You are Here : Home / USA News

കാൻസർ രോഗികൾക്കു സാന്ത്വനവുമായി ഡോക്ടർ സാറാ ഈശോ

Text Size  

Story Dated: Saturday, June 25, 2016 02:30 hrs UTC

പിന്തുണയുമായി ഇന്ത്യ പ്രസ്‌ ക്ലബ് ന്യൂ യോർക്കും

 കാൻസർ രോഗത്തെ അതിജീവിച്ചവർക്കും, രോഗത്തിൽനിന്നു മുക്തി നേടാൻ ശ്രമിക്കുന്നവർക്കും വേണ്ടി അമേരിക്കന്‍ മലയാളികളുടെ പ്രിയ ഡോക്ടര്‍ സാറ ജെ ഈശോയും അവരുടെ നേതൃത്വത്തിലുള്ള ഓഷ്യന്‍ ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജിയും ഒരുക്കിയ കാൻസർ സർവൈവേർസ് ഡേ ന്യൂജേഴ്‌സിയിലെ ബ്രിക്ക് ടൗൺഷിപ്പിൽ നടന്നു. വ്യത്യസ്തമായ പരിപാടികൾ കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ പരിപാടിയിൽ നൂറിലധികം പേര് പങ്കെടുത്തു. വൈൽഡ് വെസ്റ് തീം ആസ്പദമാക്കി കൊണ്ടാടിയ ചടങ്ങിന് പഴയ ഹോളിവുഡ് വെസ്റ്റേൺ സിനിമകളിലെ കൗബോയ്, കൗഗേൾ വേഷങ്ങൾ അണിഞ്ഞാണ് മിക്കവാറും പേർ എത്തിയത്. കാൻസറിനെ കുറിച്ചുള്ള ഓർമകൾ ഒരു ദിവസത്തേക്കെങ്കിലും മറക്കാൻ വൈൽഡ് വെസ്റ് നൃത്തങ്ങളും, കൗബോയ് പ്രകടനങ്ങളും, ഭക്ഷണവും ഒരുക്കി ഡോക്ടർ ഈശോ സാരഥിയായ ഓഷ്യന്‍ കൗണ്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഷ്യന്‍ ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജി ഗ്രൂപ്.

 

ഓഷ്യന്‍ കൗണ്ടിയില്‍ 8 വര്‍ഷമായി ഡോക്ടര്‍ സാറയും ഓഷ്യന്‍ ഹമറ്റോളജി ആന്‍ഡ് ഓങ്കോളജിയും ആഘോഷം നടത്തി വരുന്നു. അന്നേ ദിവസം കാന്‍സറില്‍ നിന്ന് മുക്തരായ രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അക്കൂട്ടത്തില്‍ കാന്‍സര്‍ വന്ന് മരിച്ചുപോയവരുടെ കുടുംബാംഗങ്ങളുമുണ്ടാകും. 'വര്‍ഷത്തില്‍ 365 ദിവസവും കാന്‍സറിനെക്കുറിച്ച് മാത്രം ചിന്തിച്ച് നടക്കുന്നവര്‍ക്ക് അത് മറന്നു കൊണ്ട് ഒരു ദിവസം. അതാണ് ഞങ്ങള്‍ ചെയ്യുന്നത്.' സാറ ജെ ഈശോ പറയുന്നു. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച കാന്‍സറിനെ അതിജീവിച്ചവരുടെ ദിനമായി ലോകമൊട്ടാകെ ആചരിച്ചു വരുന്നു.

 

ഈ വർഷത്തെ കാൻസർ സർവൈവേർസ് ഡേക്ക് കരുത്തു പകരാൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത് അമേരിക്ക ന്യൂ യോർക്ക് ചാപ്റ്ററിന്റെ സാനിധ്യവും ശ്രദ്ധേയമായി. ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ കൃഷ്ണ കിഷോർ മുഖ്യാതിഥിയായി ആമുഖ പ്രസംഗം നടത്തി. കാൻസറിനെ ചെറുക്കുന്നതിൽ ലോകം വിജയിച്ചു വരികായാണെന്നും, കാൻസറിനെ അതിജീവിച്ചവരുടെ മനക്കരുത്തും ജീവിതവും നമുക്കെല്ലാവർക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർ സാറാ ഈശോ അധ്യക്ഷയായിരുന്നു.

 

 

ഇന്ത്യ പ്രസ് ക്ലബ് ന്യൂ യോർക്ക് ചാപ്റ്റർ സെക്രട്ടറി സണ്ണി പൗലോസ് മുന്‍ കൈയെടുത്ത് ഇത്തവണ പരമാവധിയാളുകളെ പങ്കെടുപ്പിക്കുവാനുള്ള ശ്രമവും വിജയിച്ചു. സമൂഹത്തിനു ആവശ്യമായ ഇത്തരം ഉദ്യമങ്ങൾക്കു കരുത്തേകാൻ ന്യൂ യോർക് ചാപ്റ്റർ ഈ വർഷം ആരംഭിച്ച പ്രവർത്തനങ്ങൾ തുടരുമെന്ന് ഡോക്ടർ കിഷോറും സണ്ണി പൗലോസും പറഞ്ഞു. ഇന്ത്യ പ്രസ് ഭാരവാഹികളായ ദേശീയ വൈസ് പ്രസിഡന്റ് രാജു പള്ളം, മുൻ പ്രസിഡന്റ് റെജി ജോർജ്, നിയുക്ത പ്രസിഡന്റ് മധു രാജൻ, ഏഷ്യാനെറ്റ് ക്യാമെറാമാൻ ഷിജോ പൗലോസ്, എന്നിവർ പ്രസ് ക്ലബ്ബിനെ പ്രതിനിധീകരിച്ചു ചടങ്ങിൽ പങ്കെടുത്തു.

 

എന്നാൽ, രോഗത്തിന്റെ വേദനക്കിടയില്‍ ജീവിതാഘോഷങ്ങള്‍ മറന്നുപോയവരെ തിരികെ കൊണ്ടുവരാനുള്ള വേദിയൊരുക്കിയ ഡോക്ടർ സാറാ ഈശോ മലയാളി സമൂഹത്തിനു അഭിമാനമാണ്. അവരുടെ നേതൃപാടവവും, അവരുടെ ടീമിന്റെ ഒത്തൊരുമയുമാണ് ഈ ഉദ്യമത്തിന്റെ വിജയം. അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകാൻ കൂടുതൽ മലയാളി സംഘടനകൾക്കു കഴിയും. വൃക്കദാന പ്രചാരത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന ഫാ: ഡേവിസ് ചിറമേലിനെ സദസ്സിനു പരിചയപ്പെടുത്തി.

 

കാൻജ് മുൻ പ്രസിഡന്റും ഫോമാ റീജിയണൽ വൈസ് പ്രസിഡന്റുമായ ജിബി തോമസ് കാൻസർ സർവൈവേർസ് ഡേക്ക് പിന്തുണ നൽകി ആദ്യാവസാനം ചടങ്ങിൽ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.