You are Here : Home / USA News

മാര്‍ത്തോമ്മ മെത്രോപ്പോലീത്തയ്ക്ക് ഹൂസ്റ്റണില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, June 27, 2015 11:03 hrs UTC

ഹൂസ്റ്റണ്‍: മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഹൂസ്റ്റണിലെ മാര്‍ത്തോമ്മാ വൈദീകരുടെയും ഇടവകകളുടെ ചുമതലക്കാരുടെയും നേതൃത്വത്തില്‍ ഹോബി വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പു നല്‍കി. നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പായും മെത്രാപ്പോലീത്തായെ അനുഗമിക്കുന്നുണ്ട്. ഇവരോടൊപ്പം ഭദ്രാസന സെക്രട്ടറി റവ.ബിനോയി.ജെ.തോമസ്, മെത്രാപ്പോലീത്തായുടെ ചാപഌയിന്‍ റവ.സിജോ ശാമുവേല്‍ എന്നിവരും എത്തിച്ചേര്‍ന്നു. വ്യാഴാഴ്ച വൈകുന്നേരം വിമാനത്താവളത്തില്‍ ട്രിനിറ്റി, ഇമ്മാനുവേല്‍ ഇടവകയുടെ വികാരിമായ റവ.കൊച്ചുകോശി ഏബ്രഹാം, റവ. സജു മാത്യു, അസിസ്റ്റന്റ് വികാരിമാരായ റവ.മാത്യുസ് ഫിലിപ്പ്, റവ.ജോണ്‍സണ്‍ തോമസ് ഉണ്ണിത്താന്‍ തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.
അഭിവന്ദ്യ മെത്രാപ്പോലീത്താ അമേരിക്കന്‍ മണ്ണില്‍ ആദ്യമായി സന്ദര്‍ശിച്ചതിന്റെ 50-ാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം. 1975 ഫെബ്രുവരി 8ന് എപ്പിസ്‌ക്കോപ്പായി ചുമതലയേറ്റ തിരുമേനി മേല്‍പ്പട്ടസ്ഥാനത്ത് 40-ാം വര്‍ഷങ്ങളും പൂര്‍ത്തീകരിച്ചു. മാര്‍ത്തോമ്മാ സഭയുടെ നവീകരണ പിതാവായ അബ്രഹാം മല്പാല്‍, ആദ്യത്തെ നാലു മെത്രാപ്പോലീത്താമാരായിരുന്ന മാത്യൂസ് മാര്‍ അത്താനാസ്യോസ്, തോമസ് മാര്‍ അത്താനാസ്യോസ്, തീത്തൂസ് പ്രഥമന്‍, തീത്തൂസ് ദ്വിതീയന്‍ എന്നിവര്‍ക്കു ജന്മം നല്‍കിയ പാലക്കുന്നത്ത് തറവാട്ടിലാണ് തിരുമേനിയുടെയും ജനനം. തീത്തൂസ് ദ്വിതീയന്‍ മെത്രാപ്പോലീത്തായുടെ സഹോദരപുത്രനായ പാലക്കുന്നത്ത് കടോണ്‍ പി.റ്റി. ലൂക്കോസി(ലൂക്കോച്ചന്‍)ന്റെയും മറിയാമ്മ ലൂക്കോസിന്റെയും മകനായി 1931 ജൂണ്‍ 27 നായിരുന്നു തിരുമേനിയുടെ ജനനം.
ആഢ്യത കൊണ്ടും, ആദര്‍ശം കൊണ്ടും, അനുകമ്പ കൊണ്ടും പാരമ്പര്യം കൊണ്ടും അല്പം പോലും ആടിയുലയാത്ത നേതൃത്വത്തിന്റെ ആരാധ്യപുരുഷനെന്ന് വിശേഷിപ്പിയ്ക്കാവുന്ന, മലങ്കര സഭയുടെ 21-ാം മാര്‍ത്തോമ്മാ പദവി അലങ്കരിയ്ക്കുന്ന മെത്രാപ്പോലീത്തായുടെ 85-ാം ജന്മദിനം സമുചിതമായി ആഘോഷിയ്ക്കുന്നതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇന്ന്(ശനി) സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ സെന്ററില്‍ വച്ച് വൈകുന്നേരം 5.30നാണ് ജന്മദിന സമ്മേളനം.
ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ, ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന അദ്ധ്യക്ഷന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ എന്നിവരും സംബന്ധിയ്ക്കുന്നതാണ്.
ജൂണ്‍ 28ന് ഞായറാഴ്ച രാവിലെ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ രാവിലെ 9 മണിയ്ക്ക് ആരംഭിയ്ക്കുന്ന വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന് നടക്കുന്ന ഇടവകദിന സമ്മേളനത്തിനും മെത്രാപ്പോലീത്താ നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.