You are Here : Home / USA News

എസ്.എം.സി.സി ദേശീയതലത്തില്‍ ഓണ്‍ലൈന്‍ വീഡിയോ ക്വയര്‍ മത്സരം നടത്തുന്നു -

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 01, 2016 07:21 hrs UTC

ജയിംസ് കുരീക്കാട്ടില്‍

ഹൂസ്റ്റണ്‍: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ദേശീയതലത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ വീഡിയോ ക്വയര്‍ മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹൂസ്റ്റണിലെ പിയര്‍ലാന്റിലുള്ള സെന്റ് മേരീസ് ദേവാലയാങ്കണത്തില്‍ വെച്ച് അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. മക്കാലന്‍ ഇടവക വികാരി ഫാ. വില്‍സണ്‍ ആന്റണി മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, എസ്.എം.സി.സി ഡയറക്ടര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ഫാ. ജേക്കബ് വേത്താനത്ത്, ഫാ. ക്രിസ്റ്റി പറമ്പുകാട്ട്, എസ്.എം.സി.സി കള്‍ച്ചറല്‍ ചെയര്‍ സോണി ഫിലിപ്പ്, ട്രഷറര്‍ ബാബു ചാക്കോ, റീജിയണല്‍ കോര്‍ഡിനേറ്റര്‍ ആന്റണി ചെറു എന്നിവര്‍ സന്നിഹിതരായിരുന്നു. രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്.

 

ഇരുപത് വയസില്‍ താഴെയുള്ള യുവജന വിഭാഗങ്ങള്‍ക്ക് ഇംഗ്ലീഷിലും, ഇരുപത് വയസിനു മുകളിലുള്ള വിഭാഗത്തിനു മലയാളത്തിലും ആണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഒരു ഇടവകയില്‍ നിന്നും എത്ര ക്വയര്‍ഗ്രൂപ്പുകള്‍ക്ക് വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്. ഒരു ഗ്രൂപ്പില്‍ കുറഞ്ഞത് 6 പേരെങ്കിലും അംഗങ്ങളായി ഉണ്ടായിരിക്കണം. "എന്‍സമ്പിള്‍ 2016' എന്ന് പേരിട്ടിരിക്കുന്ന ക്വയര്‍ മത്സരം, വിവിധ ഗ്രൂപ്പുകള്‍ക്ക് അവരുടെ ഇടവകയില്‍ വച്ചുതന്നെ എളുപ്പത്തില്‍ പങ്കെടുക്കാവുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ക്വയര്‍ ഗ്രൂപ്പുകള്‍ ചെയ്യേണ്ടത്, അവര്‍ പാടുന്ന ഗാനം ലൈവ് റെക്കോര്‍ഡ് ചെയ്ത് യുട്യൂബില്‍ അപ്‌ലോഡ് ചെയ്തതിനുശേഷം അതിന്റെ ലിങ്ക് smcc.ensemble@gmail.com എന്ന അഡ്രസിലേക്ക് 2016 ഓഗസ്റ്റ് 30-നു മുമ്പായി അയയ്ക്കുക.

 

 

10 മിനിറ്റ് ദൈര്‍ഘ്യമേ വീഡിയോകള്‍ക്ക് ഉണ്ടാകാവൂ. സൗണ്ട് ട്രാക്ക് അനുവദിക്കുകയില്ല. വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നത് ലൈവായിരിക്കണം എന്നതൊക്കെയാണ് മറ്റു നിബന്ധനകള്‍. എസ്.എം.സി.സി ദേശീയ അധ്യക്ഷന്‍ ബോസ് കുര്യന്‍, ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവര്‍, എല്ലാ ഇടവകകളില്‍ നിന്നുമുള്ള ക്വയര്‍ ഗ്രൂപ്പുകള്‍ മത്സരത്തില്‍ പങ്കെടുത്ത് "എന്‍സമ്പിള്‍ 2016' എന്ന പരിപാടിയെ വന്‍ വിജയമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഒന്നാം സമ്മാനം നേടുന്ന വിജയികള്‍ക്ക് 500 ഡോളറും, രണ്ടാം സമ്മാനം 250 ഡോളറും, മൂന്നാം സമ്മാനം 100 ഡോളറും ആയിരിക്കുമെന്ന് എസ്.എം.സി.സി കള്‍ച്ചറല്‍ ചെയര്‍ സോണി ഫിലിപ്പ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: sonyphilp@me.com എസ്.എം.സി.സി പി.ആര്‍.ഒ ജയിംസ് കുരീക്കാട്ടില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.