മയായ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ(സിസിഎ) യുടെ മുന്‍ പ്രസിഡന്റ് കൂടിയാണ് തിരുമേനി.
സഭയുടെ നവീകരണ പിതാവായ അബ്രഹാം മല്പാന്റെ ജന്മഗൃഹമായ, ആത്മീയ ചൈതന്യം തുളുമ്പുന്ന മാരാമണ്‍ പാലക്കുന്നത്ത് തറവാട്ടില്‍ 1931 ജൂണ്‍ 27നായിരുന്നു ഈ ആത്മീയാചാര്യന്റെ ജനനം. മാര്‍ത്തോമ്മാ സഭയുടെ ആദ്യത്തെ നാലു മേലദ്ധ്യക്ഷന്മാര്‍ക്കും ജന്മം നല്‍കിയ കുടുംബവുമാണ് പാലക്കുന്നത്ത് കുടുംബം.
മലങ്കരസഭയുടെ 21-ാം മാര്‍ത്തോമ്മാ എന്ന ഉന്നതപദവി അലങ്കരിയ്ക്കുന്ന മെത്രാപ്പോലീത്താ തിരുമേനിയുടെ ജന്മദിന സമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍-ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ അദ്ധ്യക്ഷത വഹിയ്ക്കുന്നതും മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ മുഖ്യ സന്ദേശം നല്‍കുന്നതാണ്. ഇടവകപ്രതിനിധികള്‍ ജന്മദിനാശംസകള്‍ നേരുകയും രണ്ടു ഇടവകകളിലേയും ഗായകസംഘങ്ങള്‍ ഗാനങ്ങള്‍ ആലപിയ്ക്കുന്നതും ആയിരിയ്ക്കും.
ട്രിനിറ്റി ഇടവക വികാരി റവ.കൊച്ചുകോശി ഏബ്രഹാം, ഇമ്മാനുവേല്‍ ഇടവക വികാരി റവ.സജു മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത കമ്മറ്റിയാണ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.കൊച്ചുകോശി ഏബ്രഹാം-713 408 7394
റവ.സജു മാത്യൂ- 832 660 4281
റവ.മാത്യൂസ് ഫിലിപ്പ്- 832 898 8699
റവ.ജോണ്‍സണ്‍ തോമസ് ഉണ്ണിത്താന്‍- 832 876 4281
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.