You are Here : Home / USA News

ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും ഉത്തമ കത്തോലിക്കരാകുക

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 13, 2016 11:14 hrs UTC

മാത്യു ജോസ്

 

ഫീനിക്‌സ്: കളങ്കരഹിതമായ മൂല്യബോധത്തോടെ സത്യസന്ധമായ മനുഷ്യബന്ധം നിലനിര്‍ത്തി ഉത്തമ വിശ്വാസത്തോടെ ജീവിക്കണമെന്നാണ് കത്തോലിക്കരോട് സഭ ആവശ്യപ്പെടുക. കേവലമായ ഭക്താനുഷ്ഠാനങ്ങളോ, ചടങ്ങുകളോ, ആഘോഷങ്ങളോ കത്തോലിക്കാ വിശ്വാസത്തെ പൂര്‍ണ്ണമാക്കുന്നില്ല. വിശ്വാസ പ്രമാണത്തിലൂടെ സഭ പഠിപ്പിക്കുന്ന പന്ത്രണ്ട് വിശ്വാസപ്രഖ്യാപനങ്ങളുടെ ഏറ്റുപറച്ചിലും തദനുസാരമുള്ള ജീവിതവുമാണ് കത്തോലിക്കാ വിശ്വാസത്തെ പൂര്‍ണ്ണമാക്കുന്നത്. വിശ്വാസ പ്രമാണത്തിലൂടെ നാം ഏറ്റുചൊല്ലുന്ന പന്ത്രണ്ട് വിശ്വാസ സത്യങ്ങളെ പരിശുദ്ധത്രിത്വം, പരിശുദ്ധ സഭ, നിത്യജീവിതം എന്നിങ്ങനെ മൂന്നായി സംഗ്രഹിച്ചിരിക്കുന്നു വിശുദ്ധ അഗസ്റ്റിന്‍. ഈ അടിസ്ഥാന വിശ്വാസ സത്യങ്ങളില്‍ ഏതെങ്കിലുമൊന്ന് വാക്കിലോ പ്രവര്‍ത്തിയിലോ നിഷേധിച്ചാല്‍ കത്തോലിക്കാ വിശ്വാസം അപൂര്‍ണ്ണമാകുമെന്നും റവ.ഫാ. ജിമ്മി പൂച്ചക്കാട്ട് അഭിപ്രായപ്പെട്ടു.

 

 

അരിസോണ ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയം സംഘടിപ്പിച്ച ദ്വിദിന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ആഗോള സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക വക്താവ് കൂടിയായ ഫാ. ജിമ്മി. ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ച് ജീവിക്കുകയും നിലനില്‍ക്കുകയും ചെയ്യുമെന്ന് അച്ചന്‍ ചൂണ്ടിക്കാട്ടി. നിത്യജീവിതമെന്ന മഹത്തായ വിശ്വാസ സത്യം ലക്ഷ്യമാക്കി ഉത്തമ കത്തോലിക്കരായി ജീവിക്കാന്‍ വരുംതലമുറയെ പരിശീലിപ്പിക്കേണ്ട ഉത്തരവാദിത്വം കത്തോലിക്കാ മാതാപിതാക്കള്‍ക്ക് ഉണ്ടെന്നു ഫാ. ജിമ്മി കൂട്ടിച്ചേര്‍ത്തു. പരിശുദ്ധ ത്രിത്വത്തിലും പരിശുദ്ധ സഭയിലും നിത്യജീവിതം ലക്ഷ്യമാക്കി ജീവിക്കാനാണ് ഓരോ വിശ്വാസിയും സഭയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നത്. ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും മനോഭാവത്തിലും ദൈവവിചാരത്തിലും സഭയോട് ചേര്‍ന്നു നില്‍ക്കുകയും വളരുകയും ചെയ്യുമ്പോഴാണ് കത്തോലിക്കാ വിശ്വാസ ജീവിതം സാര്‍ത്ഥകമാകുന്നത്. കരുണാവര്‍ഷം പ്രമാണിച്ച് ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാര്‍ ഇടവക നടത്തിവരുന്ന വിവിധ കര്‍മ്മപരിപാടികളുടെ ഭാഗമായാണ് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് ദ്വിദിന സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്. വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ മനോജ് ജോണ്‍, പ്രസാദ് ഫിലിപ്പ്, ജയ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ പരിപാടികളുടെ സംഘാടകരായിരുന്നു. മാത്യു ജോസ് അറിയിച്ചതാണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.