You are Here : Home / USA News

സ്വാമി ഉദിത്‌ ചൈതന്യയുടെ ആത്മീയ പ്രബോധനവുമായി നാമം

Text Size  

Story Dated: Saturday, June 20, 2015 11:36 hrs UTC

രാജശ്രീ പിന്റോ

 

ന്യൂജേഴ്‌സി: ആത്മീയ പ്രകാശത്തിന്റെ വഴികളില്‍ വേറിട്ട വ്യക്തിത്വമായി സാമി ഉദിത്‌ ചൈതന്യയുടെ ആത്മീയ പ്രഭാഷണം 2015 ഓഗസ്റ്റ്‌ രണ്ടാം തീയതി വൈകിട്ട്‌ 4 മണി മുതല്‍ 8 മണി വരെ ന്യൂജേഴ്‌സി മോര്‍ഗന്‍വില്ലിലുള്ള ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച്‌ `നാമ'ത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു. ജീവിത തിരക്കിനിടയില്‍ നമ്മില്‍നിന്നകന്നുപോകുന്ന മന:ശാന്തിയും ആത്മവിശ്വാസവും പുനരുജ്ജീവിപ്പിച്ച്‌ ആത്മസാക്ഷാത്‌കാരത്തിന്റെ അകക്കണ്ണ്‌ തുറക്കാന്‍ സ്വാമി ദര്‍ശനങ്ങള്‍ നമ്മെ സഹായിക്കുമെന്നു നാമം രക്ഷാധികാരി മാധവന്‍ ബി. നായര്‍ പറഞ്ഞു. ജാതിമതഭേദമെന്യേ എല്ലാ ആള്‍ക്കാരും ഗുരുതുല്യനായി കരുതുന്ന സ്വാമിജിയുടെ പ്രബോധനം ശ്രവിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

ആത്മീയഗ്രന്ഥങ്ങളുടെ അന്തസത്തയെ കൂട്ടായി ഇരുന്നു പഠിക്കാനും ഉള്‍ക്കൊള്ളാനും കഴിയണം എന്ന ലക്ഷ്യത്തോടെ സ്വാമിജി സ്ഥാപിച്ച ഭാഗവതം വില്ലേജ്‌ ഇന്ന്‌ ലോക ആത്മീയ ഭൂപടത്തിലെ ഒരു വിശേഷ കേന്ദ്രമാണ്‌. അവിടെ നിന്നും ലോകമെമ്പാടും ആത്മീയ പ്രകാശം വര്‍ഷിക്കുന്ന സ്വാമിയുടെ യാത്രകളെ ന്യൂജേഴ്‌സിയിലും പ്രയോജനപ്പെടുത്താന്‍ കഴിയുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന്‌ പ്രസിഡന്റ്‌ ഗീതേഷ്‌ തമ്പി പറഞ്ഞു. ദൃശ്യമാധ്യമങ്ങളില്‍ക്കൂടി ദിവസേനയുടെ പ്രഭാഷണങ്ങള്‍ കൊണ്ട്‌ ആയിരങ്ങളെ സായൂജ്യത്തില്‍ എത്തിച്ച സ്വാമിയുടെ പ്രഭാഷണത്തെ തുടര്‍ന്ന്‌ ഭക്തജനങ്ങള്‍ക്ക്‌ സംശയനിവാരണം നടത്താന്‍ ചോദ്യോത്തര വേളയും തുടര്‍ന്ന്‌ കലാപരിപാടികളും ഒരുക്കിയിട്ടുണ്ടെന്നു പറഞ്ഞ നാമം കള്‍ച്ചറല്‍ സെക്രട്ടറി മാലിനി നായര്‍ ഈ ധന്യമുഹൂര്‍ത്തത്തില്‍ പങ്കെടുക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.