You are Here : Home / USA News

തോമസ് ടി. ഉമ്മന്‍ ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്നു

Text Size  

Story Dated: Sunday, July 03, 2016 11:15 hrs UTC

ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ മുന്നണിയല്‍ നിന്നു പോരാടാന്‍ ഒരിക്കലും മടിക്കാത്ത തോമസ് ടി. ഉമ്മന്‍ ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്നു. സംഘടനക്കു മാത്രമല്ല മൊത്തം സമൂഹത്തിനും വഴി കാട്ടാന്‍ കെല്പുള്ള ഈ ക്രാന്ത ദര്‍ശിയെ വിജയിപ്പിക്കേണ്ടത് രണ്ടു വട്ടം ആലോചിക്കേണ്ട കാര്യമല്ല. വിസ-പാസ്‌പോര്‍ട്ട് കാര്യങ്ങള്‍ ഒട്ടൊക്കെ മെച്ചപ്പെടുകയും ഉദ്യോഗസ്ഥര്‍ കൂടുതല്‍ മെച്ചമായി പെരുമാറുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കില്‍ അതിനൊക്കെ പിന്നില്‍ തോമസ് ടി. ഉമ്മന്റെ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി കാണാം.

 

 

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര-കേരള സര്‍ക്കാറുകളുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനും ഫോമാ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി നേതാവെന്ന നിലയില്‍ തോമസ് ടി. ഉമ്മന്‍ വലിയ പങ്കു വഹിച്ചു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഫോമ ഇപ്പോള്‍ ഒരു അംഗീകരിക്കപ്പെട്ട സംഘടനയായി. മുന്‍പ്രവര്‍ത്തകര്‍ തുടങ്ങിവെച്ച പല സംരംഭങ്ങളും പില്‍ക്കാലപ്രവര്‍ത്തകര്‍ പ്രാവര്‍ത്തികമാക്കുന്നു. ഈ ദൗത്യത്തില്‍ പങ്കു വഹിക്കാന്‍ താനും മുന്നിലുണ്ടാവുമെന്നദ്ധേഹം ഉറപ്പു പറയുന്നു. ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള തോമസ് ടി. ഉമ്മന്‍, പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റായിരിക്കെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായുംപരിഹാരം കാണാന്‍ ശ്രമിച്ചു.

 

 

എടുത്തുപറയാനുള്ളത് ഇന്ത്യന്‍ കോണ്‍സുലേറ്റിനേയും വിവിധ സാമൂഹ്യ സംഘടനകളേയും ഏകോപിപ്പിച്ച് അദ്ദേഹം നടത്തിയ ടൗണ്‍ മീറ്റിംഗുകളാണ്. ഈ മീറ്റിംഗുകളില്‍ പ്രവാസികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കിലും, ഇന്ത്യാ ഗവണ്മെന്റും പ്രവാസികളുമായുള്ള ജനസമ്പര്‍ക്ക പരിപാടി ലളിതമാക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്. പ്രവാസി സമൂഹം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ ഇനിയും രംഗത്തിറങ്ങുമെന്നും ് തോമസ് ടി. ഉമ്മന്‍ പറഞ്ഞു.

 

 

2010 മെയ് 26-നു തന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. കാലഹരണപ്പെട്ട ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നതിനായി 175 ഡോളര്‍ഫീസ് (പിഴ) കൊടുക്കണമെന്നും, അല്ലാത്ത പക്ഷം അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് കനത്ത പിഴ പിന്നീട് നല്‍കേണ്ടിവരുമെന്ന കാടന്‍ നിയമത്തിനെതിരെയായിരുന്നു അന്ന് പ്രകനം. നിരവധി പേര്‍ തുടക്കത്തില്‍ തന്റെ പിന്നില്‍ അണിനിരക്കാമേന്നേറ്റിരുന്നെങ്കിലും, അവസാന നിമിഷം കാലുമാറിയ കഥയും തോമസ് ടി. ഉമ്മന്‍ പറഞ്ഞു. പക്ഷെ, ദൃഢനിശ്ചയവും ഇച്ഛാശക്തിയുമാണ് തന്നെ അന്ന് ആ പ്രകടനത്തിന് പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. തങ്ങളുടെ ന്യായമായ അവകാശങ്ങളടങ്ങിയ നിവേദനം പോലും വാങ്ങാന്‍ തയ്യാറാവാതെ, ഭീഷണിപ്പെടുത്തുകയും, ഫെഡറല്‍ പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിക്കാനും വരെ മുതിര്‍ന്നവരാണ് അന്നത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍.

 

 

പിന്മാറുകയില്ലെന്നുറപ്പായത്തോടെ സെക്യൂരിറ്റിയെക്കൊണ്ട് നിവേദനം വാങ്ങിപ്പിച്ചവരാണവര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെയും അനുയായികളുടേയും സമ്മര്‍ദ്ദം കൊണ്ടാണ് ഇപ്പോള്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ വംശജര്‍ ഇന്ത്യാ ഗവണ്മെന്റിന്റെ കഴുത്തറപ്പന്‍ പിഴയില്‍ നിന്ന് മോചിതരായി 175 ഡോളറില്‍ നിന്ന് വെറും 25 ഡോളര്‍ ഫീസ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്നെയുമല്ല, ആ പ്രതിഷേധ പ്രകടനത്തിനുശേഷം ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മനോഭാവത്തിന് മാറ്റം വരികയും, മേലുദ്ധരിച്ച ടൗണ്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.തന്റെ അന്നത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കണ്ട സംതൃപ്തിയും അദ്ദേഹം പങ്കുവെച്ചു. അന്നത്തെ ഊര്‍ജ്ജസ്വലതയോടെ തന്നെയാണ് താന്‍മത്സരിക്കാന്‍ തയ്യാറായിരിക്കുന്നതെനും അദ്ദേഹം പറഞ്ഞു. അറുപതുകളിലും എഴുപതുകളിലും അമേരിക്കയിലേക്ക് കുടിയേറിയ, വാര്‍ദ്ധക്യത്തിലേക്ക് കാലൂന്നിയ മലയാളികളെ വിസ്മരിച്ചുകൊണ്ടാണ് മിക്കവാറും എല്ലാ സംഘടനകളും ഇന്ന് പ്രവര്‍ത്തിക്കുന്നത്.

 

 

പലരും വൃദ്ധസദനങ്ങളിലേക്ക് തള്ളപ്പെടുകയാണ്. അവരെയും പരിഗണനയിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് താന്‍ ലക്ഷ്യമിടുന്നത്.അതുപോലെ യുവാക്കള്‍ക്കും വളര്‍ന്നുവരുന്ന ഇളം തലമുറയ്ക്കും ഗുണകരമാകത്തക്ക പദ്ധതികളും ആവിഷ്‌ക്കരിക്കും. ഇന്ന് അമേരിക്കയിലെ മലയാളി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക സാംസ്‌ക്കാരിക മൂല്യച്യുതിയെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരണം. പല സംഘടനകളും ആ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതെങ്കിലും, ഇടയ്ക്ക് ലക്ഷ്യം തെറ്റുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവിധ സംഘടനകള്‍ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്നണു അദ്ധേഹത്തിന്റെ പക്ഷം.

 

 

എല്ലാ ദേശീയ അന്തര്‍ദേശീയ സംഘടനകളില്‍ നിന്നും കഴിവും പ്രാപ്തിയുമുള്ളവരെ തെരഞ്ഞെടുത്ത് ഒരു കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുക. മലയാളി സമൂഹം നേരിടുന്ന ഗൗരവമേറിയ പ്രശ്‌നങ്ങള്‍ ഈ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കൈകാര്യം ചെയ്ത് പരിഹാരം കാണുക. ജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടെങ്കില്‍ ഇതെല്ലാം നിഷ്ണ്ടപ്രയാസം സഫലമാക്കാവുന്നതേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണമായി ഈയ്യടുത്ത കാലത്ത് നിരവധി ആകസ്മിക സംഭവങ്ങള്‍ മലയാളി സമൂഹം നേരിട്ടുവെങ്കിലും അവയ്ക്കൊന്നിനും പരിഹാരം കാണാനോ ആ കുടുംബങ്ങള്‍ക്ക് ധാര്‍മ്മിക പിന്തുണ നല്‍കാനോ മാര്‍ഗദര്‍ശനം നല്‍കാനോ ഒരു സംഘടനകളും രംഗത്തുവരാതിരുന്നത് നിര്‍ഭാഗ്യകരമായിപ്പോയി. അങ്ങനെയൊരു അവസ്ഥ ഇനി ഉണ്ടായിക്കൂടാ. സമൂഹത്തിന് നന്മകള്‍ ചെയ്യുമ്പോഴാണ് നാം ജനസമ്മതരാകുന്നത്.

 

 

ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമായിരിക്കണം കണ്‍വന്‍ഷന്‍ എന്നാണ് താന്‍ വിശ്വസിക്കുന്നത്. നന്മ ചെയ്യുമ്പോള്‍ ജനങ്ങള്‍ നമ്മെ തേടി വരുമെന്നും, തന്റെ കഴിവുകളും, പ്രവര്‍ത്തനങ്ങളും അതിനായി മാത്രമായിരിക്കുമെന്നും തോമസ് ടി. ഉമ്മന്‍ പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റും, ഉദ്യോഗസ്ഥരും, ഇന്ത്യാ ഗവണ്മെന്റിലെ നിരവധി ഉദ്യോഗസ്ഥരുമായി ഇപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന തനിക്ക് നിരവധി കാര്യങ്ങള്‍ പ്രവാസികള്‍ക്കായി ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്ന് തോമസ് ടി. ഉമ്മന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ എല്ലാ മലയാളികളും, വിശിഷ്യാ സംഘടനകളും പ്രതിനിധികളും, തനിക്ക് പിന്തുണ നല്‍കി വിജയിപ്പിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.