അരിസോണ: ഫീനിക്സ് ഹോളിഫാമിലി സിറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍7 മുതല്‍ 14 വരെ ഇടവക മധ്യസ്ഥരായ തിരുകുടുംബത്തിന്റേയും, വി. സെബസ്ത്യോനോസിന്റേയും തിരുനാള്‍ സംയുക്തമായി ആചരിക്കും. ഏഴാംതീയതി രാവിലെ 10.30 ന് ഫാ. മധു ജോര്‍ജ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ തിരുനാളിനു കൊടിയേറും. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും വൈകിട്ട് 7 മണിക്ക് ദിവ്യബലിയും തിരുകുടുംബ നൊവേനയും ഉണ്ടായിരിക്കും.
ജനുവരി 12 ന് വൈകിട്ട് 6 മണിക്ക് സിറോ മലങ്കര ആരാധന പ്രകാരമുള്ള ദിവ്യബലിക്ക് ഫാ. കുര്യാക്കോസ് മാമ്പ്രക്കാട്ട് കാര്‍മികത്വം വഹിക്കും. തുടര്‍ന്നു ഭക്തിസാന്ദ്രമായ പരിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. 13 ന് 5 മണിയോടെ ആരംഭിക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഫീനിക്സ് രൂപതാ മെത്രാന് റവ. തോമസ് ഓംസ്റ്റെഡ് നേതൃത്വം നല്‍കും. ലാറ്റിന്‍ ആരാധന പ്രകാരമുള്ള ദിവ്യബലിക്കുശേഷം വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഇടവകാംഗങ്ങള്‍ ഒരുക്കുന്ന നൃത്തനിശയും ഒരുക്കിയിട്ടുണ്ട്.
14 ന് പ്രധാന തിരുനാള്‍ തിരുകര്‍മ്മത്തിന്റെ മുഖ്യ കാര്മികന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയാണ്. മുഖ്യ തിരുനാള്‍ പ്രഭാഷണം മുന്‍ ഇടവക വികാരി ഫാ. മാത്യു മുഞ്ഞനാട്ട് നിര്‍വഹിക്കും. അതിനുശേഷം ലദീഞ്ഞും, പ്രദക്ഷിണവും ക്രമീകരിച്ചിട്ടുണ്ട്. ഭക്തിസാന്ദ്രമായ തിരുനാള്‍ സമാപനം ആഘോഷകരമാക്കുവാന്‍ വൈകിട്ട് 5 മണി വരെ ഔട്ട്ഡോര്‍ ആക്ടിവിറ്റീസും ഉണ്ടായിരിക്കും.
കേരളത്തിന്റേയും അമേരിക്കയുടേയും തനത് കലാപാരമ്പര്യം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങള്‍ക്കു സണ്‍ഡേ സ്കൂള്‍ കുട്ടികളും, യുവജനങ്ങളും ദൃശ്യാവിഷ്കാരം നല്‍കും. തിരുനാള്‍ പ്രസുദേന്തി റിന്സണ് ജോണ്‍ തേക്കനാല്‍ ആണ്.
Comments