You are Here : Home / USA News

കൃപാവരങ്ങള്‍ നിന്നുപോയിട്ടില്ല: ഷിബു പീടിയേക്കല്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 25, 2016 03:01 hrs UTC

നീണ്ട ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ജൂണ്‍ 18-ന് ഡാളസില്‍ നടന്ന പെന്തക്കോസ്ത്- ബ്രദറണ്‍ സംവാദത്തില്‍ അന്യഭാഷ, പ്രവചനവരം, രോഗശാന്തിവരങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ കൃപാവരങ്ങളും ക്രിസ്തുവിന്റെ രണ്ടാംവരവ് വരേയും നിലനില്‍ക്കുമെന്ന് മലയാള ക്രൈസ്തവലോകത്തില്‍ അറിയപ്പെടുന്ന പ്രഭാഷകനും, വേദാധ്യാപകനും, ചിന്തകനും, എഴുത്തുകാരനുമായ ഷിബു പീടിയേക്കല്‍ പ്രസ്താവിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും പതിനായിരത്തിലധികം ബ്രദറണ്‍ പെന്തക്കോസ്ത് വിശ്വാസികള്‍ ഈ സ്‌നേഹസംവാദത്തില്‍ ഇന്റര്‍നെറ്റില്‍ക്കൂടി തത്സമയ പങ്കാളികളായി. അന്യഭാഷയും ഇതര കൃപാവരങ്ങളും പൂര്‍ണ്ണമായി നിലച്ചുപോയി എന്നും ഇന്ന് അത്തരം കൃപാവരങ്ങള്‍ സഭയ്ക്ക് ആവശ്യമില്ല എന്നും ബ്രദറണ്‍ വിഭാഗത്തെ പ്രതിനിധീകരിച്ച് ഏബ്രഹാം ചെമ്പോല, സജീവ് വര്‍ഗീസ്, സ്റ്റീവ് വര്‍ഗീസ് എന്നിവര്‍ സംവാദത്തില്‍ സംസാരിച്ചു.

 

അന്യഭാഷ അടക്കമുള്ള സകല കൃപാവരങ്ങളും കര്‍ത്താവിന്റെ വരവ് വരേയും നിലനില്‍ക്കുമെന്നു പെന്തക്കോസ്ത് വിഭാഗത്തെ പ്രതിനിധീകരിച്ച് റവ.ഡോ. കെ.സി ചാക്കോ, ഷിബു പീടിയേക്കല്‍, പാസ്റ്റര്‍ ഏബ്രഹാം ചാക്കോ, ആശിഷ് ജേക്കബ് എന്നിവര്‍ പ്രസ്താവിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി ലോകമെമ്പാടുമുള്ള ബ്രദറണ്‍, പെന്തക്കോസ്ത് സഭാ വിശ്വാസികള്‍, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്, യു ട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയയിലും, വിവിധ സഭാ വേദികളിലും നടന്ന ചൂടേറിയ വാദപ്രതിവാദങ്ങളുടെ കലാശക്കൊട്ടായിരുന്നു ഡാളസില്‍ നടന്ന ഈ സംവാദം. പ്രശസ്ത ക്രൈസ്തവ ചിന്തകനും, എഴുത്തുകാരനും, പ്രഭാഷകനും, വേദാധ്യാപകനുമായ ഷിബു പീടിയേക്കല്‍ റാന്നിയില്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്ക്കും തുടര്‍ന്ന് ഒരു നൂറ്റാണ്ടിനുശേഷം നടന്ന ചരിത്രപ്രധാനമുള്ള ബ്രദറണ്‍ പെന്തക്കോസ്ത് സംവാദത്തിനും കാരണമായി.

 

ഈ സംവാദം ഒരു ചരിത്ര സംഭവവും ഒരു പുതിയ അധ്യായത്തിന്റെ തുടക്കവും ആണെന്നു പെന്തക്കോസ്ത് ബ്രദറണ്‍ വിഭാഗത്തില്‍ വേദ അധ്യാപകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. സംവാദത്തിനുശേഷം കഴിഞ്ഞ ഒരാഴ്ചയായി ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ് എന്നിവയിലെ പ്രധാന ചര്‍ച്ചയും ട്രോളിംഗും ഈ വിഷയം തന്നെ. ലോകകപ്പ് ഫുട്‌ബോള്‍ കാണുവാന്‍ അര്‍ദ്ധരാത്രിയില്‍ ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന ആവേശകരമായ അനുഭവം ആണ്, അമേരിക്കയില്‍ രാവിലെ നടന്ന സംവാദം. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ അര്‍ധരാത്രിയില്‍, കൂട്ടയമായി ചര്‍ച്ചുകളിലും, ഹാളുകളിലും സംവാദത്തിന്റെ ലൈവ് ടെലികാസ്റ്റില്‍ പങ്കെടുത്ത പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സഭാവിഭാഗ വ്യത്യാസമില്ലാതെ അനേക ക്രൈസ്തവ പുരോഹിതന്മാര്‍, പാസ്റ്റര്‍മാര്‍, ക്രൈസ്തവ ചിന്തകന്മാര്‍, എഴുത്തുകാര്‍ തുടങ്ങിയവരുമായ വലിയ സൗഹൃദകൂട്ടായ്മയാണ് ഷിബു പീടിയേക്കലിനുള്ളത്. സത്യം തുറന്നുപറയുകയും, എഴുതുകയും ചെയ്യുന്ന ഷിബു പീടിയേക്കലിന്റെ പല പ്രസംഗങ്ങളും, ലേഖനങ്ങളും, സോഷ്യല്‍ മീഡിയയിലും, ക്രൈസ്തവ ലോകത്തും വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഡാളസില്‍ നടന്ന സംവാദം യു ട്യൂബിലും www.thalsamaya.com-(തത്സമയ ഡോട്ട്‌കോമിലും) ഇന്നും അനേകര്‍ വീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.thalsamaya.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.