You are Here : Home / USA News

മലങ്കര ഓര്‍ത്തഡോക്‌സ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഭക്തിനിര്‍ഭരമായ തുടക്കം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, July 14, 2016 11:38 hrs UTC

എലന്‍വില്‍: വിശ്വാസതീക്ഷ്ണതയില്‍ അടിയുറച്ച സഭാസ്‌നേഹത്തിന്റെയും ആത്മവിശുദ്ധിയുടെ മഹത്വവും വിളിച്ചോതി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് ഭക്തിനിര്‍ഭരമായ തുടക്കം. കുടുംബക്കൂട്ടായ്മയുടെ പ്രാധാന്യം ഉയര്‍ത്തിക്കാണിച്ച് വൈകിട്ട് ആറു മണിക്ക് നടന്ന വര്‍ണ്ണശബളമായ ഘോഷയാത്രയോടെയാണ് കോണ്‍ഫറന്‍സിന് തുടക്കമായത്. ഭക്തിഗാനങ്ങളുടെയും സഭാവിശ്വാസപ്രഖ്യാപനങ്ങളുടെയും, സഭയോടും മെത്രാപ്പോലീത്തമാരോടുമുള്ള കൂറും വിധേയത്വവും പ്രഖ്യാപിച്ചു കൊണ്ടും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ കുട്ടികളും, യുവജനങ്ങളും, സ്ത്രീപുരുഷന്മാരും വൈദികരും മെത്രാപ്പോലീത്തന്മാരും ഒരുമിച്ചു ചേര്‍ന്നു നടത്തിയ ഘോഷയാത്ര അവിസ്മരണീയമായി. മുത്തുക്കുടകളും കൊടികളും വഹിച്ചു കൊണ്ടായിരുന്നു ഘോഷയാത്ര. 18 പേര്‍ ചേര്‍ന്ന് നടത്തിയ ശിങ്കാരിമേളമായിരുന്നു ഒരു ഹൈലൈറ്റ്. എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചിന്റെ നേതൃത്വത്തിലായിരുന്നു മേളം. ലോബിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര നിറപ്പകിട്ടാര്‍ന്ന വിധത്തില്‍ മനോഹരമാക്കാന്‍ ഓരോരുത്തരും ശ്രദ്ധിച്ചിരുന്നു. ഘോഷയാത്രയുടെ ഏറ്റവും മുന്നില്‍ ബാനറും പിടിച്ച് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും കോണ്‍ഫറന്‍സ് കമ്മിറ്റിയംഗങ്ങളും അടിവച്ചടിവച്ചു നീങ്ങി. കറുത്ത പാന്റും വെളുത്ത ഷര്‍ട്ടും ഓരോ ഏരിയയ്ക്കും നിശ്ചയിച്ചിരുന്ന കളറോടു കൂടിയ ടൈയുമാണ് പുരുഷന്മാര്‍ ധരിച്ചിരുന്നത്. സ്ത്രീകള്‍ അതിനുയോജിച്ച സാരിയും ബ്ലൗസും ധരിച്ചായിരുന്നു വേഷം. ബ്രോങ്ക്‌സ്, വെസ്റ്റ്‌ചെസ്റ്റര്‍, അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ചുവപ്പ് നിറവും, ക്യൂന്‍സ്, ലോങ് ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മഞ്ഞയും, ന്യൂജേഴ്‌സി, സ്റ്റാറ്റന്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പച്ച കളര്‍ വസ്ത്രങ്ങളുമണിഞ്ഞാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. ഫിലഡല്‍ഫിയ, ബാള്‍ട്ടിമൂര്‍, വാഷിങ്ടണ്‍ ഡിസി, വിര്‍ജീനിയ, നോര്‍ത്ത് കരോളിന, റോക്ക്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ നീല നിറത്തില്‍ ശ്രദ്ധേയരായി. മാത്യു വര്‍ഗീസ് ആയിരുന്നു ഘോഷയാത്രയുടെ കണ്‍വീനര്‍. സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്നു നടന്ന ഉദ്ഘാടന സമ്മേളനം ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാര്‍ നിക്കോളോവോസ് ഉദ്ഘാടനം ചെയ്തു. ഭാരതീയ പാരമ്പര്യം പ്രസരിപ്പിച്ചു ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ചെയ്ത അധ്യക്ഷ പ്രസംഗത്തില്‍ കോണ്‍ഫറന്‍സിന്റെ ഗുണമേന്മ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത മെത്രാപ്പോലീത്ത ഊന്നി പറഞ്ഞു. കോണ്‍ഫറന്‍സിലെ പ്രധാന പ്രാസംഗികനായ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത, ഫാ. ക്രിസ്റ്റഫര്‍ മാത്യു, എലിസബത്ത് ജോയി എന്നിവരെ കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ് പരിചയപ്പെടുത്തി. ദൈവത്തിന്റെ സൃഷ്ടി സുന്ദരമാണെന്നും ആ സൗന്ദര്യം കാത്തു സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും ആശംസാ പ്രസംഗത്തില്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ അനുസ്മരിച്ചു. കോണ്‍ഫറന്‍സിന്റെ സ്മരണിക ഭദ്രാസനത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ്. അതിന്റെ പ്രകാശനം ഉദ്ഘാടനചടങ്ങുകളുടെ ശ്രദ്ധയാര്‍ന്ന പരിപാടിയായി സ്ഥലം പിടിച്ചു. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും കമനീയമായ സുവനിയര്‍ ഭദ്രാസനത്തിന്റെയും സഭയുടെ ചരിത്രമുറങ്ങുന്ന ലിഖിത സമാഹാരമായി കാണേണ്ടിയിരിക്കുന്നു. സുവനിയറിന്റെ ചീഫ് എഡിറ്റര്‍ ലിന്‍സി തോമസില്‍ നിന്നും കോപ്പി ഏറ്റുവാങ്ങി മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കി കൊണ്ട് മാര്‍ നിക്കോളോവോസ് പ്രകാശന കര്‍മ്മം നടത്തി. സുവനിയര്‍ ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.സാക്ക് സക്കറിയ സുവനിയറിന്റെ സാമ്പത്തിക നേട്ടം എങ്ങനെ കോണ്‍ഫറന്‍സ് ചെലവുകള്‍ക്ക് താങ്ങാവുന്നു എന്ന് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ് സ്വാഗതം ആശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.