You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ്: ആത്മീയ നിര്‍വൃതിയില്‍ രണ്ടാം ദിനം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, July 15, 2016 09:56 hrs UTC

എലന്‍വില്‍: അനുതാപവഴികളിലൂടെ സഞ്ചരിച്ച മൂഖ്യപ്രാസംഗികരും ഉപവാസത്തിന്റെ മര്‍മ്മങ്ങളെ സ്പര്‍ശിച്ച് കടന്നു പോയ ഭദ്രാസന മെത്രാപ്പോലീത്തായും വെളിപാടിന്റെ സങ്കീര്‍ണ്ണതകളെ ലഘൂകരിച്ച വൈദികനും, മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസത്തെ ആത്മീയ നിര്‍വൃതിയുടെ ഉത്തംഗശൃംഗത്തിലെത്തിച്ചു. ഓണേഴ്‌സ് ഹേവനില്‍ രാവിലെ നടന്ന ആത്മീയ ശുശ്രൂഷകളില്‍ നിര്‍വൃതി പൂണ്ട പ്രകൃതി ആനന്ദാശ്രുക്കള്‍ പൊഴിച്ചാണ് കോണ്‍ഫറന്‍സിന് ആശംസകള്‍ നേര്‍ന്നത്. 6.30-ന് നമസ്‌ക്കാരത്തോടെ തുടക്കം. ധ്യാനപ്രസംഗത്തെത്തുടര്‍ന്ന് ഫിലഡല്‍ഫിയ ഏരിയയിലെ പള്ളികളുടെ സംയുക്ത ക്വയര്‍ ഗാനങ്ങള്‍ ആലപിച്ചു.

 

 

തുടര്‍ന്ന് ചിന്താവിഷയത്തിലൂന്നിയ പ്രഭാഷണ പരമ്പരകള്‍ക്ക് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത, ഫാ. ക്രിസ്റ്റഫര്‍ മാത്യു, എലിസബത്ത് ജോയി എന്നിവര്‍ നേതൃത്വം നല്‍കി. പാപത്തിന്റെ അടിമത്വത്തില്‍ നിന്ന് രക്ഷയുടെ തുറമുഖത്തേക്കുള്ള ഒരു തീര്‍ത്ഥാടകനാണ് യഥാര്‍ത്ഥ വിശ്വാസിയെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഫാമിലി കോണ്‍ഫറന്‍സില്‍ രണ്ടാം ദിവസം മുഖ്യ വിഷയത്തിലൂന്നി സംസാരിക്കുകയായിരുന്നു ദീയസ്‌കോറോസ് മെത്രാപ്പോലീത്ത. വിശുദ്ധ മാമ്മോദീസായെന്ന ശുദ്ധീകരണത്തില്‍ തുടങ്ങി വിശുദ്ധ കുര്‍ബ്ബാനയും മറ്റ് വിശുദ്ധ കൂദാശകളും പ്രാപിച്ച് പ്രകാശപൂര്‍ണ്ണരായി ദൈവീകരണത്തിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകന്‍. മെറ്റനോ എന്ന ഗ്രീക്ക് പദത്തിന് വേറിട്ട് ചിന്തിക്കുക എന്ന ഒരു അര്‍ത്ഥമുണ്ട്.

 

 

 

വ്യത്യസ്ഥമായി ചിന്താധാരകളേയും നിരൂപണങ്ങളെയും ഒരു യഥാര്‍ത്ഥ തീര്‍ത്ഥാടകന്‍ രൂപപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഈ പദം ആഹ്വാനം ചെയ്യുന്നു. ഏഴ് യാമങ്ങളിലുള്ള പ്രാര്‍ത്ഥനകളെ രഹസ്യ പ്രാര്‍ത്ഥന എന്ന ചങ്ങലയാല്‍ ബന്ധിച്ച് വിശ്വാസി അതിന്റെ മധ്യത്തില്‍ നില്‍ക്കുമ്പോള്‍ സാത്താന്റെ കരങ്ങള്‍ വിദൂരതയില്‍ നിലകൊണ്ടു. സത്യ അനുതാപം, ജാഗ്രത, വിവേകം, ഹൃദയത്തെ വിശുദ്ധിയില്‍ സൂക്ഷിക്കുക. ഇത് നൈമിഷകമായ ഒരു അനുഭവമല്ല. മറിച്ച് യുഗാന്ത്യംവരെയുള്ള മനുഷ്യന്റെ ജീവിതചര്യയാണ്. അനുതാപമെന്ന വാക്ക് കൊണ്ട് എപ്പോഴും വിലാപത്തിലും കണ്ണുനീരിലും മാത്രം കഴിയുന്ന ഒരു അവസ്ഥയില്ല. ദൈവസ്‌നേഹത്തില്‍ അലിഞ്ഞു ചേര്‍ന്നു വസിക്കുന്ന അനുഭവമാണ്. ക്ലമന്റ് ഓഫ് അലക്‌സാന്‍ഡ്രിയ വിശുദ്ധ ലൂക്കോസ് 15-ാം അധ്യായത്തെ വിശേഷിപ്പിക്കുന്നത് അനുതാപത്തിന്റെ അധ്യായമായാണ്. അനുതാപത്തിലേക്ക് വഴി നടത്താന്‍ പര്യാപ്തമായ മൂന്ന് ഉപമകള്‍ നഷ്ടപ്പെട്ട ആട്, നഷ്ടപ്പെട്ട നാണയം, മുടിയന്‍ പുത്രന്‍. നഷ്ടപ്പെട്ട യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെ വരാന്‍ ഉള്ള ആഹ്വാനമാണ് ജേക്കബ് ഓഫ് സെര്‍ഗ് പറയുന്ന ഓരോ മനുഷ്യനും തന്നെ.

 

 

തന്നെ ഏറ്റവും ശ്രേഷ്ഠനായി, വിലപിടിപ്പുള്ളവരായി കാണണം. നമ്മെ തന്നെ ശ്രേഷ്ഠരായി കാണുമ്പോള്‍ മറ്റുള്ളവരേയും ശ്രേഷ്ഠരായി കാണാന്‍ നമ്മുടെ നയനങ്ങള്‍ തുറക്കപ്പെടും. അപ്പോള്‍ ദൈവരാജ്യത്തിലേക്കുള്ള തീര്‍ത്ഥാടനം അര്‍ത്ഥപൂര്‍ണ്ണമാകും. കേഴ്‌വിക്കാരെ കൂടെകൊണ്ട് പോയി, നര്‍മ്മത്തിന്റെ മേമ്പൊടിയുമായാണ് മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത സങ്കീര്‍ണ്ണമായ ചിന്താവിഷയത്തെ ലഘൂകരിച്ച് അവതരിപ്പിച്ചത്. ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകളും നടന്നു. ഉച്ച നമസ്‌ക്കാരത്തിനും ഭക്ഷണത്തിനും ശേഷം സൂപ്പര്‍ സെഷനുകളുടെ സമയമായിരുന്നു. ഫാസ്റ്റിങ് ആന്‍ഡ് ഫീസ്റ്റിങ് എന്ന വിഷയത്തെ ആസ്പദമാക്കി സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത സംസാരിച്ചു.

 

 

 

വെളിപാട് പുസ്തകവും ഓര്‍ത്തഡോക്‌സ് ആരാധനാക്രമവും എന്ന വിഷയത്തെപ്പറ്റി ഫാ. സുജിത് തോമസ് ക്ലാസ്സെടുത്തു. കോണ്‍ഫറന്‍സ് ടീ ഷര്‍ട്ടുകള്‍ അണിഞ്ഞ് ഗ്രൂപ്പ് ഫോട്ടോ റിസോര്‍ട്ടിന് പുറത്തുള്ള പുല്‍ത്തകിടിയില്‍ എടുത്തു. പിന്നീട് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടന്നു. ഡിന്നറിനും സന്ധ്യാനമസ്‌ക്കാരത്തിനും ശേഷം ആത്മീയ പ്രഭാഷണം. ഡബ്ല്യുസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയ്ക്ക് അനുമോദനം അര്‍പ്പിച്ച യോഗത്തിനു ശേഷം ഭദ്രാസനം വാങ്ങുന്ന റിട്രീറ്റ് സെന്ററിനെപ്പറ്റി മാര്‍ നിക്കോളോവോസ് സവിസ്തരം പ്രതിപാദിച്ചു. ഡബ്യുസിസിയുടെ സെന്‍ട്രല്‍ കമ്മിറ്റി ഐക്യകണ്‌ഠേനയാണ് മാര്‍ നിക്കോളോവോസിനെ തെരഞ്ഞെടുത്തത്. തിരുമേനിയുടെ ക്രാന്തദര്‍ശിത്വവും, നേതൃപാടവവും അര്‍പ്പണചിന്തയുമാണ് ഈ സ്ഥാനത്തേക്ക് അര്‍ഹനാക്കിയതെന്ന് അനുമോദനപ്രസംഗത്തില്‍ ഭദ്രാസന ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ വറുഗീസ് പോത്താനിക്കാട് പറഞ്ഞു.

 

 

മര്‍ത്തമറിയം വനിത സമാജത്തിനു വേണ്ടി സാറാ വര്‍ഗീസ്, മേരി വറുഗീസ് എന്നിവര്‍ അനുമോദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. മാര്‍ നിക്കോളോവോസ് സമുചിതമായി മറുപടി പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം റിട്രീറ്റ് സെന്റര്‍ നടത്തുന്നതിനായി സ്ഥലം വാങ്ങാനും പെന്‍സില്‍വേനിയയില്‍ ഡാല്‍ട്ടന്‍ കൗണ്ടിയില്‍ വാങ്ങിക്കുന്ന കെട്ടിട സമുച്ചയം ഉള്‍പ്പെട്ട സ്ഥലത്തിന്റെ സമഗ്രമായ വിവരണവും വീഡിയോ അവതരണവും ഫാമിലി കോണ്‍ഫറന്‍സില്‍ വച്ചു നടത്തി. ഭദ്രാസനത്തിന് തലമുറകളെ ബന്ധിപ്പിക്കുന്നതിനും വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ പരിഗണിച്ചും വിവിധ ആവശ്യങ്ങള്‍ക്കുതകുന്ന ഒരു സെന്ററിന്റെ ആവശ്യം ഊന്നി പറഞ്ഞു കൊണ്ട് ഫാ. ഗ്രിഗറി വര്‍ഗീസ് സംസാരിച്ചു. ഭദ്രാസനത്തില്‍ 90 ശതമാനം പള്ളികള്‍ക്കും സ്വന്തമായി പള്ളി കെട്ടിടങ്ങള്‍ ഉണ്ടായിയെന്നും ആത്മീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കാലികമായി വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്ക് ഈ റിട്രീറ്റ് സെന്റര്‍ അനിവാര്യമാണെന്നു അച്ചന്‍ പറഞ്ഞു.

 

 

പ്രൊജക്ടിന്റെ സാമ്പത്തിക ബാദ്ധ്യതകളും സാധ്യതകളും വ്യക്തമായ കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അവതരിപ്പിച്ചു. റിട്രീറ്റ് സെന്ററും അതിന്റെ പ്രവര്‍ത്തനങ്ങളും മലങ്കര സഭയ്ക്ക് തന്നെയും മാതൃകയാക്കത്തക്ക രീതിയില്‍ വളരുമെന്ന് തിരുമേനി പ്രസ്താവിച്ചു. ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തിയ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് മത്സരത്തില്‍ അഭൂതപൂര്‍വ്വമായ പങ്കാളിത്തം. ഉച്ചകഴിഞ്ഞ് നടന്ന വിവിധ മത്സരങ്ങളില്‍ നിരവധി പേര്‍ പങ്കെടുത്തു. കാണികള്‍ക്ക് ആവേശം പകര്‍ന്ന വോളിബോള്‍ മത്സരത്തില്‍ ഫാ.എം.കെ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള വൈദികരുടെ ടീം ഒന്നാം സ്ഥാനം നേടി.

 

 

 

ക്യാപ്റ്റന്‍ ജസ്റ്റിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം ബാസ്‌ക്കറ്റ്‌ബോള്‍ മത്സരത്തില്‍ വിജയികളായി. ബാഡ്മിന്റണ്‍ മത്സരത്തില്‍ രഘു നൈനാന്‍, സാബി നൈനാന്‍ എന്നിവരുടെ ടീം വിജയികളായി. ഫൗള്‍ ഷൂട്ടിങില്‍ ആന്‍ഡ്രൂ എബ്രഹാം, ആദം തോമസ്, ജോബിന്‍ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം കിരീടം നേടി. കൂടാതെ മിഠായി പെറുക്ക്, ഓട്ടം, ഹൂലാ ഹൂപ്‌സ് എന്നീ മത്സരങ്ങളും നടത്തി. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത എന്നിവരുടെ സാന്നിധ്യത്തില്‍ അവാര്‍ഡുകളും ട്രോഫികളും നല്‍കി. രഘു നൈനാന്‍, രാജു പറമ്പില്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. പതിനേഴ് പള്ളികളിലെ ടീമുകള്‍ കാഴ്ചവച്ച വിവിധ കലാപരിപാടികളോടെ കോണ്‍ഫറന്‍സ് രണ്ടാം ദിനം സമാപിച്ചു. അനു ജോസഫ് ആയിരുന്നു ഈ പ്രോഗ്രാമിന്റെ എംസി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.