You are Here : Home / USA News

ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സിന് പ്രൗഢ ഗംഭീരമായ സമാപനം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, July 21, 2016 10:51 hrs UTC

എലന്‍വില്‍: വിശ്വാസതീക്ഷ്ണതയില്‍ അടിയുറച്ച സഭാസ്‌നേഹത്തിന്റെയും ആത്മവിശുദ്ധിയുടെ മഹത്വവും വിളിച്ചോതി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് പ്രൗഢ ഗംഭീരമായ സമാപനം. അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്കിലുള്ള എലന്‍വില്‍ ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടിലാണ് നാലുദിവസം നീണ്ട കോണ്‍ഫറന്‍സ് നടന്നത്. കുടുംബക്കൂട്ടായ്മയുടെ പ്രാധാന്യം ഉയര്‍ത്തിക്കാണിച്ച് നടന്ന വര്‍ണ്ണശബളമായ ഘോഷയാത്രയോടെയാണ് കോണ്‍ഫറന്‍സിന് തുടക്കമായത്. ഭക്തിഗാനങ്ങളുടെയും സഭാവിശ്വാസപ്രഖ്യാപനങ്ങളുടെയും, സഭയോടും മെത്രാപ്പോലീത്തമാരോടുമുള്ള കൂറും വിധേയത്വവും പ്രഖ്യാപിച്ചു കൊണ്ടും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ കുട്ടികളും, യുവജനങ്ങളും, സ്ത്രീപുരുഷന്മാരും വൈദികരും മെത്രാപ്പോലീത്തന്മാരും ഒരുമിച്ചു ചേര്‍ന്നു നടത്തിയ ഘോഷയാത്ര അവിസ്മരണീയമായി. മുത്തുക്കുടകളും കൊടികളും വഹിച്ചു കൊണ്ടായിരുന്നു ഘോഷയാത്ര.

 

18 പേര്‍ ചേര്‍ന്ന് നടത്തിയ ശിങ്കാരിമേളമായിരുന്നു ഒരു ഹൈലൈറ്റ്. എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചിന്റെ നേതൃത്വത്തിലായിരുന്നു മേളം. അസ്തമയ സൂര്യന്റെ 85 ഡിഗ്രി ചൂട് നിറഞ്ഞ അന്തരീക്ഷത്തില്‍ വൈകുന്നേരത്തെ ചെറു കാറ്റിന്റെ അകമ്പടിയോടെ, എലന്‍വില്ലിലെ ശാന്തസുന്ദരമായ പ്രകൃതിയുടെ പശ്ചാത്തലത്തിലാണ് ഘോഷയാത്ര ആരംഭിച്ചത്. ലോബിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര നിറപ്പകിട്ടാര്‍ന്ന വിധത്തില്‍ മനോഹരമാക്കാന്‍ ഓരോരുത്തരും ശ്രദ്ധിച്ചിരുന്നു. ഘോഷയാത്രയുടെ ഏറ്റവും മുന്നില്‍ ബാനറും പിടിച്ച് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും കോണ്‍ഫറന്‍സ് കമ്മിറ്റിയംഗങ്ങളും അടിവച്ചടിവച്ചു നീങ്ങി. കറുത്ത പാന്റും വെളുത്ത ഷര്‍ട്ടും ഓരോ ഏരിയയ്ക്കും നിശ്ചയിച്ചിരുന്ന കളറോടു കൂടിയ ടൈയുമാണ് പുരുഷന്മാര്‍ ധരിച്ചിരുന്നത്. സ്ത്രീകള്‍ അതിനുയോജിച്ച സാരിയും ബ്ലൗസും ധരിച്ചായിരുന്നു വേഷം.

 

ബ്രോങ്ക്‌സ്, വെസ്റ്റ്‌ചെസ്റ്റര്‍, അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ചുവപ്പ് നിറവും, ക്യൂന്‍സ്, ലോങ് ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മഞ്ഞയും, ന്യൂജേഴ്‌സി, സ്റ്റാറ്റന്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പച്ച കളര്‍ വസ്ത്രങ്ങളുമണിഞ്ഞാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. ഫിലഡല്‍ഫിയ, ബാള്‍ട്ടിമൂര്‍, വാഷിങ്ടണ്‍ ഡിസി, വിര്‍ജീനിയ, നോര്‍ത്ത് കരോളിന, റോക്ക്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ നീല നിറത്തില്‍ ശ്രദ്ധേയരായി. മാത്യു വര്‍ഗീസ് ആയിരുന്നു ഘോഷയാത്രയുടെ കണ്‍വീനര്‍. സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്നു നടന്ന ഉദ്ഘാടന സമ്മേളനം ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാര്‍ നിക്കോളോവോസ് ഉദ്ഘാടനം ചെയ്തു. ഭാരതീയ പാരമ്പര്യം പ്രസരിപ്പിച്ചു ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ചെയ്ത അധ്യക്ഷ പ്രസംഗത്തില്‍ കോണ്‍ഫറന്‍സിന്റെ ഗുണമേന്മ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത മെത്രാപ്പോലീത്ത ഊന്നി പറഞ്ഞു.

 

 

കോണ്‍ഫറന്‍സിലെ പ്രധാന പ്രാസംഗികനായ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത, ഫാ. ക്രിസ്റ്റഫര്‍ മാത്യു, എലിസബത്ത് ജോയി എന്നിവരെ കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ് പരിചയപ്പെടുത്തി. ദൈവത്തിന്റെ സൃഷ്ടി സുന്ദരമാണെന്നും ആ സൗന്ദര്യം കാത്തു സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും ആശംസാ പ്രസംഗത്തില്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ അനുസ്മരിച്ചു. കോണ്‍ഫറന്‍സിന്റെ സ്മരണിക ഭദ്രാസനത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ്. അതിന്റെ പ്രകാശനം ഉദ്ഘാടനചടങ്ങുകളുടെ ശ്രദ്ധയാര്‍ന്ന പരിപാടിയായി സ്ഥലം പിടിച്ചു. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും കമനീയമായ സുവനിയര്‍ ഭദ്രാസനത്തിന്റെയും സഭയുടെ ചരിത്രമുറങ്ങുന്ന ലിഖിത സമാഹാരമായി കാണേണ്ടിയിരിക്കുന്നു.

 

സുവനിയറിന്റെ ചീഫ് എഡിറ്റര്‍ ലിന്‍സി തോമസില്‍ നിന്നും കോപ്പി ഏറ്റുവാങ്ങി മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കി കൊണ്ട് മാര്‍ നിക്കോളോവോസ് പ്രകാശന കര്‍മ്മം നടത്തി. സുവനിയര്‍ ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.സാക്ക് സക്കറിയ സുവനിയറിന്റെ സാമ്പത്തിക നേട്ടം എങ്ങനെ കോണ്‍ഫറന്‍സ് ചെലവുകള്‍ക്ക് താങ്ങാവുന്നു എന്ന് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ് സ്വാഗതം ആശംസിച്ചു. യോഗത്തിനു ശേഷം ഏയ്ഞ്ചല്‍ മെലഡീസ് ഗ്രൂപ്പ് നയിച്ച ഗാനമേളയ്ക്ക് ജോസഫ് പാപ്പന്‍ (റെജി) നേതൃത്വം നല്‍കി. കഴിഞ്ഞ 25 വര്‍ഷങ്ങളായി സംഗീത കലാ രംഗത്തു പ്രവര്‍ത്തിച്ചു വരുന്ന റജി തന്നെയാണ് സ്റ്റേജില്‍ അവതരിപ്പിക്കുന്ന ഗാനങ്ങള്‍ പലതും രചിച്ചതും ഈണമിട്ടതും. തുടര്‍ന്ന് രാത്രി ക്യാമ്പ് ഫയര്‍ നടന്നു. അനുതാപവഴികളിലൂടെ സഞ്ചരിച്ച മൂഖ്യപ്രാസംഗികരും ഉപവാസത്തിന്റെ മര്‍മ്മങ്ങളെ സ്പര്‍ശിച്ച് കടന്നു പോയ ഭദ്രാസന മെത്രാപ്പോലീത്തായും വെളിപാടിന്റെ സങ്കീര്‍ണ്ണതകളെ ലഘൂകരിച്ച വൈദികനും, രണ്ടാം ദിവസത്തെ ആത്മീയ നിര്‍വൃതിയുടെ ഉത്തംഗശൃംഗത്തിലെത്തിച്ചു.

 

 

രാവിലെ നടന്ന ആത്മീയ ശുശ്രൂഷകളില്‍ നിര്‍വൃതി പൂണ്ട പ്രകൃതി ആനന്ദാശ്രുക്കള്‍ പൊഴിച്ചാണ് കോണ്‍ഫറന്‍സിന് ആശംസകള്‍ നേര്‍ന്നത്. 6.30-ന് നമസ്‌ക്കാരത്തോടെ തുടക്കം. ധ്യാനപ്രസംഗത്തെത്തുടര്‍ന്ന് ഫിലഡല്‍ഫിയ ഏരിയയിലെ പള്ളികളുടെ സംയുക്ത ക്വയര്‍ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ചിന്താവിഷയത്തിലൂന്നിയ പ്രഭാഷണ പരമ്പരകള്‍ക്ക് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത, ഫാ. ക്രിസ്റ്റഫര്‍ മാത്യു, എലിസബത്ത് ജോയി എന്നിവര്‍ നേതൃത്വം നല്‍കി. പാപത്തിന്റെ അടിമത്വത്തില്‍ നിന്ന് രക്ഷയുടെ തുറമുഖത്തേക്കുള്ള ഒരു തീര്‍ത്ഥാടകനാണ് യഥാര്‍ത്ഥ വിശ്വാസിയെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഫാമിലി കോണ്‍ഫറന്‍സില്‍ രണ്ടാം ദിവസം മുഖ്യ വിഷയത്തിലൂന്നി സംസാരിക്കുകയായിരുന്നു ദീയസ്‌കോറോസ് മെത്രാപ്പോലീത്ത. വിശുദ്ധ മാമ്മോദീസായെന്ന ശുദ്ധീകരണത്തില്‍ തുടങ്ങി വിശുദ്ധ കുര്‍ബ്ബാനയും മറ്റ് വിശുദ്ധ കൂദാശകളും പ്രാപിച്ച് പ്രകാശപൂര്‍ണ്ണരായി ദൈവീകരണത്തിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകന്‍. മെറ്റനോ എന്ന ഗ്രീക്ക് പദത്തിന് വേറിട്ട് ചിന്തിക്കുക എന്ന ഒരു അര്‍ത്ഥമുണ്ട്.

 

 

വ്യത്യസ്ഥമായി ചിന്താധാരകളേയും നിരൂപണങ്ങളെയും ഒരു യഥാര്‍ത്ഥ തീര്‍ത്ഥാടകന്‍ രൂപപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഈ പദം ആഹ്വാനം ചെയ്യുന്നു. ഏഴ് യാമങ്ങളിലുള്ള പ്രാര്‍ത്ഥനകളെ രഹസ്യ പ്രാര്‍ത്ഥന എന്ന ചങ്ങലയാല്‍ ബന്ധിച്ച് വിശ്വാസി അതിന്റെ മധ്യത്തില്‍ നില്‍ക്കുമ്പോള്‍ സാത്താന്റെ കരങ്ങള്‍ വിദൂരതയില്‍ നിലകൊണ്ടു. സത്യ അനുതാപം, ജാഗ്രത, വിവേകം, ഹൃദയത്തെ വിശുദ്ധിയില്‍ സൂക്ഷിക്കുക. ഇത് നൈമിഷകമായ ഒരു അനുഭവമല്ല. മറിച്ച് യുഗാന്ത്യംവരെയുള്ള മനുഷ്യന്റെ ജീവിതചര്യയാണ്. അനുതാപമെന്ന വാക്ക് കൊണ്ട് എപ്പോഴും വിലാപത്തിലും കണ്ണുനീരിലും മാത്രം കഴിയുന്ന ഒരു അവസ്ഥയില്ല. ദൈവസ്‌നേഹത്തില്‍ അലിഞ്ഞു ചേര്‍ന്നു വസിക്കുന്ന അനുഭവമാണ്. ക്ലമന്റ് ഓഫ് അലക്‌സാന്‍ഡ്രിയ വിശുദ്ധ ലൂക്കോസ് 15-ാം അധ്യായത്തെ വിശേഷിപ്പിക്കുന്നത് അനുതാപത്തിന്റെ അധ്യായമായാണ്. അനുതാപത്തിലേക്ക് വഴി നടത്താന്‍ പര്യാപ്തമായ മൂന്ന് ഉപമകള്‍ നഷ്ടപ്പെട്ട ആട്, നഷ്ടപ്പെട്ട നാണയം, മുടിയന്‍ പുത്രന്‍.

 

 

നഷ്ടപ്പെട്ട യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെ വരാന്‍ ഉള്ള ആഹ്വാനമാണ് ജേക്കബ് ഓഫ് സെര്‍ഗ് പറയുന്ന ഓരോ മനുഷ്യനും തന്നെ. തന്നെ ഏറ്റവും ശ്രേഷ്ഠനായി, വിലപിടിപ്പുള്ളവരായി കാണണം. നമ്മെ തന്നെ ശ്രേഷ്ഠരായി കാണുമ്പോള്‍ മറ്റുള്ളവരേയും ശ്രേഷ്ഠരായി കാണാന്‍ നമ്മുടെ നയനങ്ങള്‍ തുറക്കപ്പെടും. അപ്പോള്‍ ദൈവരാജ്യത്തിലേക്കുള്ള തീര്‍ത്ഥാടനം അര്‍ത്ഥപൂര്‍ണ്ണമാകും. കേഴ്‌വിക്കാരെ കൂടെകൊണ്ട് പോയി, നര്‍മ്മത്തിന്റെ മേമ്പൊടിയുമായാണ് മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത സങ്കീര്‍ണ്ണമായ ചിന്താവിഷയത്തെ ലഘൂകരിച്ച് അവതരിപ്പിച്ചത്. ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകളും നടന്നു. ഉച്ച നമസ്‌ക്കാരത്തിനും ഭക്ഷണത്തിനും ശേഷം സൂപ്പര്‍ സെഷനുകളുടെ സമയമായിരുന്നു. ഫാസ്റ്റിങ് ആന്‍ഡ് ഫീസ്റ്റിങ് എന്ന വിഷയത്തെ ആസ്പദമാക്കി സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത സംസാരിച്ചു. വെളിപാട് പുസ്തകവും ഓര്‍ത്തഡോക്‌സ് ആരാധനാക്രമവും എന്ന വിഷയത്തെപ്പറ്റി ഫാ. സുജിത് തോമസ് ക്ലാസ്സെടുത്തു.

 

 

കോണ്‍ഫറന്‍സ് ടീ ഷര്‍ട്ടുകള്‍ അണിഞ്ഞ് ഗ്രൂപ്പ് ഫോട്ടോ റിസോര്‍ട്ടിന് പുറത്തുള്ള പുല്‍ത്തകിടിയില്‍ എടുത്തു. പിന്നീട് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടന്നു. ഡിന്നറിനും സന്ധ്യാനമസ്‌ക്കാരത്തിനും ശേഷം ആത്മീയ പ്രഭാഷണം. ഡബ്ല്യുസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയ്ക്ക് അനുമോദനം അര്‍പ്പിച്ച യോഗത്തിനു ശേഷം ഭദ്രാസനം വാങ്ങുന്ന റിട്രീറ്റ് സെന്ററിനെപ്പറ്റി മാര്‍ നിക്കോളോവോസ് സവിസ്തരം പ്രതിപാദിച്ചു. ഡബ്യുസിസിയുടെ സെന്‍ട്രല്‍ കമ്മിറ്റി ഐക്യകണ്‌ഠേനയാണ് മാര്‍ നിക്കോളോവോസിനെ തെരഞ്ഞെടുത്തത്. തിരുമേനിയുടെ ക്രാന്തദര്‍ശിത്വവും, നേതൃപാടവവും അര്‍പ്പണചിന്തയുമാണ് ഈ സ്ഥാനത്തേക്ക് അര്‍ഹനാക്കിയതെന്ന് അനുമോദനപ്രസംഗത്തില്‍ ഭദ്രാസന ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ വറുഗീസ് പോത്താനിക്കാട് പറഞ്ഞു. മര്‍ത്തമറിയം വനിത സമാജത്തിനു വേണ്ടി സാറാ വര്‍ഗീസ്, മേരി വറുഗീസ് എന്നിവര്‍ അനുമോദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു.

 

 

 

മാര്‍ നിക്കോളോവോസ് സമുചിതമായി മറുപടി പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം റിട്രീറ്റ് സെന്റര്‍ നടത്തുന്നതിനായി സ്ഥലം വാങ്ങാനും പെന്‍സില്‍വേനിയയില്‍ ഡാല്‍ട്ടന്‍ കൗണ്ടിയില്‍ വാങ്ങിക്കുന്ന കെട്ടിട സമുച്ചയം ഉള്‍പ്പെട്ട സ്ഥലത്തിന്റെ സമഗ്രമായ വിവരണവും വീഡിയോ അവതരണവും ഫാമിലി കോണ്‍ഫറന്‍സില്‍ വച്ചു നടത്തി. ഭദ്രാസനത്തിന് തലമുറകളെ ബന്ധിപ്പിക്കുന്നതിനും വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ പരിഗണിച്ചും വിവിധ ആവശ്യങ്ങള്‍ക്കുതകുന്ന ഒരു സെന്ററിന്റെ ആവശ്യം ഊന്നി പറഞ്ഞു കൊണ്ട് ഫാ. ഗ്രിഗറി വര്‍ഗീസ് സംസാരിച്ചു. ഭദ്രാസനത്തില്‍ 90 ശതമാനം പള്ളികള്‍ക്കും സ്വന്തമായി പള്ളി കെട്ടിടങ്ങള്‍ ഉണ്ടായിയെന്നും ആത്മീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കാലികമായി വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്ക് ഈ റിട്രീറ്റ് സെന്റര്‍ അനിവാര്യമാണെന്നു അച്ചന്‍ പറഞ്ഞു. പ്രൊജക്ടിന്റെ സാമ്പത്തിക ബാദ്ധ്യതകളും സാധ്യതകളും വ്യക്തമായ കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അവതരിപ്പിച്ചു.

 

 

റിട്രീറ്റ് സെന്ററും അതിന്റെ പ്രവര്‍ത്തനങ്ങളും മലങ്കര സഭയ്ക്ക് തന്നെയും മാതൃകയാക്കത്തക്ക രീതിയില്‍ വളരുമെന്ന് തിരുമേനി പ്രസ്താവിച്ചു. ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തിയ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് മത്സരത്തില്‍ അഭൂതപൂര്‍വ്വമായ പങ്കാളിത്തം. ഉച്ചകഴിഞ്ഞ് നടന്ന വിവിധ മത്സരങ്ങളില്‍ നിരവധി പേര്‍ പങ്കെടുത്തു. കാണികള്‍ക്ക് ആവേശം പകര്‍ന്ന വോളിബോള്‍ മത്സരത്തില്‍ ഫാ.എം.കെ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള വൈദികരുടെ ടീം ഒന്നാം സ്ഥാനം നേടി. ക്യാപ്റ്റന്‍ ജസ്റ്റിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം ബാസ്‌ക്കറ്റ്‌ബോള്‍ മത്സരത്തില്‍ വിജയികളായി. ബാഡ്മിന്റണ്‍ മത്സരത്തില്‍ രഘു നൈനാന്‍, സാബി നൈനാന്‍ എന്നിവരുടെ ടീം വിജയികളായി. ഫൗള്‍ ഷൂട്ടിങില്‍ ആന്‍ഡ്രൂ എബ്രഹാം, ആദം തോമസ്, ജോബിന്‍ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം കിരീടം നേടി. കൂടാതെ മിഠായി പെറുക്ക്, ഓട്ടം, ഹൂലാ ഹൂപ്‌സ് എന്നീ മത്സരങ്ങളും നടത്തി. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത എന്നിവരുടെ സാന്നിധ്യത്തില്‍ അവാര്‍ഡുകളും ട്രോഫികളും നല്‍കി. രഘു നൈനാന്‍, രാജു പറമ്പില്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.

 

 

പതിനേഴ് പള്ളികളിലെ ടീമുകള്‍ കാഴ്ചവച്ച വിവിധ കലാപരിപാടികളോടെ കോണ്‍ഫറന്‍സ് രണ്ടാം ദിനം സമാപിച്ചു. അനു ജോസഫ് ആയിരുന്നു ഈ പ്രോഗ്രാമിന്റെ എംസി. മൂന്നാം ദിനം ആത്മീയ പ്രഭാഷണങ്ങളാലും യാമപ്രാര്‍ത്ഥനകളാലും, ധ്യാന നിമഗ്നമായ അന്തരീക്ഷത്താലും മുഖരിതമായിരുന്നു. അനുതാപവും ഉപവാസവും ഒക്കെ മുഖ്യ വിഷയങ്ങളായ വേദികളിലും ചര്‍ച്ചാ ക്ലാസ്സുകളിലും ഓപ്പണ്‍ ഫോറങ്ങളിലും ഉത്സാഹത്തോടെയുള്ള പങ്കാളിത്തമാണുണ്ടായിരുന്നത്. ആത്മീയത ഓരോ വിശ്വാസിയും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ കോണ്‍ഫറന്‍സിന് മാറ്റ് കൂട്ടി. വിശ്വാസത്തില്‍ കൂടി ദൈവിക സത്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുവാനുതകുന്ന ദീപ്തിമത്തായ ധ്യാനയോഗങ്ങളും ചര്‍ച്ചാക്ലാസുകളും കൊണ്ട് മൂന്നാം ദിവസമായ വെള്ളിയാഴ്ച സമ്പന്നവും സജീവുമായിരുന്നു.

 

 

 

ക്ലര്‍ജി ആന്‍ഡ് ബസ്‌കിമോസ് മീറ്റിങ്ങും നടന്നു. ലൂക്കോസിന്റെ സുവിശേഷം 15-ാം അധ്യായത്തില്‍ അനുതാപം വിവരിക്കുന്ന മൂന്ന് ഉപമകള്‍ നഷ്ടപ്പെട്ടതിന് വീണ്ടെടുത്ത് സന്തോഷിക്കുന്ന അനുഭവത്തിന്റെ ആവിഷ്‌ക്കാരമാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു. നിസംഗതയും അലസതയും അശ്രദ്ധയും അനുവര്‍ത്തിച്ച് ആടിന് ഇടയന്റെ സാമീപ്യം നഷ്ടപ്പെട്ടു. അശ്രദ്ധയും പൊങ്ങച്ചവും അഹങ്കാരവും ആവാഹിക്കപ്പെട്ട സ്ത്രീയുടെ നാണയം നഷ്ടമായി. സ്‌നേഹത്തിന്റെ അഭാവവും സ്വാര്‍ത്ഥതയും ആത്മാര്‍ത്ഥതയില്ലായ്മയും കൈമുതലാക്കിയ മുടിയന്‍പുതന്രന്‍ പിതൃസ്‌നേഹത്തില്‍ നിന്ന് അന്യമായി. പൊന്റ്‌റിക്കസ് ഇവാഗ്രസിന്റെ അഭിപ്രായത്തില്‍ നഷ്ടമാക്കപ്പെടുന്ന എട്ട് ദുഷ്ചിന്തകള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനമായതാണ് അമിതഭക്ഷണം, അഥവാ അത്യാര്‍ത്തി. മോഹത്തിന്റെ വാതിലും ഇരിപ്പടവുമായ ഒന്നാണിത്.

 

 

ദുഷ്‌കാമം, ഹൃദയകാഠിന്യം, അലസത, മുന്‍കോപം, അശ്രദ്ധ, അഹങ്കാരം, വിദ്വേഷം തുടങ്ങിയവ നമ്മെ നാം അല്ലാതെയുമാക്കുന്നു. ദൈവസ്വരൂപത്തെ വികലമാക്കുന്നു. ഇങ്ങനെ നഷ്ടമായതിനെ കണ്ടെത്തുവാന്‍ കഴിയുന്ന ഇടയത്വ ശുശ്രൂഷ വിശ്വാസികള്‍ വിസ്മരിക്കരുത്. കണ്ടെത്തുവാനുള്ള യാത്ര അവസാനിക്കുന്നത് കാല്‍വറി ക്രൂശിന്റെ അരികിലാണ്. അവിടെ കണ്ണുനീരിനാല്‍ മുഴുകുന്ന ഒരു പരിത്യാഗം ഉയരണം. ഇതിനെയാണ് കണ്ണുനീരിന്റെ വേദശാസ്ത്രമെന്ന് പിതാക്കന്മാര്‍ വിളിക്കുന്നത്. ഈ കണ്ണുനീര്‍ വികാരപരമായ വിസ്‌ഫോടനമല്ല. പകരം ആത്മീയ നയനങ്ങളുടെ നനവാണ്. വീടു മുഴുവന്‍ അടിച്ചുവാരി വിളക്കു കൊണ്ട് സസൂക്ഷ്മം തന്റെ നഷ്ടപ്പെട്ട നാണയം നോക്കുന്ന ഉപമയിലെ സ്ത്രീയെ പോലെ ഒരു സമഗ്ര ആത്മീയ അന്വേഷണം അനിവാര്യമാണ്. തിരിച്ചുവരുന്ന മകനെ സ്വീകരിക്കുന്ന പിതാവിനെ പോലെ സ്‌നേഹനിധിയായ ദൈവം അനുതപിക്കുന്ന പാപിയെ സ്വീകരിക്കുന്നവനാകുന്നു.

 

 

അവിടെ സന്തോഷത്തിന്റെ ഔന്നത്യം ദര്‍ശിക്കാം. ഓര്‍ത്തഡോക്‌സ് തിയോളജിയുടെ മര്‍മ്മപ്രധാനമായ ഈ ആശയം വളരെ സരസമായി പ്രായോഗിക ജീവിതത്തിലെ സംഭവങ്ങളെ ബന്ധപ്പെടുത്തിയാണ് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത സംസാരിച്ചത്. കോണ്‍ഫറന്‍സ് വിജയഘടകങ്ങളിലെ ഏറ്റവും പ്രധാന ഘടകമായി എല്ലാവരും അംഗീകരിച്ചതും മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തയുടെ ചിന്താവിഷയത്തിലൂന്നിയ പ്രഭാഷണങ്ങളായിരുന്നു. കേരളത്തിനു പുറത്തുള്ള ഇടവകകള്‍ സഭയുടെ ജീവനാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. കേരളത്തിലെ മാതൃസഭ അമേരിക്കന്‍ ഭദ്രാസനത്തിലേക്ക് ഉറ്റുനോക്കുന്ന കാലം വരുമെന്ന് തന്റെ സൂന്ത്രോണിസോ ശുശ്രൂഷാവേളയില്‍ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പരാമര്‍ശിച്ചതിനെ സൂചിപ്പിച്ചു കൂടിയാണ് മാര്‍ ദീയസ്‌കോറോസ് ഈ അഭിപ്രായ പ്രകടനം നടത്തിയത്.

 

 

ഇതു പോലെയുള്ള കോണ്‍ഫറന്‍സുകള്‍ സഭാംഗങ്ങള്‍ക്കിടയില്‍ ഐക്യം ദൃഢമാക്കുന്നതിന് ഉപകരിക്കും. ഞാനിവിടെ കണ്ടത് സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും വിജയഗാഥയാണ്. വിജയഗാഥകള്‍ക്കിടയിലും കൂടുതല്‍ പ്രവര്‍ത്തനോജ്വലമായ എന്തെങ്കിലും ചൂണ്ടിക്കാണിക്കാന്‍ സാധിക്കൂമോയെന്ന് ചോദിച്ചപ്പോള്‍ തലമുറകളുടെ അന്തരം (ജനറഷേഷന്‍ ഗ്യാപ്) എന്നായിരുന്നു തിരുമേനിയുടെ പെട്ടെന്നുള്ള മറുപടി. പുതിയ തലമുറയില്‍പ്പെട്ടവരെ കുറച്ചു കൂടി ഊര്‍ജ്ജ്വസ്വലതയോടെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ജെന്‍ഡര്‍ മിക്‌സിംഗിന്റെ ആവശ്യകത ഉണ്ട് എന്നും മാര്‍ ദീയസ്‌കോറോസ് കൂട്ടിച്ചേര്‍ത്തു. സന്ധ്യാനമസ്‌ക്കാരത്തിനു ശേഷമുള്ള സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ പ്രഭാഷണം, വിശ്വാസികളെ വിശുദ്ധ കുമ്പസാര കൂദാശയിലേക്ക് നയിക്കുവാനും ആത്മീയ ഉണര്‍വ്വ് ലഭിക്കാനും ഉതകുന്നതായിരുന്നു.

 

 

തുറന്ന മനസ്ഥിതി ഇല്ലാത്തിടത്തോളം കാലം ക്രിസ്തുവിന്റെ ശരീരമായി രൂപാന്തരപ്പെടാന്‍ സാധിക്കുകയില്ല. മനസ്സും ആത്മാവും തുറക്കുകയും, മറ്റുള്ളവരെ ദൈവസൃഷ്ടിയായി സ്വീകരിക്കാന്‍ തയ്യാറാവുകയും വേണം. വിശുദ്ധ കുമ്പസാരം ആത്മാവിന്റെ ചികിത്സയാണ്. ഒരു പേഴ്‌സണല്‍ കുമ്പസാര പിതാവിനെ കണ്ടു പിടിക്കുന്നതാണ് ഉത്തമം. പല ഡോക്ടര്‍മാരെ മാറി മാറി കാണുന്ന ഒരു രോഗിയുടെ അവസ്ഥ ശ്രദ്ധിക്കുക. പൂര്‍ണ്ണമായ രോഗനിവാരണത്തിന് ഡോക്ടര്‍മാരെ കൂടെകൂടെ മാറ്റുന്നത് ശരിയല്ല. അനന്യാസിന്റെ രൂപാന്തര കഥയെ അടിസ്ഥാനമാക്കിയാണ് മാര്‍ നിക്കോളോവോസ് സംസാരിച്ചത്. ഒരു കീനോട്ട് സ്പീക്കര്‍ ആയ എലിസബത്ത് ജോയി കൊച്ചമ്മയുടെ സഹോദരിയും തീയോളജി നിപുണയും യുണൈറ്റഡ് ലൂഥറന്‍ ചര്‍ച്ചിലെ പാസ്റ്ററുമായ ഡോ. ഇവാഞ്ചലീന്‍ രാജ്കുമാറിനെ മാര്‍ നിക്കോളോവോസ് പരിചയപ്പെടുത്തി.

 

 

 

ഡോ. ഇവാഞ്ചലീന്‍ രാജ്കുമാര്‍ ഹ്രസ്വമായി സംസാരിക്കുകയും ചെയ്തു. പ്രാര്‍ത്ഥനകളും ആത്മീയപ്രഭാഷണങ്ങളും ചര്‍ച്ചാക്ലാസ്സുകളും, ഹൈക്കിംഗും, സ്‌പോര്‍ട്‌സുമൊക്കെയായി തിരക്കാര്‍ന്ന ഒരു പകലിനു ശേഷം പ്രത്യേക പ്രാര്‍ത്ഥനയോടെ വിശുദ്ധ കുമ്പസാരത്തിന് വേദിയൊരുങ്ങി. മൂന്നു ദിവസത്തെ തിരക്കാര്‍ന്ന പ്രോഗ്രാമുകളില്‍ പങ്കെടുത്തും പങ്കെടുപ്പിച്ചും നേതൃത്വം കൊടുത്തും സഹകരിച്ചവര്‍ക്കൊക്കെ ആത്മീയ ഉണര്‍വ്വ് അനുഭവിക്കാനും സ്വയം പരിശോധിക്കാനുമുള്ള സമയമായിരുന്നു അത്. ശനിയാഴ്ച രാവിലെ 6.45-ന് നമസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം വിശുദ്ധ കുര്‍ബ്ബാന. തുടര്‍ന്ന് സമാപന സമ്മേളനം. പ്രഭാതഭക്ഷണത്തിന് ശേഷം 11 മണിക്ക് ചെക്കൗട്ട്. ആത്മീയ സത്യ പൊരുളുകളുടെ ചുരുള്‍ തേടിയും വിശുദ്ധ കുമ്പസാര കൂദാശയിലേക്ക് നയിക്കുന്ന ഹൃദയദ്രവീകരണ മൊഴിമുത്തുകള്‍ക്ക് വഴിയൊരുക്കിയും കോണ്‍ഫറന്‍സ് വിജയമായെന്ന് വിശ്വാസികള്‍ ഒന്നടങ്കം പറഞ്ഞു.

 

 

ശനിയാഴ്ച രാവിലെ നമസ്‌ക്കാര ശുശ്രൂഷയ്ക്ക് ശേഷം വിശുദ്ധ കുര്‍ബ്ബാന സഖറിയ മാര്‍ നിക്കോളോവസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്ത എല്ലാ വൈദികരും സഹകാര്‍മ്മികരായി. മാര്‍ നിക്കോളോവസ് ഔദ്യോഗികമായി പങ്കെടുത്തവര്‍ക്കും കമ്മിറ്റികള്‍ക്കും കോര്‍ഡിനേറ്റര്‍മാര്‍ക്കും കോണ്‍ഫറന്‍സ് നേതാക്കള്‍ക്കും നന്ദി രേഖപ്പെടുത്തി. ഡോ. ജോളി തോമസ് ഹൃദയഭാഷയിലാണ് നന്ദി പ്രകടനത്തിലൂടെ സംസാരിച്ചത്. കോണ്‍ഫറന്‍സില്‍ എല്ലാ ദിവസവും കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ എന്ന പേരില്‍ ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. ആവേശകരമായ വരവേല്‍പ്പാണ് ക്രോണിക്കിളിന് ലഭിച്ചിരുന്നത്. ഫോട്ടോസെഷന് ശേഷം ഉച്ചഭക്ഷണത്തോടു കൂടി കോണ്‍ഫറന്‍സ് സമാപിച്ചു. അനര്‍ഘങ്ങളായ ആത്മീയ സത്യ പൊരുളുകളുടെ ചുരുള്‍ തേടിയും വിശുദ്ധ കുമ്പസാര കൂദാശയിലേക്ക് നയിക്കുന്ന ഹൃദയദ്രവീകരണ മൊഴിമുത്തുകള്‍ക്ക് വഴിയൊരുക്കിയും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് വിജയമായെന്ന് വിശ്വാസികള്‍ ഒന്നടങ്കം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.