You are Here : Home / USA News

മലയാളി ബാലന്റെ പുസ്തകം അമേരിക്കയില്‍ ശ്രദ്ധേയമാകുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 28, 2016 05:37 hrs UTC

ന്യൂജേഴ്‌സി: അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയും മലയാളിയുമായ അരിന്‍ രവീന്ദ്രന്‍ എഴുതിയ 'A Dent In Space' എന്ന പുസ്തകം അമേരിക്കയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു . പ്രപഞ്ചത്തെക്കുറിച്ചുള്ള തന്റെ അറിവുകള്‍ മനോഹരമായ ഭാഷയിലൂടെ, ഹൃദ്യമായ ചിത്രങ്ങളിലൂടെ വായനക്കാരിലേക്ക് പകര്‍ന്നു നല്‍കുകയാണ് ഈ കൊച്ചു മിടുക്കന്‍. e-book ആയി മെയ് മാസം ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങി വായനക്കാരുടെ പ്രശംസ പിടിച്ചു പറ്റിയ പുസ്തകം ഇപ്പോള്‍ പേപ്പര്‍ ബുക്കായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിമെമ്പര്‍ ഷെല്ലി മേയര്‍ ഔദ്യോഗികമായി പുസ്തകം പ്രകാശനം ചെയ്തു. ചെറുപ്രായത്തില്‍ ഇത്രയും ഗഹനമായ വിഷയത്തെകുറിച്ചു അതീവ ഹൃദ്യമായി എഴുതിയിരിക്കുന്ന അരിനെ അവര്‍ അഭിനന്ദിച്ചു. കഴിഞ്ഞ വര്‍ഷത്തെ വേനലവധി ദിവസങ്ങളില്‍ തന്റെ ഇഷ്ട വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതി തുടങ്ങിയതാണ് അരിന്‍. എന്നാല്‍ വളരെ നീണ്ട ആ ലേഖനം വായിച്ച ചിലര്‍ ഇതു പുസ്തകമാക്കണം എന്നഭിപ്രായപ്പെട്ടപ്പോള്‍ അരിന്റെ മാതാപിതാക്കള്‍ അതിനു മുന്‍കൈയെടുക്കുകയായിരുന്നു. സൗരയൂഥത്തിന്റെ ചരിത്രത്തില്‍ തുടങ്ങി പ്രപഞ്ചത്തിലെ വിസ്മയിപ്പിക്കുന്ന പല നിഗൂഡതകളെക്കുറിച്ചും ബ്ലാക്ക് ഹോള്‍സ്, നെബുല , ക്വാസാര്‍സ് , ഡാര്‍ക് എനര്‍ജി , ഡാര്‍ക് മാറ്റര്‍ തുടങ്ങിയ നിരവധി പ്രതിഭാസങ്ങളെപറ്റിയും പ്രതിപാദിക്കുന്ന ഈ പുസ്തകത്തില്‍ കൗതുകകരവും വിജ്ഞാനപ്രദവുമായ വിവരങ്ങളും വിവരണങ്ങളും, നര്‍മ്മത്തില്‍ ചാലിച്ച കാര്‍ടൂണുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകന്‍ തോമസ് ജെ കൂവള്ളൂര്‍ ചെയര്‍മാനായുള്ള ജസ്റ്റിസ് ഫോര്‍ ഓള്‍, ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും അരിന്‍ സമ്മാനം നേടിയിരുന്നു. അരിന്റെ പുസ്തകം വായനക്കാരില്‍ ഉണര്‍ത്തിയിരിക്കുന്ന ഉത്സാഹം തന്നെ അതീവ സന്തോഷവാനാക്കുന്നുവെന്ന് തോമസ് കൂവള്ളൂര്‍ പറഞ്ഞു. എഴുത്തിലും, പ്രസംഗത്തിലും, ശാസ്ത്ര പഠനത്തിലും അരിന്‍ കൂടുതല്‍ ശ്രദ്ധേയനാകുമെന്നും അദ്ദേഹം പറഞ്ഞു. ജെ എഫ് എ മത്സരത്തില്‍ സമ്മാനദാനം നിര്‍വഹിച്ച അസംബ്ലി മെമ്പര്‍ ഷെല്ലി മേയര്‍ അരിന്റെ പ്രസംഗം ശ്രദ്ധിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചതറിഞ്ഞ അവര്‍ അതു വായിക്കുകയും അരിനെ തന്റെ ഓഫീസിലേക്ക് ക്ഷണിക്കുകയുമായിരുന്നു. കുട്ടികളിലെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ തനിക്കു പ്രത്യേകം താത്പര്യം ഉണ്ടെന്നും അരിന്റെ പുസ്തകത്തെക്കുറിച്ചുള്ള വാര്‍ത്ത തന്റെ ഓഫീസ് ന്യൂസ് ലെറ്റെറില്‍ ഉടന്‍ പ്രസിദ്ധീകരികുമെന്നും ഷെല്ലി മേയര്‍ പറഞ്ഞു. സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ആയ അച്ഛന്‍ സുനില്‍ രവീന്ദ്രനും മാധ്യമ പ്രവര്‍ത്തകയായ അമ്മ വിനീത നായര്‍ക്കുമൊപ്പം ന്യൂജേഴ്‌­സിയിലെ എഡിസണില്‍ ആണ് അരിന്റെ താമസം. തന്റെ പുസ്തക രചനയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി സഹായിച്ച ഗീതാഞ്ജലി കുര്യന്‍, സാമുവല്‍ ജോണ്‍ എന്നിവര്‍ക്ക് അരിന്‍ നന്ദി പറഞ്ഞു. 'A Dent In Space' ഇബുക്കും പേപ്പര്‍ ബുക്കും ആമസോണ്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. https://www.amazon.com/Dent-Space-Arin-Ravindran-ebook/dp/B01FYVBUP8/refs=r_1_1?s=books&ie=UTF8&qid=1466955801s&r=1-1&keywords=a+dent+in+space കൂടുതല്‍ വിവരങ്ങള്‍ക്ക് : arisnravindran@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.