You are Here : Home / USA News

15 ലക്ഷം രൂപയുടെ വ്യാജ രസീത്‌ നല്‍കി അമേരിക്കന്‍ മലയാളിയെ കബളിപ്പിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 01, 2015 10:24 hrs UTC

ന്യുയോര്‍ക്ക്‌: സംസ്‌ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ്‌ ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്‌ ചെങ്ങന്നൂര്‍ ബ്രാഞ്ചിന്റെ മുദ്രയുള്ള 15 ലക്ഷം രൂപയുടെ വ്യാജ ഡിപ്പോസിറ്റ്‌ രസീത്‌ നല്‍കി അമേരിക്കന്‍ മലയാളിയുടെ പണം സര്‍വ്വീസ്‌ ഏജന്റ്‌ തട്ടിയെടുത്തതായി പരാതി. 2009 മുതല്‍ ചെങ്ങന്നൂര്‍ ബ്രാഞ്ചില്‍ ചിട്ടി ചേര്‍ന്ന റാന്നി സ്വദേശിയും അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്‌ഥിര താമസക്കാരനുമായ കളീയ്‌ക്കല്‍ ജോസഫ്‌ ഇടിക്കുളയാണ്‌ ഇതുസംബന്ധിച്ച്‌ സംസ്‌ഥാന പോലീസ്‌ ചീഫിനും കെ.എസ്‌.എഫ്‌.ഇ ബാങ്ക്‌ അധിക്യതര്‍ക്കും പരാതി നല്‍കിയത്‌. 2009 മുതലുള്ള ചിട്ടി പണം മണിട്രാന്‍സ്‌ഫര്‍ വഴി ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ സ്വദേശിയായ ഏജന്റിന്‌ ജോസഫ്‌ ഇടിക്കുള അയച്ചുകൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. മെയ്‌ മാസത്തില്‍ നാട്ടില്‍ എത്തിയ ജോസഫ്‌ ഇടിക്കുള ബാങ്കില്‍ വെച്ച്‌ ഏജന്റിനെ കാണുകയും ചിട്ടി പണം ഫിക്‌സഡ്‌ ഡിപ്പോസിറ്റായി മാറ്റണമെന്ന്‌ ആവശ്യപ്പെടുകയും അത്‌ സംബന്ധിച്ച്‌്‌ ബാങ്ക്‌ മാനേജരെ കാണുവാന്‍ നിന്നപ്പോള്‍ മാനേജര്‍ക്ക്‌ ഇപ്പോള്‍ വേറെ അത്യാവശ്യ ചുമതലകള്‍ ഉള്ളതിനാല്‍ മാനേജര്‍ തിരക്കിലാണെന്നും ഫിക്‌സഡ്‌ ്‌ ഡിപ്പോസിറ്റ്‌ ശരിയാക്കി റസീപ്‌റ്റ്‌ വീട്ടില്‍ എത്തിച്ചുതരാമെന്നും ഏജന്റ്‌ വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ ബാങ്കിന്റെ സര്‍വ്വീസ്‌ ഏജന്റ,്‌ ജോസഫ്‌ ഇടിക്കുളയുടെ കല്ലിശ്ശേരിയിലുള്ള മകളുടെ ഭവനത്തില്‍ എത്തി 15 ലക്ഷം രൂപയുടെ ബാങ്കിന്റെ ഡിപ്പോസിറ്റ്‌ റസീപ്‌റ്റ്‌ നല്‍കുകയായിരുന്നു. തിരികെ ഫ്‌ളോറിഡയില്‍ എത്തിയ ജോസഫ്‌ ഇടിക്കുള ആഗസ്‌റ്റ്‌ 20ന്‌ ബാങ്ക്‌ മാനേജരെ വിളിച്ചപ്പോഴാണ്‌ താന്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും ഏജന്റ്‌ വ്യാജമായി റസീപ്‌റ്റ്‌ നിര്‍മ്മിച്ച്‌ നല്‍കിയതായിരിക്കുമെന്നും അറിയുന്നത്‌. ബാങ്കില്‍ നിന്നും ചില ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ വേറെ ഏതോ ക്രമക്കേടുകള്‍ കാണിച്ചതിന്‌ സര്‍വ്വീസ്‌ ഏജന്റിനെ പുറത്താക്കിയെന്നും മാനേജര്‍ ജോസഫ്‌ ഇടിക്കുളയെ അറിയിക്കുകയായിരുന്നു. 2003 മുതല്‍ അമേരിക്കയില്‍ പ്രവാസ ജീവിതം ആരംഭിച്ച ജോസഫ്‌ ഇടിക്കുളയും കുടുംബവും വളരെ പ്രയാസപ്പെട്ടാണ്‌ തങ്ങളുടെ വരുമാനത്തില്‍ നിന്നും ചിട്ടി പണം എല്ലാ മാസവും ഏജന്റിന്‌ അയച്ചുകൊടുത്തിരുന്നത്‌. പോലീസും ബാങ്കും അന്വേഷണം ആരഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സോബി തോമസ്‌ +1 863 602 8847

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.