You are Here : Home / USA News

ട്രൈസ്‌റ്റേറ്റ്‌ കേരളാ ഫോറം അവാര്‍ഡ്‌ സമ്മാനിച്ചു

Text Size  

Story Dated: Tuesday, September 01, 2015 10:18 hrs UTC

ജോര്‍ജ്ജ് ഓലിക്കല്‍

ഫിലാഡല്‍ഫിയ: 2015-ലേ കേരളാ ഫോറം അവാര്‍ഡ് എം.സി സേവ്യര്‍ (സ്‌പോര്‍ട്‌സ്), ജോയി കടുകന്‍മാക്കല്‍ (തിയേറ്റര്‍ പയനിയര്‍), ഷാജി വറുഗീസ്(കമ്മ്യൂണിറ്റി സര്‍വ്വീസ്) എന്നിവര്‍ക്ക് സമ്മാനിച്ചു. ഫിലാഡല്‍ഫിയയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ് സ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 13-ാമത് സംയുക്ത ഓണാഘോഷവേളയിലാണ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവരെ ആദരിച്ചത്. 2015-ലെ സ്‌പോര്‍ട്‌സ് അവാര്‍ഡ് ലഭിച്ച എം.സി സേവ്യര്‍ ഫീലാഡല്‍ഫിയയിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ പ്രമുഖനാണ്. “ആരോഗ്യമുളള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ” എന്ന തത്വത്തിന് മുന്‍തൂക്കം കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം നേതൃത്വം കൊടുക്കുന്നത്. ഫിലാഡല്‍ഫിയയില്‍ കുട്ടികള്‍ക്കും, യുവതീയുവാക്കള്‍ക്കും വോളിബോള്‍, സോക്കര്‍, ബാസ്‌ക്കറ്റ് ബോള്‍ എന്നീ ഗെയിമുകള്‍ക്ക് പ്രോത്സാഹനവും പരിശീലനവും നല്‍കുന്നതിനും ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിനും ഡെലവേര്‍വാലി സ്‌പോര്‍ട്‌സ് ക്ലബ് എന്ന സംരംഭം ആരംഭിയ്ക്കുന്നതിന് നേതൃത്വം നല്‍കി.

 

കെമിസ്ട്രിയില്‍ മാസ്റ്റര്‍ ബിരുദമുള്ള അദ്ദേഹം ഫിലാഡല്‍ഫിയ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ മാനേജര്‍ ആയി ജോലി ചെയ്യുമ്പോള്‍ നിരവധി മലയാളികള്‍ക്ക് സിറ്റി ഗവണ്‍മെന്റിലെ വിവിധ ജോലി സാധ്യതകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയതിന്റെ വെളിച്ചത്തില്‍ ഇന്ന് അനവധി മലയാളികള്‍ സിറ്റി ഗവണ്‍മെന്റിലെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഫിലാഡല്‍ഫിയായിലെ ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും സംഭാവനകള്‍ക്കുമാണ് ട്രൈസ് സ്റ്റേറ്റ് കേരളാ ഫോറത്തിന്റെ അവാര്‍ഡ് സമ്മാനിച്ചത്. ട്രൈസ് സ്റ്റേറ്റ് കേരളാ ഫോറം ഈ വര്‍ഷം കലാമികവിനുള്ള അവാര്‍ഡ് നല്‍കി ആദരിച്ച ജോയി കടുകന്‍മാക്കന്‍ അമേരിക്കയിലെ മലയാള നാടകരംഗത്തെ മികച്ച പ്രതിഭയാണ്. നാടക രചയിതാവ്, സംവിധാനയകന്‍, നടന്‍ എന്നീ നിലകളില്‍ 1983 മുതല്‍ നാടകരംഗത്തെ സജീവ സാന്നിദ്ധ്യമായ അദ്ദേഹം രചനയും സംവിധാനവും നിര്‍വ്വഹിച്ച ശാപമോക്ഷം, ഭദ്രദീപം, മേച്ചിന്‍പ്പുറങ്ങള്‍, കുങ്കുമസന്ധ്യ എന്നീ നാടകങ്ങള്‍ അമേരിക്കയില്‍ കുടിയേറിയ മലയാളികളുടെ ജീവിതത്തിന്റെ വിവിധ തലങ്ങളെ അപഗ്രഥിയ്ക്കുന്ന കലാസൃഷ്ടികളായിരുന്നു. അദ്ദേഹത്തിന്റെ നാടകങ്ങള്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെയും ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന്റെയും ഫണ്ട് റെയിസിംഗ് പരിപാടികള്‍ക്കായി അവതരിപ്പിയ്ക്കപ്പെട്ടു. 1977-ല്‍ അമേരിക്കയിലെത്തി മെഡിക്കല്‍ ടെക്‌നോളജിയില്‍ തോമസ് ജെഫേസ്സണ്‍ യൂണിവേഴ്‌സിററിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കി ബ്ലെഡ് ബാങ്ക് സ്‌പെഷലിസ്റ്റായി ജോലി ചെയ്ത് പിന്നീട് ബ്ലെഡ് ബാങ്ക് എഡ്യുക്കേഷന്‍ കോഡിനേറ്റര്‍ ആയിരിക്കെ റിട്ടയര്‍ ചെയ്തു.

 

അമേരിക്കയിലെ മലയാള നാടകരംഗത്ത് അദ്ദേഹം നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡാണ് ട്രൈസ് സ്റ്റേറ്റ് കേരളാ ഫോറം സമ്മാനിച്ചത്. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ബിസിനസ്സ് മാന്‍ അവാര്‍ഡ് നല്‍കി ആദരിച്ച ഷാജി വറുഗീസ് 1986 മുതല്‍ ഫിലാഡല്‍ഫിയായിലെ ബിസിനസ്സ് രംഗത്തെ സജീവസാന്നിദ്ധ്യമാണ്. ഇന്ത്യന്‍ അമേരിക്കന്‍ ഗ്രോസറി സ്റ്റോറിലൂടെ ബിസിനസ്സ് രംഗത്തേയ്ക്ക് പ്രവേശിച്ച അദ്ദേഹം 2002-ല്‍ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായില്‍ റോയല്‍ സ്‌പൈസിങ്ങ് എന്ന സ്ഥാപനം തുടങ്ങി വിജയകരമായി പ്രവര്‍ത്തിച്ചു വരികയാണ്. മലയാളി യുവാക്കള്‍ക്ക് പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് പ്രചോദനം നല്‍കുന്ന അദ്ദേഹം ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്‌കാരിക സ്‌പോര്‍ട്‌സ് രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ്. ട്രൈസ് സ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2015-ലെ അവാര്‍ഡ് നിര്‍ണ്ണയത്തിന് ജോര്‍ജ്ജ് ഓലിക്കല്‍ ചെയര്‍മാനായുള്ള കമ്മറ്റിയാണ് പ്രവര്‍ത്തിച്ചത്. ഓണാഘോഷത്തിന്റെ മുഖ്യ അതിഥി ഡോ.നിഷ പിള്ള, ട്രൈസ് സ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ രാജന്‍ സാമുവല്‍ ഫിലാഡല്‍ഫിയ ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് അല്‍റ്റോബന്‍ ബര്‍ഗര്‍ എന്നിവരാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.