You are Here : Home / USA News

സർഗ്ഗവേദിയുടെ അരങ്ങ്

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Wednesday, July 20, 2016 11:02 hrs UTC

അന്തരിച്ച പ്രശസ്‌ത നാടകാചാര്യൻ കാവാലം നാരായണ പണിക്കരെ അനുസ്മരിച്ചുകൊണ്ടാണ് സർഗവേദി തുടങ്ങിയത് . ദൈവത്താർ ,അവനവൻ കടമ്പ ,ഭഗവത് ജൂഹം, മുതലായ തനതു നാടകങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ച കാവാലത്തിനെ നാടകലോകത്തിന് മറക്കാൻ കഴിയില്ല . ജോൺ വേറ്റം എഴുതിയ " അനുഭവ തീരങ്ങളിൽ " എന്ന പുസ്തകത്തിന്റെ പ്രകാശന കർമം മനോഹർ തോമസ് ജോർജ് കൊടുകുളഞ്ഞി ക്ക് കൊടുത്തു കൊണ്ട് നിർവഹിച്ചു .ഈ പുസ്തകം അടുത്ത മാസം സർഗ്ഗവേദിയിൽ വിശകലനം ചെയ്യുന്നതാണ് .സ്റ്റാറ്റൻ ഐലൻഡ് എന്ന ഭൂവിഭാഗത്തിന്റെ പശ്ചാത്തലത്തിൽ ,കഴിഞ്ഞ അമ്പത് വർഷങ്ങളിലൂടെ ,അനുഭവ വേദ്യമായ ജീവിത ചരിത്രം വേറ്റം പറയുന്നു .ഈ പുസ്തകത്തെ ഒരു ചരിത്രാഖ്യായിക ആയി വിശേഷിപ്പിക്കാം . സി എം സി എഴുതിയ " വെളിച്ചം വിൽക്കുന്നവർ " എന്ന കഥാ സമാഹാരത്തിന്റെ വിലയിരുത്തലാണ് പിന്നീട് നടന്നത് .താൻ കണ്ട ,അറിഞ്ഞ , അനുഭവിച്ച ,ജീവിതത്തിന്റെ പച്ചയായ കണികകൾ മെനഞ്ഞാണ് സി എം സി കഥകൾ എഴുതുന്നത് .ദുരന്ത പര്യവസായി ആയ കഥകളോടാണ് അദ്ദേഹത്തിന് ആഭിമുഖ്യം .

 

 

കൂടുതൽ കഥകളും അമേരിക്കൻ ജീവിതത്തിന്റെ നേർചിത്രങ്ങളാണ് .പുസ്തകത്തിൽ അദ്ദേഹത്തെ കൂടുതൽ സ്വാധിനിച്ച ചില എഴുത്തുകാരുടെ കഥകളുടെ തർജിമയും ചേർത്തിരിക്കുന്നു .ഷോളോം അലൈഹം തന്നെ ആയിരുന്നു സി എം സി യുടെ എന്നത്തേയും ആരാധ്യനായ എഴുത്തുകാരൻ . ജോസ് കാടാപുറം സി എം സി കഥകളുടെ അന്തർ ധാരയെപ്പറ്റി ,ചില കഥകൾ പരാമർശിച്ചുകൊണ്ട് വ്യക്തമാക്കി .ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഒരു ഭൂമിക സൃഷ്ട്ടിക്കാൻ അദ്ദേഹത്തിന് കഴിയുന്നു .

 

പച്ചയായ ജീവിത യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഓരോ കഥകളും . ഡോ .എ കെ ബി പിള്ള തന്റെ അധ്യക്ഷ പ്രസംഗത്തിൽ അവതാരിക എഴുതിയ ഡോ . എം എം ബഷിറിനെ നിരാകരിച്ചുകൊണ്ടാണ് സംസാരിച്ചത് . എങ്കിലും സി എം സി അമേരിക്കയിലെ ചെറുകഥാകൃത്തുക്കളിൽ ഏറ്റവും ആദരണീയനാണെന്നു പറയാൻ മറന്നില്ല .സാഹിത്യകാരന്മാർ ഒറ്റകെട്ടായി നിന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു . വറുഗീസ് ചുങ്കത്തിൽ " സ്വാമി " " ഇന്നിൻറെ മക്കൾ " എന്നി കഥകൾ വിലയിരുത്തി.

 

.സി എം സി യുടെ കഥകൾ വായിക്കുമ്പോൾ എവിടെനിന്നോ ' ഒരു നുറുങ്ങു വെട്ടം " കടന്നു വരുന്ന പ്രതീതിയാണെന്ന് ഓർമിപ്പിച്ചു . എൻ .മോഹനനെ പോലെ പാരമ്പര്യ മൂല്യങ്ങൾ ഉയർത്തിക്കൊണ്ടുള്ള സൃഷ്ടികളാണ് സി എം സി യുടെ മുഖമുദ്ര എന്നു കെ . സി ജയൻ പറഞ്ഞു. ഷോളോം അലൈഹിം എഴുതിയ " The Pair " എന്ന കഥ " ഇരകൾ " എന്ന പേരിൽ തർജിമ ചെയ്തത് ശരിയായില്ല എന്ന അഭിപ്രയം ബാബു പാറക്കൽ പറഞ്ഞു .പാറക്കൽ മറ്റു പല കഥകളും വിലയിരുത്തുകയും ചാക്കോച്ചന്റെ ഓരോ കഥകളും വായനക്കാരനെ മുറിപ്പെടുത്തുമെന്നും സൂചിപ്പിച്ചു . ചാക്കോച്ചന്റെ സൃഷ്ടികൾ കഥകളല്ല , പ്രത്യുതാ " ജീവിതത്തിന്റെ പകർത്തെഴുതലുകളാണ് " അവയ്ക്ക് മനുഷ്യ മനസ്സിൽ മരണമില്ല . അതായിരുന്നു കെ . കെ ജോൺസൺ പറഞ്ഞത് . " നിധി " എന്ന കഥയെ ആസ്പദമാക്കി സന്തോഷ് പാലാ വിവരിച്ചപ്പോൾ ആ തമിഴ് കുട്ടിയുടെ " ഇനി എന്ത് എന്ന അവസ്ഥ " . " നിലനിൽപ്പിനായുള്ള നിലവിളി " യായി ചിത്രീകരിച്ചു .ജീവിത സമസ്യകളെ , ഉദാത്തമായ ഒരു പ്രതലത്തിൽ നിന്നു കാണാനുള്ള കവിയുടെ കഴിവാണത് . ഈ മലയാളിയുടെ ജോർജ് ജോസഫ് , ഡോ . ഷീല ,തെരേസ്സ ആന്റണി ,ജോസ് ചെരിപുരം ,ഡോ . നന്ദകുമാർ ,അജിത് നായർ , പ്രിൻസ് മാർക്കോസ് , റീനി മമ്പലം , ത്രേസ്സ്യാമ്മ നാടാവള്ളി , എന്നിവർ സി .എം സി . യുടെ കഥകളെ സമഗ്രമായി വിലയിരുത്തി . സർഗ്ഗവേദിയുടെ ഈ കഥാചർച്ചയുടെ വിജയത്തിന് ജെ .മാത്യു സാറിന്റെ കരുതലുകൾ നന്ദി യോടെ സ്മരിക്കേണ്ടിയിരിക്കുന്നു .തന്റെ കഥകളെ കുറിച്ച പഠിച്ചു വിശകലനം നടത്തിയ എല്ലാവരോടും സിഎംസി നന്ദി പറഞ്ഞ കഥാചർച്ച സമാപിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.