You are Here : Home / USA News

ദേശീയ ശ്രീനാരായണീയ കൺവെൻഷന്‌ ഹൂസ്റ്റൺ ഒരുങ്ങി

Text Size  

Story Dated: Friday, July 01, 2016 07:14 hrs UTC

ഹൂസ്റ്റൺ: മാനവീകതയിൽ അടിസ്ഥാനമായ മതാതീയ ആത്മീയ സമത്വ ദർശനമാണ് യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവൻ ആധുനിക ലോകത്തിന് മുൻപിൽ അവതരിപ്പിച്ചത്. ആ മഹദ് ദർശനത്തിലൂടെ യഥാർത്ഥ മനുഷ്യനെയും ദൈവത്തെയും ഗുരുദേവൻ പുന:സൃഷ്ടിച്ചു . ജാതി മത വർണ്ണ വർഗ്ഗ വംശ വെറിയുടെ പേരിൽ അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്ന സമകാലീന വിഷമ വൃത്തത്തിൽ നിന്ന് കൊണ്ട് ജാതി ഭേദവും മത ദ്വേഷവുംഇല്ലാത്ത ആ മാതൃകാ സ്ഥാനം തേടിയുള്ള ഒരു തീർഥാടനമാണ് ജൂലൈ 7 മുതൽ 10 വരെ ഹൂസ്റ്റണിൽ നടക്കുന്ന ദേശീയ ശ്രീ നാരായണ സമ്മേളനം കൊണ്ടു ഫെഡറേഷൻ ഓഫ് ശ്രീനാരായണ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (FSNONA) ലക്ഷ്യമാക്കുന്നത്.

 

ഊഷ്മളമായ സഹജീവി സ്നേഹം സ്വയം ഉൾക്കൊള്ളുകയും മറ്റുള്ളവരിലേക്ക് അതിന്റെ ജ്വാല പകർന്നു നൽകുകയും ചെയ്യുന്ന പരമ പവിത്രമായ ഈ മഹാ തീർഥാടനത്തിനു ഹൂസ്റ്റണിലെ ലീഗ് സിറ്റിയിലുള്ള പ്രകൃതി രമണീയമായ സൗത്ത് ഷോർ ഹാർബർ റിസോർട്ട് ( ശ്രീ നാരായണ നഗർ) ഒരുങ്ങിക്കഴിഞ്ഞു. ശ്രീ നാരായണ ഗുരുദേവനാൽ രചിക്കപ്പെട്ട പ്രശസ്ത കൃതിയായ ദർശനമാലയുടെ രചനാ ശതാബ്‌ദി ആഘോഷങ്ങളായിരിക്കും ഈ കൺ വെൻഷന്റെ മുഖ്യ ആകർഷണം. ഗുരുദേവ ദർശനങ്ങളുടെ കാലിക പ്രസക്തിയെ ക്കുറിച്ചും, ദർശനമാലയിൽ ഗുരുദേവൻ പ്രതിപാദിച്ചി രിക്കുന്ന "Vedantic wisdom" എന്ന വിഷയത്തിൽ അന്തർലീനമായിരിക്കുന്ന " quantum cosmology, evolution of universe" തുടങ്ങിയ ആധുനിക ശാസ്ത്ര വിഷയങ്ങളെക്കുറിച്ചു വിവിധ ശാസ്ത്ര പണ്ഡിതരുടെ സാന്നിധ്യത്തിൽ ഒരു സമഗ്ര പഠനവും സെമിനാറും ജൂലൈ 9 നു നടക്കും. മുൻ കാലിക്കറ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രോഫ. ജി ശശിധരൻ സെമിനാറിനും തുടർന്നു നടക്കുന്ന വർക്ക് ഷോപ്പിനും നേതൃത്വം നൽകും.

 

പ്രമുഖ സന്യാസി സ്രേഷ്ടരുടെയും, ശാസ്‌ത്രജ്ഞരുടെയും, ചിന്തകരുടെയും, മറ്റു ശ്രീ നാരായണീയരുടെയും മഹനീയ സാന്നിധ്യം കൊണ്ടു ഈ ചടങ്ങു സമ്പന്നമാകും. സ്വാമി. സച്ചിദാനന്ദ, സ്വാമി സന്ദീപാനന്ദ ഗിരി , സ്വാമി, ത്യാഗീശ്വരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആത്മീയ ചർച്ചകളെ കൂടാതെ, ശ്രീ. പി. വിജയൻ. ഐ.പി എസ്, ശ്രീ. സാഗർ വിദ്യാസാഗർ, ഡോ. ചന്ദ്രശേഖർ തിവാരി, ഡോ. ശരത് മേനോൻ, ഡോ. വസന്ത് കുമാർ, ഡോ. എം അനിരുദ്ധൻ , ഡോ. ചന്ദ്രോത്ത്‌ പുരുഷോത്തമൻ, ശ്രീ. ശിവദാസൻ ചാന്നാർ തുടങ്ങിയ മറ്റനവധി പ്രശസ്ത വ്യക്തികൾ നേതൃത്വം കൊടുക്കുന്ന വൈവിധ്യമാർന്ന സെമിനാറുകൾ , പഠന കളരികൾ , സർവ്വ മതസമ്മേളനം, സാഹിത്യ സമ്മേളനം, സാംസ്‌കാരിക സമ്മേളനം, വനിതാ സമ്മേളനം , യുവജന സമ്മേളനം, വ്യാവസായിക സമ്മേളനം , സംഘടനാ സമ്മേളനം, പ്രാര്‍ത്ഥനായോഗങ്ങൾ , കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക പരിപാടികൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

 

 

സമ്മേളനത്തിന്റെ ഔപചാരികമായ ഉത്ഘാടനത്തിനു മുന്നോടിയായി താലപ്പൊലിയുടെയും, ഹൂസ്റ്റണിലെ പ്രശസ്ത ചെണ്ട കലാകാരന്മാർ അണി നിരക്കുന്ന തായമ്പകയുടെയും അകമ്പടിയോടു കൂടിയുള്ള വിളംബര ജാഥാ യിൽ വിവിധ സ്റ്റേറ്റുകളിൽ വരുന്ന പ്രതിനിധികൾ പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകനായ ശ്രീ. ജി വേണുഗോപാലിന്റെ ലൈവ് ഓർക്കസ്ട്രയോടു കൂടിയ സംഗീത വിരുന്ന്, ശ്രീമതി. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലുള്ള നൃത്ത സന്ധ്യ, ഒപ്പം അമേരിക്ക യിൽ നിന്നുമുള്ള പ്രൊഫഷനൽ കലാ സംഘങ്ങൾ , വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളും കുടുംബ കൂട്ടായ്മകളും നേതൃത്വം നൽകി അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവയും കണ്‍വൻഷൻ ദിനരാത്രങ്ങളെ അവിസ്മരണീയമാക്കും. കണ്‍വൻഷനോടനുബന്ധമായി വിവിധ പ്രസ്ഥാനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രദർശന- വില്പന , സ്റ്റാളുകൾ പ്രവർത്തിക്കുന്നതായിരിക്കും .

 

 

കണവൻഷൻ സ്മരണകൾക്ക് അക്ഷര ചാരുത നൽകുവാൻ ബൃഹത്തായ ഒരു സ്മരണികയും ഈ സംഗമ വേദിയിൽ വച്ചു പ്രകാശനം ചെയ്യപ്പെടും. മനോരമയിലെ റിപ്പോർട്ടർ സുജിത് ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കിയിട്ടുള്ള ദൈവ ദശകത്തെ ക്കുറിച്ചുള്ള ഡോക്യൂമെന്ററിയുടെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും കേരളീയ പാരമ്പര്യ തനിമയോടെയുള്ള ഭക്ഷണമായിരിക്കും പ്രതിനിധികളായെത്തുന്ന കുടുംബാംഗങ്ങൾക്കായി ഒരുക്കുന്നത്. കൺവെൻഷനോടനുബന്ധിച്ചു ഒരുക്കിയിട്ടുള്ള ബാൻക്വറ്റും അവാർഡ് നൈറ്റും ചടങ്ങുകൾക്കു മാറ്റു കൂട്ടും. ഹൂസ്റ്റൺ ലീഗ് സിറ്റിയിലെ ക്ലിയർ ലേയ്ക്ക് തടാകത്തിന്റെ കരയിലുള്ള നയന മനോഹരമായ സൗത്ത് ഷോർ ഹാർബർ റിസോർട്ട് ആണ് ഈ സമ്മേളനത്തിന് വേദി ആകുന്നത്.

 

പ്രമുഖ മലയാളി വ്യവസായിയും ഭാരതീയ പ്രവാസി സമ്മാൻ ജേതാവുമായ ഡോ. എം. അനിരുദ്ധൻ ( ചിക്കാഗോ )രക്ഷാധികാരിയും , ശ്രീ. അനിയൻ തയ്യിൽ ( ഹൂസ്റ്റൻ )ചെയർമാനും , ശ്രീ ദീപക് കൈതയ്ക്കാപ്പുഴ (ഡാളസ് ), ശ്രീ.സന്തോഷ് വിശ്വനാഥൻ (ഡാളസ് ), ശ്രീനിവാസൻ ശ്രീധരൻ ( ഫിലാഡൽഫിയ ), ഷിയാസ് വിവേക് ( ഹൂസ്റ്റൺ), ജയശ്രീ അനിരുദ്ധൻ ( ഹൂസ്റ്റൺ) എന്നിവർ ജനറൽ കൺവീനേർസും ആയിട്ടുള്ള സംഘാടക സമിതിയിൽ സർവ്വശ്രീ. ജനാർദനൻ ഗോവിന്ദൻ, അശ്വിനി കുമാർ, അഡ്വ. കല്ലുവിള വാസുദേവൻ, സുജി വാസവൻ, ജയചന്ദ്രൻ അച്യുതൻ, സി.കെ സോമൻ, അനിത മധു ,ഡോ.ജയ്‌മോൾ ശ്രീധർ, സജീവ് ചേന്നാട്ട്, സന്ദീപ് പണിക്കർ, സാബുലാൽ വിജയൻ, ഗോപൻ മണികണ്ടശ്ശേരിൽ, പുഷ്ക്കരൻ സുകുമാരൻ, മധു ചേരിക്കൽ, ജയൻ അരവിന്ദാക്ഷൻ, മ്യൂണിക് ഭാസ്കർ, പ്രസാദ് കൃഷ്ണൻ, ലക്ഷ്മിക്കുട്ടി പണിക്കർ, സുമേഷ് ഭാസ്കരൻ, ശരത് തയ്യിൽ, ഐശ്വര്യ അനിയൻ, പ്രകാശൻ ദിവാകരൻ, ത്രിവിക്രമൻ, ഡോ.ഹരി പീതാംബരൻ തുടങ്ങിയവർ വിവിധ കമ്മറ്റികൾക്കു നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെടുക. അനിയൻ തയ്യിൽ ( ചെയർമാൻ ) -281 707 9494, ദീപക് കൈതക്കാപ്പുഴ ( സെക്രട്ടറി ) -972 793 2151 അനൂപ്‌ രവീന്ദ്രനാഥ് (പി.ആർ .ഒ ) -847 873 5026

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.