ബ്രിജിറ്റ് ജോര്‍ജ്
ചിക്കാഗോ: ഈസ്റ്ററിനോടനുബന്ധിച്ചുള്ള വലിയനോമ്പിന് തുടക്കമായ ചാരം പൂശല്‍ തിരുക്കര്‍മ്മങ്ങള്‍ ഫെബ്രുവരി 12 തിങ്കളാഴ്ച ചിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. 'മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്കു മടങ്ങുന്നൂനം......' എന്ന വിഭൂതിയുടെ അന്തസത്തയടങ്ങുന്ന ഗാനം ഗായകസംഘവും സമൂഹവും ചേര്‍ന്നാലപിച്ച് ചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കി. സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ മെത്രാന് മാര്‍. ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികനായി ദിവ്യബലിയര്‍പ്പിച്ചു. രൂപതാ സഹായമെത്രാന്‍ മാര്‍. ജോയി ആലപ്പാട്ട്, രൂപതാ പ്രൊക്യൂറേറ്റര്‍ ഫാ, ജോര്‍ജ് മാളിയേക്കല്‍, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശ്ശേരി, കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന് പാലയ്ക്കപ്പറമ്പില്‍, അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫ് തുടങ്ങി ഒന്‍പതു വൈദികരുടെ സാന്നിധ്യത്തില്‍ ഈ തിരുക്കര്‍മ്മങ്ങള്‍ അനുഗ്രഹപ്രദമായി. മാര്‍ ജോയ് ആലപ്പാട്ട് വചന സന്ദേശം നല്കി. അനുഗ്രഹീതമായ ഈ തിരുക്കര്മ്മങ്ങളനുഷ്ഠിക്കുന്നതിനായെത്തിയ പിതാക്കന്മാര്ക്കും സഹകാര്‍മ്മികര്‍ക്കും അല്മായര്ക്കും ഗായകസംഘത്തിനും ഇതില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കും ഫാ. അഗസ്റ്റിന് നന്ദി രേഖപ്പെടുത്തി.
Comments