You are Here : Home / USA News

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് പുതിയ നേതൃത്വം

Text Size  

Story Dated: Thursday, July 21, 2016 11:05 hrs UTC

ഫിലിപ്പോസ് ഫിലിപ്പ്

 

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2017-ന്‍റെ നേതൃത്വത്തിലേക്ക് ഫാ.ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, ജോര്‍ജ് തുമ്പയില്‍, ജീമോന്‍ വര്‍ഗീസ് എന്നിവരെ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത നിയമിച്ചു. എലന്‍വില്‍ ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ നടന്ന 2016 ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്‍റെ സമാപന സമ്മേളനത്തില്‍ വച്ചാണ് മാര്‍ നിക്കോളോവോസ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഫാ.ഡോ.വര്‍ഗീസ് എം. ഡാനിയേലിനെ കോണ്‍ഫറന്‍സ് കോര്‍ഡിനേറ്ററായും ജോര്‍ജ് തുമ്പയിലിനെ ജനറല്‍ സെക്രട്ടറിയായും നിയോഗിച്ചപ്പോള്‍ 2016-ലെ ട്രഷററായിരുന്ന ജീമോന്‍ വര്‍ഗീസിനെ ഒരു വര്‍ഷം കൂടി തത്സ്ഥാനത്ത് തുടരാന്‍ അനുവദിച്ചു. 53 ഇടവകകളും മറ്റ് മിഷന്‍ ചര്‍ച്ചസുകളും മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തില്‍ 71 വൈദികരും മൂന്നു ശെമ്മാശന്മാരും നിരവധി സെമിനാരി വിദ്യാര്‍ത്ഥികളുമുണ്ട്.

 

വളരെ സജീവമായ ആറു മിനിസ്ട്രികള്‍ ഉള്ളതില്‍ ഒന്നാണ് ഫാമിലി കോണ്‍ഫറന്‍സ്. തികഞ്ഞ അച്ചടക്ക ബോധത്തില്‍ അധിഷ്ഠിതമായി എല്ലാവര്‍ഷവും നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫറന്‍സ് ഭദ്രാസന ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ നേട്ടങ്ങള്‍ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. വേദശാസ്ത്ര പണ്ഡിതരുടെയും സഭാ വൈജ്ഞാനികരുടെയും സാന്നിധ്യം എല്ലാവര്‍ഷവും നടക്കുന്ന കോണ്‍ഫറന്‍സിലെ പ്രത്യേകതയാണ്. ഏതു പ്രായക്കാര്‍ക്കും അനുയോജ്യമായ രീതിയിലാണ് കോണ്‍ഫറന്‍സിലെ പരിപാടികള്‍ ക്രമീകരിക്കുന്നത്. ഭദ്രാസന മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഭദ്രാസന കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തിലാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. അതായത് രംഗങ്ങളില്‍ പ്രാവീണ്യമുള്ളവരും സേവന തത്പരരുമായ സഭാംഗങ്ങളാണ് കമ്മിറ്റികളില്‍ സേവനമനുഷ്ഠിച്ചു വരുന്നത്.

 

Fr. Dr. Varghese

കോണ്‍ഫറന്‍സ് കോര്‍ഡിനേറ്ററായി നിയമിതനായ ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ രാജ്യാന്തര തലത്തില്‍ നിരവധി ലേഖനങ്ങളുടെ രചയിതാവാണ്. റിലീജിയന്‍ ആന്‍ഡ് ബയോ എത്തിക്സ്- എ ഹോളിസ്റ്റിക്സ് അപ്രോച്ച് എന്ന ഗ്രന്ഥത്തിന്‍റെ പണിപ്പുരയിലാണ് അദ്ദേഹം. ഇറാസ്മസ് മുന്‍ഡൂസ് യൂറോപ്യന്‍ ഫെലോഷിപ്പ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ ഫാ. ഡാനിയല്‍ ഓസ്ട്രേലിയയില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. ഒട്ടനവധി രാജ്യാന്തര കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. യൂട്ടായില്‍ നടന്ന പാര്‍ലമെന്‍റ് ഓഫ് ദി വേള്‍ഡ് റിലീജിയനില്‍ ലോകസമാധാനത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ച് സവിശേഷ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോള്‍ സെന്‍റ് വ്ളാഡിമിര്‍ സെമിനാരിയിലെ പ്രൊഫസറായും ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളി വികാരിയായും പ്രവര്‍ത്തിക്കുന്നു. ഭദ്രാസന വൈദികസംഘം സെക്രട്ടറിയുമാണ്. കണ്‍സള്‍ട്ടന്‍റ് ബയോ എത്തിസിസ്റ്റായി റിസര്‍ച്ച് നടത്തുകയും ഈ രംഗത്തുള്ളവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മെഡിക്കല്‍ ഫിസിക്സ് ശാസ്ത്രജ്ഞയായ ഡോ. സ്മിത വര്‍ഗീസാണ് സഹധര്‍മ്മിണി. മക്കള്‍: ആദര്‍ശ്, ഏയ്ഞ്ചല.

 

 

George Thumpayil

ജനറല്‍ സെക്രട്ടറിയായി നിയമിതനായ ജോര്‍ജ് തുമ്പയില്‍ അവാര്‍ഡ് ജേതാവായ മാധ്യമപ്രവര്‍ത്തകനാണ്. 2004 മുതല്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്‍റെ മീഡിയ കോര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ചു വരുന്നു. നിലവില്‍ ഭദ്രാസന മീഡിയ കണ്‍സള്‍ട്ടന്‍റ് കൂടിയായ ജോര്‍ജ് തുമ്പയില്‍ ഭദ്രാസന അസംബ്ലി ഇലക്ഷന്‍ കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ടേം ഭദ്രാസന അസംബ്ലി അംഗവുമായിരുന്നു. ഡോവര്‍ സെന്‍റ് തോമസ് ഇടവകയില്‍ നാലു തവണ സെക്രട്ടറിയായും രണ്ടു തവണ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചു. ഇടവകയിലെ മറ്റ് ആത്മീയ പ്രസ്ഥാനങ്ങളിലും സജീവം. ഇപ്പോള്‍ മാനേജിങ് കമ്മിറ്റിയംഗം. ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്‍ററിലെ റെസ്പിറ്റോറി കെയര്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ അസിസന്‍റ് ഡയറക്ടര്‍. ഇന്ദിര തുമ്പയിലാണ് ഭാര്യ. മക്കള്‍: ബ്രയന്‍, ഷെറിന്‍. മരുമകന്‍: ജയ്സണ്‍.

 

Jeemon Varghese

ട്രഷറര്‍ ജീമോന്‍ വറുഗീസിന് ഇത് രണ്ടാമൂഴമാണ്. ഇപ്പോള്‍ വിജയകരമായി സമാപിച്ച ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ കോര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസിനോടും ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസിനോടുമൊപ്പം പ്രവര്‍ത്തിച്ച അനുഭവജ്ഞാനവുമായാണ് ജീമോന്‍റെ തുടര്‍ച്ചയായ വരവ്. സഫേണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക അംഗമായ ജീമോന്‍ വര്‍ഗീസ് ഇടവകയിലെ വിവിധങ്ങളായ പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭദ്രാസന തല പ്രവര്‍ത്തനങ്ങളിലും മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. റോക്ക്ലാന്‍ഡ് കൗണ്ടിയിലെ ജോയിന്‍റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ സെക്രട്ടറിയാണ് ഇപ്പോള്‍. ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ കൗണ്ടി തല പ്രവര്‍ത്തനങ്ങളിലും സജീവം. റിഡ്ജ്വുഡിലുള്ള വാലി ഹോസ്പിറ്റലിലെ ഇന്‍ഫക്ഷന്‍ ഡിസീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ക്ലിനിക്കല്‍ ഫാര്‍മസി സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നു. എലിസബത്ത് വര്‍ഗീസാണ് ഭാര്യ. മേഘ വര്‍ഗീസ്, സ്നേഹ വര്‍ഗീസ് എന്നിവര്‍ മക്കള്‍. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കി രജിസ്ട്രേഷന്‍ ഉറപ്പാക്കുകയാണ് ആദ്യ നടപടിയെന്ന് കോര്‍ഡിനേറ്റര്‍ വര്‍ഗീസ് ഡാനിയല്‍ അച്ചന്‍ പറഞ്ഞു. ഇപ്പോള്‍ 50 ഡോളര്‍ കൊടുത്ത് പ്രീ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് ശതമാനം ഇളവ് ലഭിക്കുന്നതാണെന്നും ഇതിനോടകം ഇത്തരത്തിലുള്ള 80 രജിസ്ട്രേഷനുകള്‍ കിട്ടിയുണ്ടെന്നും ട്രഷറാര്‍ ജീമോന്‍ വര്‍ഗീസ് അറിയിച്ചു. കോണ്‍ഫറന്‍സ് മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Fr. Dr. Varghese. M. Daniel – (203) 508-2690 frmdv@yahoo.com

Jeemon Varghese – (201) 563-5530 jeemsv@gmail.com

George Thumpayil _(973) 943-6164 thumpayil@aol.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.