You are Here : Home / USA News

മലയാള ഭാഷ പഠനം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപിടിക്കും: ബ്ലെസന്‍ ഹ്യൂസ്റ്റണ്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, September 16, 2015 10:57 hrs UTC

 
ഹ്യൂസ്റ്റണ്‍ : ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ നടത്തി വരുന്ന മലയാള ഭാഷ പഠനം കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകം ഉയര്‍ത്തി പിടിക്കുന്നതാണെന്ന് പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ബ്ലെസന്‍ ഹൂസ്റ്റണ്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏഴു വര്‍ഷമായി ഹൂസ്റ്റണില്‍ നടത്തി ഗ്രിഗോറയന്‍ സ്റ്റഡി സര്‍ക്കിളിന്റെ വേനല്‍കാല മലയാളം ക്ലാസിന്റെ ഏഴാമത് വാര്‍ഷീക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷ സംസ്‌ക്കാരമാണ് ഭാഷയെ സ്‌നേഹിക്കുന്നവര്‍ ആ സംസ്‌ക്കാരത്തെയും സ്‌നേഹിക്കുന്നു. അതുവഴി നാടിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുയെന്ന് അദ്ദേഹം പറഞ്ഞു. 
 
തങ്ങളുടെ മക്കള്‍ മലയാളം സംസാരിക്കുന്നത് നാണക്കേടായിരുന്ന ഒരു കാലത്ത് അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ഒന്നിലധികം ഭാഷകള്‍ സംസാരിക്കുന്നത് കുട്ടികളുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു തുടങ്ങിയതോടെയും നമ്മുടെ സംസ്‌ക്കാരവും ഭാഷയും മഹത്താണെന്ന് പുറംലോകം പറയുകയും ചെയ്തതോടെ മലയാളഭാഷ പഠിക്കാനും പഠിപ്പിക്കാനും തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് അമേരിക്കയില്‍ ഏതാനും ചില യൂണിവേഴ്‌സിറ്റികളില്‍ മലയാളം പഠിപ്പിക്കുന്നുണ്ട് എന്നത് അഭിമാനിക്കാന്‍ വക നല്‍കുന്നു.
 
കേരളത്തില്‍ പോലും മലയാള അവഗണിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ അമേരിക്കയില്‍ അതിനെ പരിഭോഷിപ്പിക്കാന്‍ ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ പോലെയുള്ള നാടിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സംഘടനകളുടെ ശ്രമം അഭിനന്ദനാര്‍ഹമാണെന്ന് ബ്ലെസന്‍ ഹൂസ്റ്റണ്‍ പറഞ്ഞു.
 
കേരളത്തിലെ ഒരു പഞ്ചായത്തില്‍ ഉള്ളതിലധികം മലയാളി കുടുംബങ്ങള്‍ അധിവസിക്കുന്ന ഹൂസ്റ്റണില്‍ എല്ലാവരുടെയും സഹകരണമുണ്ടായാല്‍ മികച്ച രീതിയില്‍ മലയാള പഠനം ക്രമീകരിച്ച് പൂര്‍ണ്ണ വിജയം കൈവരിക്കാന്‍ കഴിയുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ജി.എസ്.സി.യുടെ വൈസ് പ്രസിഡന്റ് ആനി ജോര്‍ജ് അഭിപ്രായപ്പെട്ടു. ജി.എസ്.സി.യുമായി സഹകരിച്ചാല്‍ സമീപഭാവിയില്‍ ഹൂസ്റ്റണിലുള്ള എല്ലാ മലയാളി കുട്ടികള്‍ക്കും മലയാളഭാഷ എഴുതാനും വായിക്കാനുമുള്ള ക്ലാസുകള്‍ ഹാരീസ് കൗണ്ടി ലൈബ്രറിയുമായി സഹകരിച്ച് നടപ്പിലാക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ ജോയ് തുമ്പമണ്‍, പി.റ്റി.എ. പ്രതിനിധി വിനുശ്രീ പൂരത്ത് മലയാളം ക്ലാസ് പ്രിന്‍സിപ്പാള്‍ സൂസന്‍ വര്‍ഗ്ഗീസ്, സുജോ ജോര്‍ജ്ജ്, കുമാരി അതുല്യ ജോണ്‍സന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
 
വിദ്യാര്‍ത്ഥികളായ അലന്‍ ജോണ്‍സന്‍ ഏബല്‍ വിനു, മെല്‍വിന്‍ സിജോ, ജോയല്‍ ബ്ലസന്‍ ഗാനങ്ങളും ചെറുകളും സാറാവിനു ജോഷ്വാ അഭിലാഷ്, അഷര്‍ ജോസഫ്, അബ്രില്‍ ജോസഫ് എന്നിവരുടെ ആക്ഷന്‍ സോങ്ങും, മലയാളം ക്ലാസിലെ എല്ലാ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പാടിയ കുഞ്ഞിപൂച്ചയുടെ പാട്ടും, ജി.എസ്.സി. ഫാമിലി ഒരുക്കിയ മലയാളക്കരയുടെ മഹത്വം വിളിച്ചോതുന്ന ഓണപാട്ടുകളും, വാദ്യോപകരണ സംഗീതവുമൊക്കെ സദസ്സ്യരെ ആനന്ദത്തിലാറാടിക്കുകയും പുളകിതരാക്കുകയും ചെയ്തു. സ്‌ക്കൂളിലെ കുട്ടികളും മാതാപിതാക്കളും അദ്ധ്യാപകരും പരമ്പരാഗത മലയാളി വേഷമണിഞ്ഞായിരുന്നു ചടങ്ങില്‍ എത്തിയത് മലയാളത്തനിമ നിറഞ്ഞു നിന്ന പരിപാടി സദസ്സ്യരെയും വിശിഷ്ടാതിഥികളെയും കേരളത്തിലേക്ക് കൂട്ടി കൊണ്ടുപോയിയെന്നു തന്നെ പറയാം.
ക്ലാസുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യാതിഥി ബ്ലെസന്‍ ഹൂസ്റ്റണ്‍ മെഡലുകള്‍ സമ്മാനിച്ചു. സേവന സന്നദ്ധരായ അദ്ധ്യാപകരെയും മറ്റ് പ്രവര്‍ത്തകരെയും പൂചെണ്ടുകള്‍ നല്‍കി ആദരിച്ചു. ജി.എസ്.സി. സെക്രട്ടറി സിറിള്‍ രാജന്‍ എത്തിചേര്‍ന്ന എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യന്‍ ദേശീയ ഗാനത്തോടെയും സ്‌നേഹവിരുന്നോടെയും പരിപാടികള്‍ സമാപിച്ചു. സാബു കെ. പൊന്നൂസ്സ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഹൂസ്റ്റണ്‍ എ.പി.സി. ഹെബോണ്‍ ഫെലോഷിപ്പ് ഹാളില്‍ വച്ച് സെപ്റ്റംബര്‍ 7ന് 4 മണിക്കായിരുന്നു പരിപാടികള്‍ നടത്തിയത്.
 
വാര്‍ത്ത അയച്ചത്: ജീമോന്‍ റാന്നി
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.