You are Here : Home / USA News

2016 സ്‌പ്രിംഗ്‌ ഇന്റേണ്‍ഷിപ്പിന്‌ യു എസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ അപേക്ഷ ക്ഷണിക്കുന്നു

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Friday, July 03, 2015 10:41 hrs UTC

വാഷിംഗ്‌ടണ്‍: ഫെഡറല്‍ ഗവണ്‍മെന്റ്‌ ഏജന്‍സിയായ യു എസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റ്‌ (DOS) സമര്‍ത്ഥരായ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തോടൊപ്പം അമേരിക്കന്‍ സിവില്‍ സര്‍വീസിലോ, ഫോറിന്‍ സര്‍വീസിലോ സേവനംചെയ്യുന്നതിനുള്ള സുവര്‍ണാവസരം ഒരുക്കുന്നു. സ്റ്റൈപന്റോ മറ്റ്‌ ആനുകൂല്യങ്ങളോ ഇല്ലാതെയുള്ള അണ്‍പെയിഡ്‌ സ്റ്റുഡന്റ്‌ ഇന്റേണ്‍ഷിപ്പിനു 2016 സ്‌പ്രിംഗ്‌ സീസണിലേക്ക്‌ പരിഗണിക്കാനായി കോളേജ്‌ വിദ്യാര്‍ത്ഥികളില്‍നിന്നും ജൂലൈ 15 വരെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌. അപേക്ഷകള്‍ ഓണ്‍ലൈനില്‍ നിശ്ചിതതിയതിക്കുമുന്‍പ്‌ സമര്‍പ്പിച്ചിരിക്കണം. അമേരിക്കയിലും വിവിധ വിദേശരാജ്യങ്ങളിലുമായി വിനസിച്ചുകിടക്കുന്ന 270 ല്‍ പരം യു. എസ്‌. എംബസികളിലും, കോണ്‍സുലേറ്റുകളിലും, മിഷനുകളിലും സമീപഭാവിയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള നയതന്ത്രപ്രധാനമായ തസ്‌തികകളില്‍ ജോലിചെയ്യുന്നതിനായിട്ടാണു അമേരിക്കന്‍ വിദേശകാര്യവകുപ്പ്‌ പഠനത്തിലും, പാഠ്യേതരവിഷയങ്ങളിലും മികവു പുലര്‍ത്തുന്ന കോളേജ്‌ വിദ്യാര്‍ത്ഥികളെ അന്വേഷിക്കുന്നത്‌. യു എസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റിലെ വിവിധ ഓഫീസുകളില്‍ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ജോലിചെയ്‌ത്‌ അവനവന്റെ കഴിവും സാമര്‍ത്ഥ്യവും തെളിയിക്കുന്നതിനുള്ള നല്ല അവസരം. മാത്രമല്ല ചിട്ടയായ ഈ പരിശീലനത്തിലൂടെ നേതൃത്വഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും, ഭാവിയില്‍ വിദേശത്തോ, സ്വദേശത്തോ ഒരു നല്ല തൊഴില്‍ നേടിയെടുക്കുന്നതിനും സ്റ്റുഡന്റ്‌ ഇന്റേണ്‍ഷിപ്പ്‌ സഹായിക്കും.

അപേക്ഷകനു വേണ്ട ഏറ്റവും കുറഞ്ഞയോഗ്യതകള്‍

1. യു എസ്‌ പൗരനായിരിക്കണം

2. ഒരു അംഗീകൃത കോളേജിലോ സര്‍വകലാശാലയിലോ ഫുള്‍ ടൈം സ്റ്റുഡന്റ്‌ ആയി ഡിഗ്രി പ്രോഗ്രാമിനു രജിസ്റ്റര്‍ ചെയ്‌തിരിക്കണം

3. മികച്ച വിദ്യാഭ്യാസനിലവാരം പുലര്‍ത്തുന്നവരാകണം

4. ബാക്ക്‌ഗ്രൗണ്ട്‌ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കണം

പുറം ലോകവുമായി അമേരിക്കയെ ബന്ധപ്പെടുത്തുന്നതും, അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തുന്നതും യു എസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റിലെ ഉദ്യോഗസ്ഥരാണു. അതില്‍ സ്റ്റുഡന്റ്‌ ഇന്റേണ്‍സും ഉള്‍പ്പെടും. ബിസിനസ്‌, പബ്ലിക്‌ അഡ്‌മിനിസ്റ്റ്രേഷന്‍, സോഷ്യല്‍ വര്‍ക്ക്‌, ഇക്കണോമിക്‌സ്‌, ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്‌, ജേര്‍ണലിസം, ബയോളജിക്കല്‍ സയന്‍സ്‌, ഫിസിക്കല്‍ ആന്റ്‌ എന്‍ജിനീയറിംഗ്‌ സയന്‍സസ്‌, തുടങ്ങിയ വിഷയങ്ങളും, വിദേശകാര്യവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ഐശ്ചികമായി തെരഞ്ഞെടുത്തു പഠിക്കുന്നവര്‍ക്കാണു മുന്‍ഗണന. ഓരോരുത്തര്‍ക്കും ലഭിക്കുന്ന തസ്‌തികയും, ജോലിചെയ്യുന്ന ഓഫീസുമനുസരിച്ച്‌ ജോലിയില്‍ വ്യത്യാസമുണ്ടാകും. 10 ആഴ്‌ച്ച നീണ്ടുനില്‍ക്കുന്ന 2016 സ്‌പ്രിംഗ്‌ സ്റ്റുഡന്റ്‌ ഇന്റേണ്‍ഷിപ്പിനു ചേരണമെങ്കില്‍ 2015 ജൂലൈ 15 നു മുമ്പു അപേക്ഷ സമര്‍പ്പിച്ചിരിക്കണം. ഇത്‌ അണ്‍പെയിഡ്‌ ഫുള്‍ടൈം പ്രോഗ്രാം ആണ്‌. ഇന്റേണ്‍ഷിപ്പ്‌ കാലയളവില്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുകയില്ല. ശമ്പളമില്ലെങ്കില്‍ കൂടിയും ഈ പരിശീലനത്തില്‍നിന്നും ലഭിക്കുന്ന പ്രയോജനങ്ങള്‍ വളരെ വലുതാണു. അതുകൊണ്ടുതന്നെ വളരെയധികം വിദ്യാര്‍ത്ഥികള്‍ ഉറ്റുനോക്കുന്ന ഒന്നാണു യു. എസ്‌. സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മന്റ്‌ നല്‍കുന്ന പരിശീലനപരിപാടി. ഓണ്‍ലൈനില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.

 

കൂടുതല്‍ വിവരങ്ങള്‍ http://careers.state.gov/intern/student-internships എന്ന വെബ്‌സൈറ്റില്‍ നിന്നോ, സ്റ്റുഡന്റ്‌ പ്രോഗ്രാം ഓഫീസിലെ 202 261 8888 എന്ന നമ്പരില്‍ നിന്നോ അറിയാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.