You are Here : Home / USA News

ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ മെഗാഷോ ഡാലസിൽ ഒക്ടോബർ 22 ശനിയാഴ്ച

Text Size  

Story Dated: Saturday, October 15, 2016 11:21 hrs UTC

ഡാലസ് ∙ നടന വിസ്മയം മോഹൻലാലിന്റെ കഴിഞ്ഞ 36 വർഷത്തെ അഭിനയ ജീവിതത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന അതുല്യ കലാവിസ്മയം ‘ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ’ എന്ന മെഗാഷോ ഒക്ടോബർ 22 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാലസിലെ ഗാർലൻഡിലുളള എംജിഎം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. മലയാളികളെ ഒരു പോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നിരവധി കഥാപാത്രങ്ങൾക്ക് വെളളിത്തിരയിൽ ജീവൻ നൽകിയ അഭിനയ ചക്രവർത്തി ഭരത് മോഹൻലാലിന് വിദേശ മലയാളികൾ നൽകുന്ന ആദരവായാണ് ഈ മെഗാഷോ അമേരിക്കയിലെ വിവിധ സ്റ്റേജുകളിൽ അവതരിപ്പിക്കുന്നത്. മോഹൻലാൽ വെളളിത്തിരയിൽ അനശ്വരമാക്കിയ ചലച്ചിത്രങ്ങളായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, കിരീടം, ചിത്രം, മണിച്ചിത്രത്താഴ്, കമലദളം, ഹിസ് ഹൈനസ് അബ്ദുളള, ദൃശ്യം തുടങ്ങി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒപ്പം വരെയുളള സിനിമകളിലെ സംഗീതവും നൃത്തവും ഹാസ്യവും ഒരു പോലെ കോർത്തിണക്കിയ ഈ മെഗാഷോ ഇതിനോടകം തന്നെ അമേരിക്കൻ മലയാളികൾ ഹൃദയത്തിൽ ഏറ്റുവാങ്ങി. മലയാളത്തിന്റെ പ്രിയ ഗായകൻ എം. ജി. ശ്രീകുമാർ, കാണികളിൽ ചിരിയുടെ വസന്തോത്സവം വിരിയിക്കുന്ന അനുഗ്രഹീത കലാകാരൻ രമേഷ് പിഷാരടി, പ്രസിദ്ധ അഭിനേത്രിയും പ്രമുഖ നർത്തകിയുമായ രമ്യാ നമ്പീശൻ, മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും നിരവധി ഗാനങ്ങൾ ആലപിച്ച പ്രസിദ്ധ ഗായിക സിത്താര എന്നിവരടക്കം നിരവധി കലാകാരന്മാർ അണി നിരക്കുന്ന ഈ മെഗാഷോ ഡാലസിൽ അവതരിപ്പിക്കുന്നത് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ നേതൃത്വത്തിലാണ്. പുതിയതായി നിർമ്മിക്കുന്ന ദേവാലയത്തിന്റെ ധനശേഖരണത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന ഈ പരിപാടി വൻവിജയമാക്കുവാൻ ഡാലസിലെ എല്ലാ കലാസ്വാദകരേയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. സി. ജി. തോമസ്, ഇടവക ട്രസ്റ്റി ഏലിയാസ്കുട്ടി പത്രോസ്, സെക്രട്ടറി ഷിബു മാത്യു, പ്രോഗ്രാം കോർഡിനേറ്റർ അലക്സ് അലക്സാണ്ടർ എന്നിവർ അറിയിച്ചു. വാർത്ത ∙ ഷാജി രാമപുരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.